ക്ഷീരകർഷകർക്ക് കേരളബാങ്കുമായി ചേർന്ന് വായ്‌പ ലഭ്യമാക്കും- ജെ. ചിഞ്ചുറാണി

തൊടുപുഴ: സംസ്ഥാനത്തെ ക്ഷീരകർഷകർക്ക് സാമ്പത്തികപിന്തുണ ഉറപ്പാക്കാൻ കേരളബാങ്കുമായി ചേർന്ന് വായ്‌പ ലഭ്യമാക്കുന്നതിനുള്ള നടപടികൾ പുരോഗമിക്കുകയാണെന്ന് മന്ത്രി മന്ത്രി ജെ. ചിഞ്ചുറാണി. ഫോക്കസ് ബ്ലോക്ക് പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനവും ക്ഷീരകർഷക അവാർഡ് വിതരണവും തൊടുപുഴയിൽ നിർവഹിക്കുകയായിരുന്നു മന്ത്രി.

സംസ്ഥാനത്തെ എല്ലാ ക്ഷീരകർഷകർക്കും സബ്‌സിഡി ആനുകൂല്യം ലഭിക്കാൻ വരുമാനപരിധി ഒഴിവാക്കുന്നത് പരിഗണിക്കുമെന്നും ഫോക്കസ് ബ്ലോക്ക് പദ്ധതി ക്ഷീരഉല്പാദന രംഗത്ത് മാറ്റങ്ങൾ സൃഷ്ടിക്കുമെന്നും മന്ത്രി പറഞ്ഞു. പാലുത്പാദനത്തിൽ സ്വയംപര്യാപ്തത കൈവരിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഫോക്കസ് ബ്ലോക്ക് പദ്ധതിക്ക് തുടക്കമിട്ടിരിക്കുന്നത്.

ആദ്യഘട്ടത്തിൽ സംസ്ഥാനത്തെ 50 ബ്ലോക്ക് പഞ്ചായത്തുകളാണ് പദ്ധതിയിൽഉൾപ്പെട്ടിട്ടുള്ളത്. ജില്ലയിൽ നിന്ന് ഇളംദേശം ,അടിമാലി ,കട്ടപ്പന ,വാത്തിക്കുടി ,നെടുങ്കണ്ടം ബ്ലോക്ക് പഞ്ചായത്തുകളിലുമാണ് പദ്ധതി നടപ്പാക്കുക. പാൽ ഉത്പാദന രംഗത്ത് സ്വയംപര്യാപ്തത കൈവരിക്കാൻ ക്ഷീരവികസന വകുപ്പ് നിരവധി പദ്ധതികളാണ് ആസൂത്രണം ചെയ്ത് നടപ്പാക്കുന്നത്. പഞ്ചാബ് കഴിഞ്ഞാൽ പാൽ ഉൽപാദനത്തിൽ രണ്ടാം സ്ഥാനം കേരളത്തിനാണ്. ഏറ്റവും കൂടുതൽ സങ്കരയിനം പശുക്കളെ വളർത്തുന്ന സംസഥാനവും കേരളമാണ്.

തനത് പശുക്കളുടെ പാലിന് വലിയ തോതിൽ ആവശ്യമുയർന്നിട്ടുണ്ട്. ഈ സാഹചര്യം പ്രയോജനപ്പെടുത്തണം. ഇതിനായി ക്ഷീരസംഘങ്ങൾ അനുയോജ്യമായ സ്ഥലം ഏറ്റെടുത്ത് തീറ്റപ്പുൽകൃഷി ആരംഭിക്കണം. കേരള ഫീഡ്സ്, മിൽമ എന്നീ സ്ഥാപനങ്ങൾ കാലിതീറ്റ വില കുറച്ചാണ് ക്ഷീരകർഷകർക്ക് നൽകുന്നത്. . ഈ ഇനത്തിൽ കൂടുതൽ സബ്സിഡി നൽകണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്.

കന്നുകുട്ടി പരിപാലന പദ്ധതി , കിടാരി പാർക്കുകൾ എന്നിവ മികച്ച രീതിയിലാണ് മുന്നോട്ട് പോകുന്നത്. കന്നുകുട്ടി പരിപാലന പദ്ധതിയിൽ കഴിഞ്ഞ വർഷം 22 കോടി രൂപയാണ് ചിലവഴിച്ചത്. ഈ വർഷം 48 കോടി മാറ്റിവച്ചിട്ടുണ്ട്. ചർമ്മരോഗം, വേനൽചൂട്, വിഷ പുല്ല് എന്നിവ കാരണം പശുക്കൾ മരണപ്പെടുന്നുണ്ട്. ഇതിന് നഷ്ടപരിഹാരം നൽകാനായി സമഗ്ര ഇൻഷുറൻസ് പദ്ധതിയിൽ 8 കോടി രൂപ വകയിരുത്തിയിട്ടുണ്ട്.

37,500 രൂപയാണ് ഈ ഇനത്തിൽ കർഷകന് നഷ്ടപരിഹാരമായി ലഭിക്കുക. ഡോക്ടറും മരുന്നുമുൾപ്പടെ വെറ്റിനറി ആംബുലൻസ് സേവനം എല്ലാ ബ്ലോക്കുകളിലും എത്തിക്കുന്ന പദ്ധതി ആരംഭിക്കുകയാണ്. പശു വീണുപോയാൽ എഴുന്നേൽപ്പിക്കാൻ കഴിയുന്ന ഉപകാരണങ്ങളടക്കമാകും ആംബുലൻസ് കർഷകന്റെ വീട്ടുമുറ്റത്ത് എത്തുക.

2024-25 ക്ഷീരസഹകാരി അവാർഡ്, ഡോ. വർഗ്ഗീസ് കുര്യൻ അവാർഡ്, മികച്ച ക്ഷീരകർഷകർക്കുള്ള ക്ഷീരകർഷക ക്ഷേമനിധി അവാർഡ്, ക്ഷീര സംഘം ജീവനക്കാർക്കുള്ള അവാർഡ് വിതരണവും മന്ത്രി നിർവഹിച്ചു. തൊടുപുഴ റിവർവ്യൂ ഹാളിൽ സംഘടിപ്പിച്ച പരിപാടിയിൽ പീരുമേട് എം.എൽ.എ വാഴൂർ സോമൻ അധ്യക്ഷത വഹിച്ചു.

എന്താണ് ഫോക്കസ് ബ്ലോക്ക് പദ്ധതി

പാലുത്പാദനത്തിൽ സ്വയംപര്യാപ്തത കൈവരിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഫോക്കസ് ബ്ലോക്ക് പദ്ധതിക്ക് തുടക്കമിട്ടിരിക്കുന്നത്. ആദ്യഘട്ടത്തിൽ സംസ്ഥാനത്തെ 50 ബ്ലോക്ക് പഞ്ചായത്തുകളാണ് പദ്ധതിയിൽഉൾപ്പെട്ടിട്ടുള്ളത്. ജില്ലയിൽ നിന്ന് ഇളംദേശം ,അടിമാലി ,കട്ടപ്പന ,വാത്തിക്കുടി ,നെടുങ്കണ്ടം ബ്ലോക്ക് പഞ്ചായത്തുകളിലാണ് പദ്ധതി നടപ്പാക്കുക.

ക്ഷീരവികസന വകുപ്പിന് കീഴിൽ രജിസ്റ്റർ ചെയ്ത് പ്രവർത്തിക്കുന്ന 5 അംഗങ്ങളുളള ക്ഷീരശ്രീ വനിതാ ജെ.എൽ.ജി ഗ്രൂപ്പുകൾക്ക് മുൻഗണന നൽകി നടപ്പിലാക്കുന്ന പദ്ധതിയിൽ പൊതു വിഭാഗത്തിൽ ഒരു അംഗത്തിന് പശുവിനെ വാങ്ങിക്കുന്നതിന് 30000 രൂപ ധനസഹായ നിരക്കിൽ 5 അംഗങ്ങളുളള ഗ്രൂപ്പിന് 1,50,000 (ഒരു ലക്ഷത്തി അമ്പതിനായിരം) രൂപ ധനസഹായം ലഭിക്കുന്നു. പൊതു വിഭാഗത്തിൽ 8 ഗ്രൂപ്പുകളിലായി 40 ഗുണഭോക്താക്കൾക്ക് ധനസഹായം ലഭിക്കുന്നു. പദ്ധതി വഴി 40 പശുക്കളെ ബ്ലോക്കിൽ പുതുതായി വാങ്ങിക്കുന്നു.

പട്ടിക വർഗ വിഭാഗത്തിലെ ഒരംഗത്തിന് പശു വാങ്ങിക്കുന്നതിന് 40,000 രൂപ ധനസഹായം നിരക്കിൽ അഞ്ച് അംഗങ്ങളുളള ഗ്രൂപ്പിന് രണ്ടു ലക്ഷം രൂപ ധനസഹായം ലഭിക്കുന്നു. പട്ടിക വർഗ വിഭാഗത്തിലെ രണ്ട് ഗ്രൂപ്പുകളിലായി 10 ഗുണഭോക്താക്കൾക്ക് ധനസഹായം ലഭിക്കുന്നു. 10 പശുക്കളെ പുതുതായി വാങ്ങിക്കാൻ അവസരം ലഭിക്കുന്നു.

ക്ഷീരവികസന വകുപ്പിൽ രജിസ്റ്റർ ചെയ്ത് ക്ഷീരസംഘത്തിന് കീഴിൽ പ്രവർത്തിക്കുന്ന ഗ്രൂപ്പിന് സ്വന്തമായി നിയമാവലിയും ബാങ്ക് അക്കൗണ്ടും ഉണ്ടായരിക്കും. ഗ്രൂപ്പ് ക്ഷീരസംഘത്തിൽ പാൽ അളക്കുകയും പാൽ വില ക്ഷീരസംഘത്തിൽ നിന്നും ഗ്രൂപ്പിന്റെ അക്കൗണ്ടിലേക്ക് കൈമാറുന്നതുമാണ്. ഗ്രൂപ്പിലെ അംഗങ്ങൾക്ക് അവരവരുടെ വീട്ടിൽ തന്നെ പശുക്കളെ വളർത്താം.

Tags:    
News Summary - Dairy farmers will be provided loans in collaboration with Kerala Bank - J. Chinjurani

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.