ചോരക്കുഞ്ഞിനെ കൊന്ന് ഫ്ലാറ്റിൽ നിന്ന് വലിച്ചെറിഞ്ഞു; അമ്മ അറസ്റ്റിൽ

കൊച്ചി: ചോരക്കുഞ്ഞിനെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തി ഫ്ലാറ്റിന്റെ അഞ്ചാം നിലയിൽ നിന്ന് നിന്ന് വലിച്ചെറിഞ്ഞ അമ്മ അറസ്റ്റിൽ. പനമ്പിള്ളി നഗറിനുസമീപം വിദ്യാനഗറിലാണ് ജനിച്ച് മൂന്നു മണിക്കൂർ പിന്നിടും മുമ്പേ ആൺകുഞ്ഞിനെ യുവതി കൊലപ്പെടുത്തി റോഡിലേക്കെറിഞ്ഞത്. വായും മൂക്കും പൊത്തിപിടിച്ച് ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നെന്നാണ് പോസ്റ്റ്മോർട്ടത്തിലെ പ്രാഥമിക നിഗമനം. കുഞ്ഞിന്‍റെ അമ്മയായ 23കാരിയെയും ഇവരുടെ മാതാപിതാക്കളെയും സംഭവത്തിനുപിന്നാലെ, എറണാകുളം സൗത്ത് പൊലീസ് കസ്റ്റഡിയിലെടുത്തു.

കുറ്റസമ്മതം നടത്തിയ യുവതിയുടെ അറസ്റ്റ് രേഖപ്പെടുത്തി. ഇവർക്കെതിരെ കൊലപാതകക്കുറ്റം, മൃതദേഹത്തോട് അനാദരവ് തുടങ്ങിയ വകുപ്പുകൾ ചുമത്തി. വിദ്യാനഗറിലെ അപ്പാർട്ട്മെൻറിൽ വെള്ളിയാഴ്ച രാവിലെ എട്ടിനുശേഷമാണ് സംഭവം. പുലർച്ച അഞ്ചിന് ഫ്ലാറ്റിലെ ബാത്ത്റൂമിൽ പ്രസവിച്ച കുഞ്ഞിനെ 8.17ന് കൊറിയർ കവറിൽ പൊതിഞ്ഞ് മുന്നിലെ റോഡിലേക്കെറിയുകയായിരുന്നു.

ഇതുവഴി കടന്നുപോയ ടാക്സി ഡ്രൈവർ ജിതിൻ കുമാറാണ് മൃതദേഹം ആദ്യം കണ്ടത്. പാവയാണെന്ന് കരുതിയെങ്കിലും പിന്നീട്, വാഹനമൊതുക്കി നോക്കിയപ്പോഴാണ് ചോരക്കുഞ്ഞിന്‍റെ മൃതദേഹമെന്ന് മനസ്സിലായത്. ഉടൻ സമീപത്തെ ഫ്ലാറ്റിലുള്ളവരെയും പൊലീസിനെയും അറിയിക്കുകയായിരുന്നു.

പൊലീസ് നടത്തിയ അന്വേഷണത്തിൽ തൊട്ടടുത്ത ഫ്ലാറ്റിൽനിന്ന് കവറിൽ കെട്ടിയെറിയുന്ന ദൃശ്യം കണ്ടെത്തി. തുടർന്ന്, ഫ്ലാറ്റ് കേന്ദ്രീകരിച്ച് അന്വേഷണം നടത്തുകയായിരുന്നു. ഫ്ലാറ്റിലെ താമസക്കാരെ ചോദ്യം ചെയ്തതിനു പിന്നാലെയാണ് കുഞ്ഞിനെ റോഡിലേക്കെറിഞ്ഞ അമ്മയെയും ഇവരുടെ മാതാപിതാക്കളെയും കണ്ടെത്തിയത്.

വിശദമായി ചോദ്യം ചെയ്തപ്പോൾ താനാണ് എറിഞ്ഞതെന്ന് അവിവാഹിതയായ പെൺകുട്ടി സമ്മതിച്ചു. വീട്ടുകാരറിയാതെയാണ് കൃത്യം നടത്തിയതെന്ന് പെൺകുട്ടിയും തങ്ങൾക്കിതിൽ പങ്കില്ലെന്ന് മാതാപിതാക്കളും പൊലീസിനോട് പറഞ്ഞു. തുടർന്ന്, മൂവരെയും കസ്റ്റഡിയിലെടുക്കുകയും പെൺകുട്ടിയെ ചികിത്സക്കായി എറണാകുളം ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു. പിന്നീടാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. മൃതദേഹം കളമശ്ശേരി മെഡിക്കൽ കോളജിൽ പോസ്റ്റ്മോർട്ടം നടത്തി.

Tags:    
News Summary - Dead body of newborn baby on road in Kochi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.