തിരുവനന്തപുരം: സർക്കാർ ജീവനക്കാർക്കും അധ്യാപകർക്കും ഒരു ഗഡു ക്ഷാമബത്ത അനുവദിച്ച് ഉത്തരവിറങ്ങിയെങ്കിലും കുടിശ്ശികയെക്കുറിച്ച് പരാമർശമില്ല. ഏതു കാലയളവിലെ ഡി.എയാണ് ഇപ്പോൾ നൽകുന്നതെന്നതും ഉത്തരവിലില്ല. ഈ വർഷം ഏപ്രിലിൽ ഒരു ഗഡു അനുവദിച്ച ഘട്ടത്തിലും സമാന തന്ത്രമാണ് ധനവകുപ്പ് അനുവർത്തിച്ചത്. അതേസമയം, വർധിപ്പിച്ച ക്ഷാമത്തെ നവംബറിൽ വിതരണം ചെയ്യുന്ന ഈ മാസത്തെ ശമ്പളത്തോടൊപ്പം നൽകുമെന്ന് ഉത്തരവിലുണ്ട്.
2021 ജൂലൈ ഒന്നു മുതൽ ജീവനക്കാർക്ക് അർഹമായ ഡി.എയാണ് ഇപ്പോൾ അനുവദിച്ചതെന്നാണ് വിലയിരുത്തൽ. ഫലത്തിൽ 39 മാസത്തെ കുടിശ്ശികയാണ് ജീവനക്കാർക്ക് നഷ്ടമാകുന്നത്. ഇപ്പോൾ അനുവദിക്കുന്നതു കൂടാതെ, 19 ശതമാനം ഡി.എ ജീവനക്കാർക്ക് കുടിശ്ശികയാണ്.
അതുകൊണ്ടുതന്നെ പ്രതിമാസം 4370 രൂപ മുതൽ 31692 രൂപ വരെ ജീവനക്കാർക്ക് നഷ്ടപ്പെടുകയാണ്. രണ്ടാം പിണറായി സർക്കാർ ആകെ അനുവദിച്ചത് രണ്ടു ഗഡു ഡി.എ മാത്രമാണെന്നും രണ്ട് ഉത്തരവിലും ജീവനക്കാർക്ക് ഡി.എയുടെ കുടിശ്ശിക തുക നിഷേധിച്ചെന്നും സെക്രട്ടേറിയറ്റ് ആക്ഷൻ കൗൺസിൽ കൺവീനർ ഇർഷാദ് എം. എസ് ആരോപിച്ചു. അർഹമായ തീയതിയെകുറിച്ച് പരാമർശംപോലും നടത്താതെ ക്ഷാമബത്ത ഭരിക്കുന്ന സർക്കാറിന്റെ ഔദാര്യമെന്നനിലയിലാണ് എൽ.ഡി.എഫ് സർക്കാർ കാണുന്നത്. ജീവനക്കാർക്ക് അർഹമായ ഡി.എ നിഷേധിച്ചതിൽ പ്രതിഷേധിച്ച് ഒക്ടോബർ 28ന് സെക്രട്ടേറിയറ്റ് മാർച്ച് നടത്തും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.