വി.ഡി സതീശൻ
തിരുവനന്തപുരം: ചാനൽ ചർച്ചക്കിടെ ബി.ജെ.പി നേതാവ് പ്രിന്റു മഹാദേവ് വധഭീഷണി ഉയർത്തിയ സംഭവത്തിൽ ചർച്ച അനുവദിക്കാതിരുന്നത് ബി.ജെ.പി-സി.പി.എം ബാന്ധവം മൂലമാണെന്ന് പ്രതിപക്ഷനേതാവ് വി.ഡി സതീശൻ. വിഷയത്തിൽ പ്രതിപക്ഷം അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകിയിരുന്നുവെങ്കിലും ഇത് അനുവദിച്ചിരുന്നില്ല. ഇൗ വിഷയത്തിന് എന്ത് പ്രാധാന്യമെന്നായിരുന്നു അടിയന്തരപ്രമേയത്തോടുള്ള സ്പീക്കറുടെ ചോദ്യം. പ്രതിപക്ഷം ഈ വിഷയത്തിൽ എന്ത് പ്രതിഷേധം നടത്തിയെന്ന് മന്ത്രി പി.രാജീവും ചോദിച്ചിരുന്നു.
ഇതാണ് പ്രതിപക്ഷത്തെ പ്രകോപിച്ചത്. നിയമസഭയുടെ നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ച അവർ സ്പീക്കറുടെ ഡയസിലേക്ക് കയറാനും ശ്രമിച്ചു. ബഹളം ശക്തമായി നടപടികൾ നടത്താൻ കഴിയാത്ത സാഹചര്യമുണ്ടായതോടെ നിയമസഭ ഇന്നത്തേക്ക് പിരിഞ്ഞു. ഇന്നലെ വിലക്കയറ്റം വിഷയത്തിൽ അടിയന്തര പ്രമേയത്തിന് സർക്കാർ അനുമതി നൽകിയിരുന്നു.
തൃശൂര്‍: ചാനൽ ചർച്ചക്കിടെ ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്കെതിരെ വധഭീഷണി മുഴക്കിയ ബി.ജെ.പി നേതാവ് പ്രിന്റു മഹാദേവിനെതിരെ പെരാമംഗലം പൊലീസ് കേസെടുത്തു. കെ.എസ്.യു ജില്ല പ്രസിഡന്റ് ഗോകുൽ ഗുരുവായൂർ നൽകിയ പരാതിയിലാണ് പൊലീസ് നടപടി.
കൊലവിളി പ്രസംഗം, കലാപാഹ്വാനം, സമൂഹത്തിൽ വിദ്വേഷം പ്രചരിപ്പിക്കൽ എന്നീ വകുപ്പുകൾ ചുമത്തിയാണ് പ്രിന്റു മഹാദേവിനെതിരെ കേസെടുത്തത്. എ.ബി.വി.പി മുന്‍ സംസ്ഥാന അധ്യക്ഷനും ബി.ജെ.പി ടീച്ചേഴ്‌സ് സെല്‍ സ്റ്റേറ്റ് കോ. കണ്‍വീനറുമാണ് പ്രിന്റു.
‘ബംഗ്ലാദേശിലെ ജനകീയ പ്രക്ഷോഭങ്ങളെ പോലെ ഇവിടെ ജനങ്ങൾ കൂടെയുണ്ടായിരുന്നില്ല. ഇന്ത്യാ മഹാരാജ്യത്ത് നരേന്ദ്ര മോദി സർക്കാറിന്‍റെ കൂടെ ജനങ്ങൾ ഒപ്പമുണ്ട്. അതുകൊണ്ട് അങ്ങിനെയൊരു മോഹവുമായി രാഹുൽ ഗാന്ധി ഇറങ്ങിത്തിരിച്ചാൽ നെഞ്ചത്ത് വെടിയുണ്ട വീഴും... ഒരു സംശയവും വേണ്ട...’ -എന്നായിരുന്നു ചാനൽ ചർച്ചക്കിടെ പ്രിന്‍റു മഹാദേവിന്‍റെ പരാമർശം.
ചര്‍ച്ചയില്‍ പങ്കെടുത്തിരുന്ന കോണ്‍ഗ്രസ് നേതാവ് റോണി കെ. ബേബി പ്രിന്റുവിനെതിരെ അപ്പോള്‍ തന്നെ വിമര്‍ശനം ഉന്നയിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.