കേരള ഹൈകോടതി
പാലക്കാട്: ഉദ്യോഗസ്ഥരെ സ്വാധീനിച്ചും തെറ്റായ വിവരം നൽകിയും തിരുത്തൽ വരുത്തിയും നിയമവിരുദ്ധമായി ഭൂമി തരംമാറ്റിയവർക്ക് കുരുക്ക് മുറുക്കി ഹൈകോടതി വിധി. ഭൂമിയുടെ അടിസ്ഥാന റവന്യൂ വകുപ്പ് രേഖയായ സെറ്റിൽമെന്റ് രജിസ്റ്ററിലോ അടിസ്ഥാന നികുതി രജിസ്റ്ററിലോ (ബി.ടി.ആർ) പുരയിടമായി രേഖപ്പെടുത്തിയിട്ടുണ്ടെങ്കിൽപോലും ആ ഭൂമി ഡേറ്റാബാങ്കിൽ ഉൾപ്പെടുത്താനാകുമെന്നതാണ് സെപ്റ്റംബർ 17ലെ കേരള ഹൈകോടതി ഡിവിഷൻ ബെഞ്ചിന്റെ നിർണായക വിധി. കൊല്ലം കലക്ടർ നൽകിയ അപ്പീലിനെയും മറ്റും തുടർന്നായിരുന്നു സുപ്രധാന ഉത്തരവ്.
റീസർവേ ബി.ടി.ആറിൽ പുരയിടമായിരുന്നാലും ഭൂമിയുടെ സെറ്റിൽമെന്റ് രജിസ്റ്റർ പകർപ്പുകളും ഉപഗ്രഹചിത്രങ്ങളും മറ്റും ആധാരമാക്കി പരിശോധന നടത്തി, അത്തരം ഭൂമികൾകൂടി ഡേറ്റാബാങ്കിൽ ഉൾക്കൊള്ളിക്കണമെന്ന് ഹൈകോടതി വിധി അടിവരയിടുന്നു. അതിനാൽ, വാങ്ങുന്ന ഭൂമിയുടെ സെറ്റിൽമെന്റ് രജിസ്റ്റർ പകർപ്പുകളും ഉപഗ്രഹചിത്രവും പരിശോധിച്ച് വീട് പണിയാൻ അനുമതി ലഭിക്കുന്നതാണെന്ന് ഉറപ്പുവരുത്തണം.
സെറ്റിൽമെന്റ് രജിസ്റ്ററിൽ ‘നില’മായി രേഖപ്പെടുത്തിയ ഭൂമി റീസർവേ ഉദ്യോഗസ്ഥർ ബി.ടി.ആറിൽ പുരയിടമാക്കി മാറ്റിയാലും 2008ലെ കേരള നെൽവയൽ തണ്ണീർത്തട സംരക്ഷണ നിയമത്തിന്റെ പരിധിയിൽ ഉൾപ്പെടുന്നുണ്ടോ എന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥൻ പരിശോധിച്ച് ഡേറ്റാബാങ്കിൽ ഉൾപ്പെടുത്തി തുടർനടപടിയെടുക്കണമെന്നും കോടതി മുന്നറിയിപ്പ് നൽകി. ഇങ്ങനെ ബി.ടി.ആറിൽ പുരയിടമായിരുന്നാലും 2008 ആഗസ്റ്റ് 12നുശേഷം നെൽവയലിന്റെയോ തണ്ണീർത്തടത്തിന്റെയോ നിർവചനത്തിൽ വരുന്നവിധം കിടന്നിരുന്ന ഭൂമി, ഏതു സമയത്തും ഡേറ്റാബാങ്കിൽ ഉൾപ്പെടുത്താൻ ഉദ്യോഗസ്ഥർക്ക് അധികാരമുണ്ടെന്നും കോടതി നിരീക്ഷിച്ചു.
അനധികൃത നിർമാണപ്രവൃത്തികൾ കണ്ടെത്തി റവന്യൂ അധികൃതർ നൽകിയ സ്റ്റോപ് മെമ്മോക്കെതിരെ ഹൈകോടതിയെ സമീപിച്ച കക്ഷിക്ക് ലഭിച്ച അനുകൂല ഉത്തരവിനെതിരായിരുന്നു ഡിവിഷൻ ബെഞ്ച്, കലക്ടർക്ക് അനുകൂലമായി ഉത്തരവിട്ടത്. ഇവിടെ ബി.ടി.ആറിലെ ഭൂമിയുടെ ‘പുരയിടം’ എന്ന തരംതിരിവ് അടിസ്ഥാന വിവരമാക്കിയെടുക്കണമെന്ന എതിർകക്ഷിയുടെ വാദം തള്ളി. നെൽവയൽ തണ്ണീർത്തട നിയമത്തിൽ ഡേറ്റാബാങ്ക് ആണ് നിർണായക രേഖ. അതിൽ ഏതു ഭൂമിയും ഏതു സമയത്തും ഉൾപ്പെടുത്താൻ ഉദ്യോഗസ്ഥർക്ക് അധികാരമുണ്ട്.
ബി.ടി.ആറിൽ പുരയിടമായും ഡേറ്റാബാങ്കിൽ നെൽവയലായോ തണ്ണീർത്തടമായോ രേഖപ്പെടുത്താത്ത ഭൂമി, പരിവർത്തനാനുമതി ആവശ്യമില്ല എന്ന നിലക്ക് നിർമാണ നടപടിയുമായി മുന്നോട്ടുപോകുന്നവർക്ക് ഒരുപക്ഷേ ഉദ്യോഗസ്ഥർ സ്റ്റോപ് മെമ്മോ നൽകിയാൽ കെട്ടിടം പണി നിർത്തേണ്ടിവരും. സാറ്റലൈറ്റ് സർവേ വഴിയും മറ്റും നികത്തുഭൂമിയാണെന്ന് കണ്ടെത്തിയാലാണ് ഈ അവസ്ഥ വരുക. സെറ്റിൽമെന്റ് രജിസ്റ്ററിൽ ‘നിലം’ എന്ന് രേഖപ്പെടുത്തി എന്ന കാരണത്താൽ പരാതികളെത്തുടർന്നും മറ്റും ഉദ്യോഗസ്ഥർ സ്റ്റോപ് മെമ്മോ നൽകുന്നത് വ്യാപകമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.