കോട്ടയം: ജലന്ധർ ബിഷപ്പിനെതിരായ കന്യാസ്ത്രീകളുടെ സമരത്തെ പിന്തുണച്ച് സാമൂഹിക പ്രവർത്തക ദയാബാ‍യി. കന്യാസ്ത്രീ മഠത്തിലെ ജീവിതകാലത്ത് മോശമായ അനുഭവങ്ങൾ നേരിടേണ്ടി വന്നെങ്കിലും അന്ന് തുറന്നുപറയാനുള്ള ധൈര്യമുണ്ടായിരുന്നില്ല. ഇപ്പോൾ കന്യാസ്ത്രീകളിൽ ചിലർ പ്രതിഷേധിക്കാൻ സന്നദ്ധമായതിൽ സന്തോഷമുണ്ടെന്നും അവർ പറഞ്ഞു.

‘‘ബിഷപ് ഫ്രാങ്കോ മുളയ്ക്കലി​​​െൻറ കേസിൽ സഭയിൽനിന്ന് ഒന്നും പ്രതീക്ഷിക്കാനില്ല. 13 തവണ പീഡിപ്പിക്കപ്പെട്ടപ്പോൾ, കന്യാസ്ത്രീ എന്തുകൊണ്ട്​ പറഞ്ഞില്ലെന്ന ചോദ്യം ഉന്നയിക്കുന്നവരുണ്ട്. എന്നാൽ, അത്തരമൊരു സാഹചര്യത്തിൽ ആരോടും അങ്ങനെ പറയാൻ കഴിയില്ലെന്നാണ് എനിക്ക് തോന്നുന്നത്. എ​​​െൻറ അനുഭവം നോക്കിയാൽ അതിനു സാധിക്കില്ലെന്നുതന്നെ പറയാനാവും. അടുപ്പമുള്ള ആരോടെങ്കിലും പറയാൻ കഴിയുമായിരിക്കും. തന്നോട് അടുപ്പമുള്ള കന്യാസ്ത്രീകളിൽ ചിലർ ഇതു പറഞ്ഞിട്ടുണ്ട്. കുമ്പസാരക്കൂട്ടിൽപോലും ഇത്തരം അനുഭവങ്ങൾ വെളിപ്പെടുത്താൻ സാധിക്കില്ല.

മഠത്തിലെ ജീവിതകാലത്ത് വളരെയധികം ബഹുമാനിച്ച വ്യക്തിയിൽനിന്നാണ് മോശം അനുഭവമുണ്ടായത്. തനിച്ചായ സാഹചര്യത്തിൽ വൈദികനായ ഒരാൾ കടന്നുപിടിക്കുകയായിരുന്നു. കുതറി രക്ഷപ്പെടുകയായിരുന്നു. തുടർന്നുള്ള അവസ്ഥ ഏറെ പരിതാപകരമായിരുന്നു. പ്രായത്തിൽ മുതിർന്ന അദ്ദേഹത്തിൽനിന്ന് ഒരിക്കലും പ്രതീക്ഷിക്കാത്ത പെരുമാറ്റമാണ്​ ഉണ്ടായത്. മഠത്തിൽ ആരോടും ഒന്നും പറയാൻ കഴിയില്ലായിരുന്നു. ഭയന്ന ത​​​െൻറ മാനസികാവസ്ഥ വാക്കുകളിൽ വിവരിക്കാൻ സാധിക്കില്ല. ഇത്തരമൊരു സംഭവം തുടർന്നും ഉണ്ടാകുമോയെന്നായിരുന്നു പേടി. അതുണ്ടാകാതിരിക്കാൻ ശരീരത്തിൽ സ്വയം പൊള്ളലേൽപിക്കുകയെന്ന മാർഗം മാത്രമാണ് മുന്നിലുണ്ടായിരുന്നത്. ഇതിനായി മെഴുകുതിരി ഉപയോഗിച്ച് ശരീരഭാഗങ്ങളിൽ പൊള്ളലേൽപിക്കുമായിരുന്നു. മുറിവുകള്‍ വ്രണമാകുമ്പോഴെങ്കിലും തന്നെ വെറുതെ വിടുമല്ലോ എന്നു കരുതി. പിന്നീട് അദ്ദേഹം വിളിപ്പിച്ചാൽ ഒരിക്കൽപോലും അങ്ങോട്ടേക്ക് പോകില്ലായിരുന്നു. നിർബന്ധങ്ങൾ പ്രതിരോധിച്ചപ്പോൾ ചില കന്യാസ്ത്രീകൾ ഉൾപ്പെടെ മാനസികമായി പീഡിപ്പിച്ചു. എനിക്കെതിരെയുണ്ടായ അനുഭവംപോലും വർഷങ്ങൾക്കുശേഷം രചിച്ച പുസ്തകത്തിലൂടെയാണ് പുറത്തുപറയാൻ സാധിച്ചത്. അപ്പോഴും ആളുകൾ ചോദിച്ചത് എന്തിനാണ് ഇതൊക്കെ എഴുതിയതെന്നാണ്. ഈ സംസ്കാരത്തിലാണ് സ്ത്രീ സമൂഹം ജീവിക്കുന്നത്​’’-ദയാബായി പറയുന്നു.

ബിഹാറിലെ ഹസാരിബാഗ് മഠത്തിൽ ചേർന്ന ദയാബായി 1965ൽ അതുപേക്ഷിച്ച് ബിഹാറിലെ ഗോത്രവർഗമേഖലയിൽ ജീവിച്ച് അവരുടെ അവകാശങ്ങൾക്കായി പ്രവർത്തിച്ച് നിരവധി ദേശീയ അന്തർദേശീയ പുരസ്കാരങ്ങൾക്ക് അർഹയായി.

Tags:    
News Summary - Dayabai on Mut-Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.