തിരുവനന്തപുരം: സി.പി.എം നേതാവ് കെ.ജെ. ഷൈനിന് എതിരായ സൈബർ ആക്രമണ പരാതിയിൽ യൂട്യൂബർ കെ.എം. ഷാജഹാന്റെ വീട്ടിൽ പൊലീസ് പരിശോധന നടത്തി. ഷാജഹാന്റെ ഐ ഫോൺ കസ്‌റ്റഡിയിലെടുത്തു.
യൂട്യൂബ് ചാനലിൽ വീഡിയോ അപ് ലോഡ് ചെയ്യാൻ ഉപയോഗിക്കുന്ന ഫോണാണ് പിടിച്ചെടുത്തത്. ചൊവ്വാഴ്‌ച ഉച്ചക്കുശേഷം അലുവ സൈബർ ക്രൈം പൊലീസ് സ്റ്റേഷനിൽ ചോദ്യംചെയ്യലിന് ഹാജരാകാൻ നോട്ടീസ് നൽകി. എറണാകുളം റൂറല്‍ സൈബര്‍ ടീമും പറവൂര്‍ പൊലീസുമാണ് തിങ്കളാഴ്‌ച രാത്രി ഒമ്പതോടെ തിരുവനന്തപുരം ഉള്ളൂരിലുള്ള ഷാജഹാന്റെ വീട്ടിലെത്തി പരിശോധന നടത്തിയത്.
ഷാജഹാൻ സ്വന്തം യൂട്യൂബ് ചാനലിലൂടെ അധിക്ഷേപിച്ച് വീഡിയോ ഇട്ടെന്നായിരുന്നു കെ.ജെ. ഷൈനിന്‍റെ പരാതി. നേരത്തേ, കേസിലെ ഒന്നാം പ്രതി ഗോപാലകൃഷ്ണന്‍റെ വീട്ടിൽ പരിശോധന നടത്തിയ അന്വേഷണസംഘം മൊബൈൽ ഫോൺ പിടിച്ചെടുത്തിരുന്നു.
കേസിലെ മൂന്നാം പ്രതി കൊണ്ടോട്ടി അബുവിന്റെ മലപ്പുറത്തെ വീട്ടിലും പൊലീസ് പരിശോധന നടത്തിയിരുന്നു. യൂട്യൂബറായ കൊണ്ടോട്ടി അബു എന്ന യാസര്‍ എടപ്പാള്‍ നിലവിൽ വിദേശത്താണെന്നാണ് വിവരം. അധിക്ഷേപ പരാമർശമുള്ള പോസ്റ്റ് ഇട്ടത് ഈ ഫോണുകളിൽനിന്നുതന്നെയാണോയെന്ന് പരിശോധിക്കാൻ സൈബർ ഫോറൻസിക് സംഘത്തിന് കൈമാറും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.