കോവിഡ് രോഗിയുടെ മരണം; കളമശേരി മെഡിക്കല്‍ കോളജിനെതിരെ പൊലീസില്‍ പരാതി

കൊച്ചി: കളമശേരി മെഡിക്കല്‍ കോളജിലെ ചികിത്സാ പിഴവ് കാരണം രോഗി മരിച്ചെന്ന ആരോപണത്തില്‍ പൊലീസില്‍ പരാതി. ആലുവ സ്വദേശി ബൈഹക്കിയുടെ കുടുംബമാണ് പൊലീസില്‍ പരാതി നല്‍കിയത്. ഉന്നത പൊലീസ് ഉദ്യോഗസ്ഥനെ കേസ് ഏല്‍പ്പിക്കണമെന്നാവശ്യപ്പെട്ട് അന്‍വര്‍ സാദത്ത് എം.എല്‍.എ മുഖ്യമന്ത്രിക്കും ആരോഗ്യമന്ത്രിക്കും കത്തയച്ചു. മരിച്ച ജമീലയുടെ കുടുംബവും ഇന്ന് പൊലീസില്‍ പരാതി നല്‍കും. അതേസമയം, തനിക്കെതിരെ സൈബര്‍ ആക്രമണം നടക്കുന്നുവെന്ന ഡോ. നജ്മയുടെ പരാതിയിലും പൊലീസ് നടപടി ആരംഭിച്ചു.

ജൂലൈ 24 നാണ് ആലുവ എടത്തല സ്വദേശി ബൈഹക്കി മരിച്ചത്. ബൈഹക്കിയുടെ മരണം ചികിത്സാ പിഴവ് മൂലമാണെന്ന് ആരോപിച്ചാണ് കുടുംബം പൊലീസില്‍ പരാതി നല്‍കിയിരിക്കുന്നത്. മരിക്കുന്നതിന് മുമ്പ് ബൈഹക്കി ബന്ധുക്കള്‍ക്ക് അയച്ച വാട്ട്സാപ്പ് സന്ദേശത്തില്‍ പറയുന്ന കാര്യങ്ങൾ കൂടി ഉള്‍പ്പെടുത്തി സമഗ്ര അന്വേഷണം നടത്തണമെന്നാണ് കുടുംബത്തിന്‍റെ ആവശ്യം. ചികിത്സക്കായി ആശുപത്രി അധികൃതര്‍ പണം ആവശ്യപ്പെട്ടു എന്ന് സൂചിപ്പിക്കുന്നത് കൂടിയായിരുന്നു ബൈഹക്കിയുടെ ശബ്ദസന്ദേശം. ബൈഹക്കിയെ വെന്‍റിലേറ്ററിലേക്ക് മാറ്റാന്‍ ആവശ്യപ്പെട്ടുവെന്നും കുടുംബം ആരോപിച്ചിരുന്നു.

ഇക്കാര്യങ്ങളെല്ലാം ഉന്നത പൊലീസ് ഉദ്യോഗസ്ഥരെക്കൊണ്ട് അന്വേഷിപ്പിക്കണമെന്നാവശ്യപ്പെട്ട് ആലുവ എം.എല്‍.എ അന്‍വര്‍ സാദത്ത് മുഖ്യമന്ത്രിക്കും ആരോഗ്യമന്ത്രിക്കും പരാതി കത്തെഴുതിയിട്ടുണ്ട്. അതേസമയം, മരിച്ച ജമീലയുടെ കുടുംബവും ഇന്ന് പൊലീസില്‍ പരാതി നല്‍കും. ഐ.സി.യുവിലെ പരിചരണത്തില്‍ പിഴവുള്ളതായി മാതാവ് സൂചിപ്പിച്ചിരുന്നുവെന്ന് മകള്‍ ഖയറുന്നിസ കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയിരുന്നു.

മറ്റൊരു ആശുപത്രിയിലേക്ക് മാറാനിരിക്കെയാണ് മരണം സംഭവിച്ചത്. ഇക്കാര്യങ്ങളും ഡോ. നജ്മയുടെ വെളിപ്പെടുത്തലിലെ കാര്യങ്ങളുമെല്ലാമാണ് ഇരുകുടുംബങ്ങളും പരാതിയില്‍ ഉന്നയിച്ചിരിക്കുന്നത്. മെഡിക്കല്‍ കോളജിലെ ചികിത്സാപിഴവ് ചൂണ്ടിക്കാണിച്ചതിന് ഡോ. നജ്മ സലീമിനെതിരായ സൈബര്‍ ആക്രമണത്തെക്കുറിച്ചുളള അന്വേഷണവും പൊലീസ് ആരംഭിച്ചിട്ടുണ്ട്.

Tags:    
News Summary - death of covid patient complaint against kalamassery medical college

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.