കൊച്ചി: ഓപറേഷൻ സിന്ദൂരിന്‍റെ ഭാഗമായി ഇന്ത്യ നടത്തിയ തിരിച്ചടിയിൽ അഭിമാനിക്കുന്നുവെന്ന് പഹൽഗാം ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട രാമചന്ദ്രന്‍റെ മകൾ ആരതി. തിരിച്ചടിക്കുമെന്ന പ്രധാനമന്ത്രിയുടെ വാക്കുകളിൽ വിശ്വാസമുണ്ടായിരുന്നു. അതിന് വേണ്ടിയുള്ള കാത്തിരിപ്പായിരുന്നുവെന്നും ആരതി മാധ്യമങ്ങളോട് പറഞ്ഞു.
'ഞങ്ങൾക്ക് സംഭവിച്ച നഷ്ടം ആർക്കും ഒരിക്കലും നികത്താൻ സാധിക്കില്ല. രാവിലെ എഴുന്നേല്‍ക്കുന്ന സമയത്താണ് ഈ വാര്‍ത്ത കേട്ടത്. ഈ വാര്‍ത്തയാണ് പ്രതീക്ഷിച്ചിരുന്നത്. ഇന്ത്യക്കും സാധാരണക്കാര്‍ക്കുമെതിരെ വരുന്ന ഭീകരര്‍ക്ക് ഇത്തരത്തില്‍ തന്നെ തിരിച്ചടി നല്‍കണ'മെന്നും ആരതി വ്യക്തമാക്കി.
'ഇന്ത്യക്കാരിയായതില്‍ അഭിമാനിക്കുന്നു. ഇതാണ് ഇന്ത്യ, ഇതാണ് ഞങ്ങളുടെ മറുപടി. എന്‍റെ അമ്മ അടക്കമുള്ള സ്ത്രീകളുടെ സിന്ദൂരമാണ് പഹല്‍ഗാമിലെ ഭീകരാക്രമണത്തിലൂടെ മാഞ്ഞത്. അതിന് മറുപടി നല്‍കുന്ന സമയത്ത് 'ഓപറേഷന്‍ സിന്ദൂര്‍' എന്ന പേരിനേക്കാള്‍ ഉചിതമായ മറ്റൊന്ന് ഇനി ഉണ്ടാകില്ല' -ആരതി ചൂണ്ടിക്കാട്ടി.
പഹൽഗാം ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട 26 പേരിൽ ഒരാളാണ് എറണാകുളം ഇടപ്പള്ളി സ്വദേശിയായ എൻ. രാമചന്ദ്രന്‍. ഭാര്യക്കും മകൾ ആരതിക്കും കൊച്ചുമക്കൾക്കുമൊപ്പമായിരുന്നു രാമചന്ദ്രൻ ജമ്മു കശ്മീരിലെ പഹൽഗാം സന്ദർശിച്ചപ്പോഴാണ് ഭീകരർ ആക്രമണം നടത്തിയത്.
26 പേർ കൊല്ലപ്പെട്ട പഹൽഗാം ഭീകരാക്രമണത്തിനുള്ള തിരിച്ചടിയായാണ് പാകിസ്താനിലെയും പാക് അധീന കശ്മീരിലെയും ഭീകര കേന്ദ്രങ്ങൾക്ക് നേരെ ഇന്ത്യ ആക്രമണം നടത്തിയത്. 'ഓപറേഷൻ സിന്ദൂർ' എന്ന് പേരിട്ട സൈനിക നടപടിയിൽ നാല് ജെയ്ഷെ, മൂന്ന് ലശ്കർ, രണ്ട് ഹിസ്ബുല്ല കേന്ദ്രങ്ങളാണ് തകർത്തത്.
കോട്ട്ലി, മുറിദ്കെ, ബഹാവൽപൂർ, ചക് അമ്രു, ഭിംബർ, ഗുൽപൂർ, സിയാൽകോട്ട്, മുസാഫറബാദ്, ഭാഗ് എന്നിവിടങ്ങളിലായിരുന്നു ആക്രമണം. ഇന്ത്യയുടെ ആക്രമണത്തിൽ 12 പേർ കൊല്ലപ്പെട്ടു. 55 പേർക്ക് ആക്രമണത്തിൽ പരിക്കേറ്റിട്ടുണ്ട്.
പാക് സൈനിക കേന്ദ്രങ്ങൾ ആക്രമിച്ചിട്ടില്ലെന്ന് കരസേന വ്യക്തമാക്കി. ആക്രമണമുണ്ടായ വിവരം പാക് പ്രധാനമന്ത്രിയും സ്ഥിരീകരിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.