1. അഡ്വ. രൺജിത് ശ്രീനിവാസൻ വധക്കേസിൽ മാവേലിക്കര അഡീഷനൽ സെഷൻസ് കോടതി വിധിക്കു ശേഷം പ്രതികളെ സബ് ജയിലിലേക്ക് കൊണ്ടുപോകുന്നു 2. കൊല്ലപ്പെട്ട ര​ൺ​ജി​ത്​ ശ്രീ​നി​വാ​സ​ൻ

രൺജിത് ശ്രീനിവാസൻ വധം: 15 പ്രതികൾക്കും വധശിക്ഷ

ആലപ്പുഴ: നാടിനെ നടുക്കിയ ആലപ്പുഴയിലെ ഇരട്ട രാഷ്ട്രീയ കൊലപാതകങ്ങളിലൊന്നായ രൺജിത് ശ്രീനിവാസൻ വധക്കേസിൽ 15 പ്രതികൾക്കും വധശിക്ഷ. സംസ്ഥാന ചരിത്രത്തിൽ ആദ്യമായാണ് ഒരു കേസിൽ ഇത്രയധികം പേർക്ക് വധശിക്ഷ വിധിക്കുന്നത്. പ്രതികൾ ഒരുവിധത്തിലുള്ള ദയയും അർഹിക്കുന്നില്ലെന്ന് അസാധാരണ വിധി പ്രസ്താവിച്ച് മാവേലിക്കര അഡീഷനൽ സെഷൻസ് കോടതി ജഡ്ജി വി.ജി. ശ്രീദേവി പറഞ്ഞു. വധശിക്ഷക്കുപുറമെ പ്രതികൾക്ക് ജീവപര്യന്തം തടവും വിധിച്ചിട്ടുണ്ട്.

പോപുലർ ഫ്രണ്ട്, എസ്.ഡി.പി.ഐ പ്രവർത്തകരാണ് പ്രതികൾ. ആശുപത്രിയിലായതിനാൽ 10ാം പ്രതിയെ കോടതിയിൽ ഹാജരാക്കിയില്ല. അതിനാൽ ശിക്ഷാവിധി പ്രഖ്യാപിച്ചില്ല. ഇയാൾക്കെതിരെയും സമാന കുറ്റങ്ങളാണ് തെളിഞ്ഞിട്ടുള്ളത് എന്നതിനാൽ വധശിക്ഷയാവും ലഭിക്കുകയെന്ന് പ്രോസിക്യൂട്ടർ പറഞ്ഞു. അപൂർവങ്ങളിൽ അപൂർവമായ കൊലപാതകമെന്ന് നിരീക്ഷിച്ചാണ് 15 പ്രതികൾക്കും പരമാവധി ശിക്ഷ വിധിച്ചത്. 15 പേരും കുറ്റക്കാരാണെന്നും കൊലപാതകത്തിലും ഗൂഢാലോചനയിലും ഒരുപോലെ പങ്കുള്ളവരാണെന്നും ഈ മാസം 20ന് ജഡ്ജി വി.ജെ. ശ്രീദേവി വിധിച്ചിരുന്നു.

ബി.ജെ.പി നേതാവും ഒ.ബി.സി മോർച്ച സംസ്ഥാന സെക്രട്ടറിയുമായിരുന്ന അഡ്വ. രൺജിത് ശ്രീനിവാസനെ 2021 ഡിസംബർ 19ന് പുലർച്ചയാണ് വീട്ടിൽ കയറി മാതാവിന്‍റെയും ഭാര്യയുടെയും മകളുടെയും മുന്നിലിട്ട് വെട്ടിക്കൊലപ്പെടുത്തിയത്. സംഭവത്തിന്‍റെ തലേദിവസം എസ്.ഡി.പി.ഐ സംസ്ഥാന സെക്രട്ടറിയായിരുന്ന അഡ്വ. കെ.എസ്. ഷാനിനെ മണ്ണഞ്ചേരിയിൽ റോഡിലിട്ട് വെട്ടിക്കൊലപ്പെടുത്തിയിരുന്നു. ഇതിന്‍റെ പ്രതികാരമായാണ് രൺജിത്തിനെ കൊലപ്പെടുത്തിയതെന്നാണ് കേസ്. ഈ കേസിൽ ഇതുവരെ വിചാരണ തുടങ്ങിയിട്ടില്ല.

ഒന്നുമുതല്‍ എട്ടുവരെ പ്രതികള്‍ മാത്രമാണ് കൃത്യത്തില്‍ നേരിട്ട് പങ്കാളികളാണെന്ന് കണ്ടെത്തിയത്. ഒമ്പതുമുതൽ 12 വരെ പ്രതികൾ മാരകായുധങ്ങളുമായി വീടിനുമുന്നില്‍ കാവൽ നിന്നവരാണ്. ഗൂഢാലോചനയാണ് 13 മുതൽ 15 വരെ പ്രതികൾക്കെതിരായ ആരോപണം. എന്നാൽ, കൊലപാതകം, ഗൂഢാലോചന, കൊലപ്പെടുത്തണമെന്ന ഉദ്ദേശ്യത്തോടെ വീട്ടുവളപ്പിൽ അതിക്രമിച്ചുകയറൽ എന്നീ കുറ്റങ്ങൾ ഇവർക്കെല്ലാം ബാധകമാണെന്ന് വിലയിരുത്തിയാണ് എല്ലാ പ്രതികൾക്കും വധശിക്ഷ വിധിച്ചത്.

രാവിലെ 11ന് കോടതി ചേർന്ന് 10 മിനിറ്റിനുള്ളിൽ വിധിപ്രസ്താവം പൂർത്തിയാക്കി. ആലപ്പുഴ ഡിവൈ.എസ്.പി എൻ.ആർ. ജയരാജിന്‍റെ നേതൃത്വത്തിലാണ് ഇരുകേസിലും ഉൾപ്പെട്ട 35 പ്രതികളെയും അറസ്റ്റ് ചെയ്തത്. രൺജിത് വധക്കേസിൽ 90 ദിവസത്തിനുള്ളിൽ 15 പ്രതികളെയും ഉൾപ്പെടുത്തി ആദ്യഘട്ട കുറ്റപത്രം സമർപ്പിച്ചു. വിചാരണ ആലപ്പുഴ ജില്ല സെഷൻസ് കോടതിയിൽനിന്ന് മാറ്റണമെന്ന് ആവശ്യപ്പെട്ട് പ്രതികൾ ഹൈകോടതിയെ സമീപിച്ചതോടെയാണ് മാവേലിക്കര സെഷൻസ് കോടതിയിലേക്ക് മാറ്റിയത്.

കൊലപാതകം, ക്രിമിനൽ ഗൂഢാലോചന, തെളിവ് നശിപ്പിക്കൽ, സാക്ഷികളെ ഭീഷണിപ്പെടുത്തൽ, വീട്ടിൽ അതിക്രമിച്ച് കയറൽ തുടങ്ങി 10 കുറ്റങ്ങളും പ്രതികൾ നടത്തിയതായി സ്പെഷൽ പ്രോസിക്യൂട്ടർ അഡ്വ. പ്രതാപ് ജി. പണിക്കർക്ക് കോടതിയിൽ തെളിയിക്കാനായി.

സംതൃപ്തരെന്ന് രൺജിത്തിന്‍റെ കുടുംബം

ആലപ്പുഴ: രൺജിത് വധക്കേസിലെ പ്രതികൾക്ക് വധശിക്ഷ നൽകിയ കോടതിവിധിയിൽ സംതൃപ്തരെന്ന് അദ്ദേഹത്തിന്‍റെ കുടുംബം. മാവേലിക്കര അഡീഷനൽ സെഷൻസ് കോടതിവിധിക്കുശേഷം മാധ്യമപ്രവർത്തകരോട് സംസാരിച്ച ഭാര്യ ലിഷയും മാതാവ് വിനോദിനിയുമാണ് ഇങ്ങനെ പ്രതികരിച്ചത്.

പ്രതികൾക്ക് പരമാവധി ശിക്ഷ കൊടുത്ത കോടതിവിധിയിൽ സംതൃപ്തരാണ്. 770 ദിവസമായുള്ള കാത്തിരിപ്പിനാണ് അവസാനമായത്. ഞങ്ങൾക്കുണ്ടായ നഷ്ടം വളരെ വലുതാണ്. എങ്കിലും കോടതിവിധിയിൽ ആശ്വാസമുണ്ട്.ഒരു വീട്ടിൽ കയറി ഒരാളും ഇത്ര ക്രൂരത ചെയ്തിട്ടില്ലെന്ന് ലിഷ പറഞ്ഞു. 

വിധി അഭിമാനകരം -പ്രോസിക്യൂട്ടർ

ആലപ്പുഴ: പ്രോസിക്യൂഷന് അഭിമാനകരമായ വിധിയാണ് ഉണ്ടായതെന്ന് രൺജിത്ത് ശ്രീനിവാസൻ വധക്കേസിലെ പ്രോസിക്യൂട്ടർ പ്രതാപ് ജി. പടിക്കൽ പറഞ്ഞു. പ്രോസിക്യൂഷൻ കൊടുത്ത തെളിവുകളെല്ലാം കോടതി സ്വീകരിച്ചു. അപൂർവങ്ങളിൽ അപൂർവമാണ് ഈ കൊലക്കേസ് എന്ന പ്രോസിക്യൂഷന്‍റെ വാദവും കോടതി അംഗീകരിച്ചു. അതിന്‍റെ അടിസ്ഥാനത്തിലാണ് പ്രതികളെ തൂക്കിലേറ്റാൻ വിധിച്ചത്.

ആശുപത്രിയിൽ ചികിത്സയിലായതിനാലാണ് 10ാം പ്രതിക്കുള്ള ശിക്ഷ കോടതി പ്രഖ്യാപിക്കാതിരുന്നത്. സ്വാഭാവികമായും ഇതേ ശിക്ഷതന്നെ അയാൾക്കും ലഭിക്കുമെന്നും പ്രതാപ് ജി. പടിക്കൽ പറഞ്ഞു.

Tags:    
News Summary - Death penalty for all 15 accused in Ranjith Srinivasan murder case

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.