മരുമകൾക്ക് പങ്കുണ്ട്, ചേച്ചിയെ രക്ഷിക്കാൻ ലിവിയ കള്ളം പറയുന്നു; ഷീല സണ്ണി

കൊച്ചി: ലിവിയ ജോസിന്‍റെ കുറ്റസമ്മത മൊഴി തള്ളി ബ്യൂട്ടി പാര്‍ലര്‍ ഉടമ ഷീലാ സണ്ണി. തന്നെ വ്യാജ ലഹരിക്കേസിൽ കുടുക്കിയതിൽ മരുമകള്‍ക്കും പങ്കുണ്ട്. സ്വന്തം ചേച്ചിയെ രക്ഷിക്കാനാണ് ലിവിയ കള്ളം പറയുന്നതെന്നും ദൈവമാണ് തന്നെ രക്ഷിച്ചതെന്നും ഷീല സണ്ണി പറഞ്ഞു. ലിവിയയെ പറ്റി ആരോടും മോശമായി പറഞ്ഞിട്ടില്ല. ലിവിയയുമായി പ്രശ്നങ്ങളൊന്നും തന്നെ തനിക്ക് ഉണ്ടായിരുന്നില്ല. മരുമകളോട് ലിവിയക്ക് എവിടെ നിന്നാണ് പണം ലഭിക്കുന്നത് എന്ന് ചോദിച്ചിരുന്നു.

തന്നെ വീട്ടിൽ നിന്ന് ഒഴിവാക്കാനുള്ള ശ്രമത്തിന്‍റെ ഭാഗമായിട്ടാണ് ഇത്തരമൊരു കേസിൽ കുടുക്കാൻ ശ്രമിച്ചതെന്നാണ് കരുതുന്നത്. ലിവിയ പറയുന്നത് പോലുള്ള ശബ്ദ സന്ദേശം മകന് അയച്ചിട്ടില്ല. ലിവിയയെ കുറ്റപ്പെടുത്തി ഒരു ഒരേ വീട്ടിൽ താമസിക്കുന്ന മകന് ശബ്ദ സന്ദേശം അയക്കേണ്ട കാര്യമില്ല. നാരായണ ദാസിനെയും നേരത്തെ അറിയില്ലായിരുന്നു. കേസിൽ അറസ്റ്റിലായപ്പോൾ മാധ്യമങ്ങളിലൂടെയാണ് എല്ലാം അറിയുന്നത്.

തന്‍റെ മകനും മരുമകളും എവിടെയാണെന്ന് ഇപ്പോഴും അറിയില്ല. കേസിന് ശേഷം ഒരു വട്ടം മാത്രമാണ് ബന്ധപ്പെട്ടത്. പിമോനും മരുമോളും ചേര്‍ന്നാണ് മൊബൈൽ ഫോണ്‍ തുടങ്ങിയത്. അവര്‍ക്ക് കട തുടങ്ങാൻ വേണ്ടി താൻ സ്വർണം പണയം വെച്ചിരുന്നു.

ഇറ്റലിയിലേക്ക് പോകാനായി വിസ കിട്ടുമ്പോള്‍ സഹായിക്കണമെന്ന് അവരോട് പറഞ്ഞിരുന്നതല്ലാതെ അവരുമായി പണമിടപാട് നടത്തിയിട്ടില്ല. ഇവര്‍ ഇങ്ങനെയൊക്കെ ചെയ്യുമോയെന്ന് ഇപ്പോഴും വിശ്വസിക്കാനാകുന്നില്ല. വലിയ വേദനയാണ് അനുഭവിച്ചത്. കുടുംബം നഷ്ടമായി. ബ്യൂട്ടി പാര്‍ലര്‍ നഷ്ടമായി. മകന്‍റെ കൊച്ചിനെ പോലും കാണാൻ സമ്മതിച്ചില്ലെന്നും ഷീലാ സണ്ണി പറഞ്ഞു.

പരസ്യമായി തന്നെ അപമാനിച്ചതിന് പ്രതികാരം ചെയ്യുകയായിരുന്നുവെന്ന് ഷീല സണ്ണിയെ കുടുക്കിയ വ്യാജ ലഹരിക്കേസിലെ ലിവിയ ജോസിന്‍റെ കുറ്റസമ്മത മൊഴി. സഹോദരിക്ക് കുറ്റകൃത്യത്തില്‍ പങ്കില്ലെന്നും ലിവിയ ജോസ് പൊലീസിന് മൊഴി നല്‍കിയിരുന്നു. താന്‍ ബംഗളൂരുവില്‍ മോശം ജീവിതമാണ് നയിക്കുന്നതെന്ന് ഷീല സണ്ണിയും ഭര്‍ത്താവും പറഞ്ഞു. ഇതിനാലാണ് ഷീലയോട് ദ്വേഷ്യം തോന്നിയത്.

അതിൽ തോന്നിയ പകയാണ് വ്യാജ സ്റ്റാമ്പുകൾ ബാഗിൽ വെച്ച് കള്ളക്കേസിൽ കുടുക്കുന്നതിലേക്ക് നയിച്ചത്. യഥാർഥ ലഹരി തന്നെയാണ് വാങ്ങാൻ ഉദ്ദേശിച്ചിരുന്നത് എങ്കിലും ലഹരി നൽകിയ ആഫ്രിക്കൻ വംശജൻ പറ്റിക്കുകയായിരുന്നു. ലിവിയ നാരായണ ദാസുമായി ചേർന്നാണ് കൃത്യം നടപ്പാക്കിയതെന്നും ലിവിയ പറഞ്ഞു.

Tags:    
News Summary - Daughter-in-law has a role, Livia lies to save her sister; Sheela Sunny

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.