സി.പി.എമ്മിനെ വെട്ടിലാക്കി ശബ്ദരേഖ; എ.സി. മൊയ്തീനും എം.കെ. കണ്ണനും വൻകിട ഡീലർമാരെന്ന് ഡി.വൈ.എഫ്.ഐ ജില്ല സെക്രട്ടറി

തൃശൂർ: ജില്ലയിലെ സി.പി.എമ്മിനെ പിടിച്ചുകുലുക്കി ഡീലർ വിവാദം. മുതിർന്ന നേതാക്കളിൽ പലരും വൻകിട ഡീലർമാരാണെന്നും കോടികൾ ഉണ്ടാക്കിയെന്നുമുള്ള ഡി.വൈ.എഫ്.ഐ ജില്ല സെക്രട്ടറി ശരത്പ്രസാദിന്‍റെ ശബ്ദ സന്ദേശമാണ് പുറത്തുവന്നത്. മുൻ മന്ത്രിയും കുന്നംകുളം എം.എൽ.എയുമായ എ.സി. മൊയ്തീൻ, മുതിർന്ന നേതാവ് എം.കെ. കണ്ണൻ, തൃശൂർ കോർപറേഷൻ കൗൺസിലർമാരായ അനൂപ് ഡേവിസ് കാട, വർഗീസ് കണ്ടൻകുളത്തി എന്നിവരുടെ പേരെടുത്ത് പറഞ്ഞാണ് ഡി.വൈ.എഫ്.ഐ ജില്ല സെക്രട്ടറിയുടെ വിമർശനം.

പാർട്ടിയിൽ പദവി ലഭിക്കുന്തോറും പിരിവിന്‍റെയും സാമ്പത്തിക നേട്ടത്തിന്‍റെയും തോതും വർധിക്കുമെന്നും ശബ്ദ സന്ദേശത്തിൽ പറയുന്നു. അഞ്ച് വർഷം മുമ്പ് റെക്കോഡ് ചെയ്യപ്പെട്ട സന്ദേശം വെള്ളിയാഴ്ചയാണ് പുറത്തുവന്നത്. കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസ് ഏറ്റവും സജീവമായി ചർച്ച ചെയ്യപ്പെട്ട സമയത്താണ് സന്ദേശം റെക്കോഡ് ചെയ്യപ്പെട്ടത്. ‘ഒരു സമയം കഴിഞ്ഞാൽ സി.പി.എം നേതാക്കൾ സാമ്പത്തികമായി ലെവൽ മാറും. ഏരിയാ സെക്രട്ടറിക്ക് പരമാവധി 10,000 രൂപവരെയാണ് മാസം പിരിവ് കിട്ടുന്നതെങ്കിൽ ജില്ല ഭാരവാഹിയാകുമ്പോൾ 25,000ന് മുകളിലാകും. പാർട്ടി കമ്മിറ്റിയിൽ വന്നാൽ 75,000 മുതൽ ഒരു ലക്ഷം രൂപ വരെയാകും പിരിവ്’ -ശരത്പ്രസാദിന്‍റെ ശബ്ദ സന്ദേശത്തിൽ പറയുന്നു.

‘ഇന്‍ററാക്ട് ചെയ്യുന്ന സാമ്പത്തിക നിലവാരത്തിന് അനുസരിച്ചാണ് പിന്നീടുള്ള നമ്മുടെ ജീവിതം. സി.പി.എം നേതാക്കൾ അവരവരുടെ ജീവിതം നോക്കാൻ മിടുക്കരാണ്. എം.കെ. കണ്ണന് കോടാനുകോടി സ്വത്തുണ്ട്. കപ്പലണ്ടി കച്ചവടമായിരുന്നു. രാഷ്ട്രീയം കൊണ്ട് രക്ഷപ്പെട്ടതാണ്. വർഗീസ് കണ്ടൻകുളത്തി നിസാര ഡീലിങ് ആണോ നടത്തുന്നത്. എ.സി. മൊയ്തീൻ, അനൂപ് കാട എന്നിവരൊക്കെ വലിയ ഡീലിങ് ആണ് നടത്തുന്നത്. അപ്പർ ക്ലാസിന്‍റെ ഇടയിൽ ഡീലിങ് നടത്തുന്ന ആളാണ് എ.സി മൊയ്തീൻ’ -ശബ്ദസന്ദേശത്തിൽ പറയുന്നു.

അതേസമയം, ഇപ്പോൾ പ്രതികരിക്കാനില്ലെന്നും ശബ്ദ സന്ദേശം തന്‍റേത് തന്നെയാണെന്ന് ഉറപ്പില്ലെന്നും ശരത് ചന്ദ്രൻ ‘മാധ്യമ’ത്തോട് പറഞ്ഞു. നേരത്തേ തന്‍റെ തന്നെ ശബ്ദ സന്ദേശമാണ് പ്രചരിക്കുന്നതെന്ന് സമ്മതിച്ച ശരത് മണിക്കൂറുകൾക്കകം വാക്ക് മാറുകയായിരുന്നു.

Tags:    
News Summary - Dealer controversy in CPM; Allegations by DYFI district president

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.