ബി.ജെ.പിയുടെ വിഭജനതന്ത്രത്തിന് കമ്യൂണിസ്റ്റ് നേതാക്കള്‍ കൂട്ടുനില്‍ക്കുന്നത് അപകടകരം; കേരളം തെരഞ്ഞെടുപ്പിൽ മറുപടി നൽകുമെന്നും കെ.സി. വേണുഗോപാൽ

തിരുവനന്തപുരം: സംസ്ഥാനത്തെ ദുരിതത്തിലാക്കിയ മഹാപ്രളയം മനപൂര്‍വം സൃഷ്ടിച്ചതാണെന്നു വെളിപ്പെടുത്തുന്ന മന്ത്രിയുടെ ശബ്ദരേഖയിലെ ഉള്ളടക്കം സംബന്ധിച്ച് യു.ഡി.എഫ് സര്‍ക്കാര്‍ അന്വേഷണം നടത്തുമെന്ന് എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ എം.പി. പ്രളയമുണ്ടാക്കാന്‍ വേണ്ടി അണക്കെട്ടുകള്‍ അടച്ചിട്ടുവെന്നാണ് മന്ത്രിയുടെ ശബ്ദരേഖ. ഇത് കേട്ട് താന്‍ ഞെട്ടിത്തരിച്ച് പോയി. കേരളത്തെ കൃത്രിമ പ്രളയത്തിലേക്ക് വലിച്ചിഴച്ചവര്‍ അതിന് സമാധാനം പറയേണ്ടി വരുമെന്നും വേണുഗോപാല്‍ പറഞ്ഞു.

ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ചെയ്തതുപോലെ ജനങ്ങളെ മതത്തിന്റെ അടിസ്ഥാനത്തില്‍ ഭിന്നിപ്പിച്ച് കേരളത്തിലെ സാമൂഹിക ജീവിതം കലുഷിതമാക്കാന്‍ ബി.ജെ.പി നടത്തുന്ന ശ്രമങ്ങള്‍ക്ക് സി.പി.എം കൂട്ടുനില്‍ക്കുകയാണ്. ബി.ജെ.പി സംസ്ഥാന അധ്യക്ഷനും സി.പി.എം പോളിറ്റ്ബ്യൂറോ അംഗവും കേരളത്തില്‍ നടത്തിയ ഒരേ സ്വഭാവമുള്ള വര്‍ഗീയ പ്രസ്താവന അതിന് തെളിവാണ്. രണ്ട് പ്രസ്താവനയും ഒരേ കേന്ദ്രത്തില്‍ തയാറാക്കിയതാണ്. കേരളത്തില്‍ സി.പി.എമ്മും ബി.ജെ.പിയും തമ്മിലുള്ള ഡീല്‍ ഇതോടെ കൂടുതല്‍ വ്യക്തമായി.

വടക്കേ ഇന്ത്യയില്‍ ബി.ജെ.പി പരീക്ഷിച്ച് വിജയിച്ച വിഭജനതന്ത്രത്തിന് കേരളത്തില്‍ കമ്യൂണിസ്റ്റ് നേതാക്കള്‍ തന്നെ കൂട്ടുനില്‍ക്കുന്നത് അപകടകരമാണ്. കേരളത്തെ മോശമായി ചിത്രീകരിച്ച കേരള സ്റ്റോറി എന്ന സിനിമ കാണാന്‍ കൂട്ടാക്കാതെ തിരസ്‌കരിച്ചവരാണ് കേരള ജനത. കേരളത്തെ വര്‍ഗീയമായി വിഭജിക്കാന്‍ സി.പി.എമ്മും ബി.ജെ.പിയും ചേര്‍ന്നു നടത്തുന്ന നീക്കങ്ങള്‍ക്കു കേരളം ഈ തെരഞ്ഞെടുപ്പില്‍ കൃത്യമായ മറുപടി നല്‍കും. തെരഞ്ഞെടുപ്പ് കഴിഞ്ഞാലും കേരളത്തിലെ ജനങ്ങള്‍ക്ക് സമാധാനത്തോടെയും സാമുദായിക സൗഹാര്‍ദത്തോടെയും ജീവിക്കാനുള്ള അന്തരീക്ഷമുണ്ടാകണമെന്നും കെ.സി അഭ്യര്‍ഥിച്ചു.

കേരളത്തിലെ സി.പി.എം-ബി.ജെ.പി ഡീലിനുള്ള തെളിവുകള്‍ ദിനംപ്രതി പുറത്തു വന്നുകൊണ്ടിരിക്കുന്നു. മുഖ്യമന്ത്രി പിണറായി വിജയന്‍ കേന്ദ്ര മന്ത്രിമാരായ അമിത് ഷായുമായും നിതിന്‍ ഗഡ്കരിയുമായും നിര്‍മല സീതാരാമനുമായും എത്ര തവണയാണ് അടച്ചിട്ട മുറിയില്‍ ഉദ്യോഗസ്ഥരെപ്പോലും ഒഴിവാക്കി ചര്‍ച്ച നടത്തിയത്? ഔദ്യോഗിക കൂടിക്കാഴ്ചയാണെങ്കില്‍ ഉദ്യോഗസ്ഥരെ ഒഴിവാക്കിയത് എന്തിന്? ലാവ്ലിന്‍ കേസ് പോലെ ഇത്രയധികം തവണ മാറ്റിവെച്ചൊരു കേസ് വേറെയുണ്ടോ? മുഖ്യമന്ത്രിയുടെ മകള്‍ ഉള്‍പ്പെട്ട എക്‌സാലോജിക് കേസ് എന്തായി? സ്വന്തം തടി രക്ഷപ്പെടുത്താന്‍ പാര്‍ട്ടിയുടെ താല്‍പര്യങ്ങള്‍ പോലും ബലി കഴിക്കുകയാണ് പിണറായി വിജയനെന്നും വേണുഗോപാൽ കുറ്റപ്പെടുത്തി.

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ തൃശൂര്‍ മണ്ഡലത്തില്‍ ബി.ജെ.പിയും സി.പി.എമ്മും തമ്മിലുണ്ടാക്കിയ ഡീലിന്റെ തുടര്‍ച്ചയാണ് ഇപ്പോള്‍ നിയമസഭാ തെരഞ്ഞെടുപ്പിലും കാണുന്നത്. കേരള ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ അഴിമതി നടത്തിയത് പിണറായി സര്‍ക്കാറാണ്. ഈ അഴിമതികളുടെയെല്ലാം മര്‍മസ്ഥാനവും പ്രഭവകേന്ദ്രവും ഊരാളുങ്കല്‍ സൊസൈറ്റിയാണ്. സര്‍ക്കാറിന്റെ എല്ലാ പ്രധാനപ്പെട്ട കരാറുകളും സൊസൈറ്റിയുടെ പേരില്‍ ടെന്‍ഡറില്ലാതെ ഊരാളുങ്കലിന് നല്‍കി കോടിക്കണക്കിന് രൂപയാണ് സി.പി.എം സമ്പാദിച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് അദാനി എങ്ങനെയാണോ അതു പോലെയാണ് പിണറായി വിജയന് ഊരാളുങ്കല്‍ കമ്പനി. ഊരാളുങ്കലുമായി പിണറായി സര്‍ക്കാര്‍ നടത്തിയ എല്ലാ ഇടപാടുകളും അടുത്ത യു.ഡി.എഫ് സര്‍ക്കാര്‍ അന്വേഷിച്ച്, ഉത്തരാവദികളെക്കൊണ്ട് കൃത്യമായ മറുപടി പറയിച്ചിരിക്കും.

പിണറായി പുറത്തിറക്കിയ കള്ള പ്രോഗ്രസ് കാര്‍ഡിലെ അവകാശവാദങ്ങള്‍ ഒന്നൊന്നായി പൊളിഞ്ഞു. എങ്ങനെയാണ് ഒരു മുഖ്യമന്ത്രിക്ക് ഇത്തരത്തില്‍ കള്ളം പറയാന്‍ കഴിയുന്നത്? അഞ്ചു വര്‍ഷം കൊണ്ട് അഞ്ചു ലക്ഷം വീട് പണിതു കൊടുക്കുമെന്ന് പറഞ്ഞ പിണറായി ഇപ്പോള്‍ 10 വര്‍ഷത്തിനു ശേഷം അഞ്ചു ലക്ഷം വീട് നല്‍കിയെന്ന് വീമ്പ് പറയുകയാണ്. സാമൂഹികസുരക്ഷാ പെന്‍ഷന്‍ 2500 രൂപയാക്കുമെന്ന് പറഞ്ഞ് അധികാരത്തിലെത്തിയ പിണറായിയുടെ ഭരണത്തില്‍ തെരഞ്ഞെടുപ്പിനു തൊട്ടുമുമ്പാണ് പെന്‍ഷന്‍ 2000 രൂപയാക്കിയത്. അതുവരെ 1600 രൂപ മാത്രമായിരുന്നു. 10 കൊല്ലം സമയം കിട്ടിയിട്ടും നടപ്പാക്കാതിരുന്ന കാര്യങ്ങള്‍ക്ക് വേണ്ടി വീണ്ടും അഞ്ചു കൊല്ലം കൂടി ചോദിക്കുന്ന പിണറായിയുടെ വിശ്വാസ്യത കേരള ജനത ചോദ്യം ചെയ്യുമെന്നും വേണുഗോപാൽ വ്യക്തമാക്കി.

Tags:    
News Summary - It is dangerous for communist leaders to join BJP's divisive strategy -KC Venugopal

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.