സന്ദീപ് വാര്യർ, രാഹുൽ ഈശ്വർ, രഞ്ജിത

അതിജീവിതക്കെതിരെ സൈബർ അധിക്ഷേപം: ഒന്നാം പ്രതി മഹിള കോണ്‍ഗ്രസ് നേതാവ് രഞ്ജിത, സന്ദീപ് വാര്യര്‍ നാലാം പ്രതി, രാഹുല്‍ ഈശ്വര്‍ അഞ്ചാം പ്രതി

തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എക്കെതിരെ പരാതി നൽകിയ അതിജീവിതയെ സൈബർ അധിക്ഷേപം നടത്തിയ കേസിൽ കെ.പി.സി.സി ജനറല്‍ സെക്രട്ടറി സന്ദീപ് വാര്യര്‍, രാഹുല്‍ ഈശ്വര്‍ എന്നിവരെ ഉൾപ്പെടെ പ്രതി ചേർത്ത് പൊലീസ് കേസെടുത്തു. സൈബർ പൊലീസ് കസ്റ്റഡിയിലെടുത്ത രാഹുല്‍ ഈശ്വറിനെ അറസ്റ്റ് ചെയ്തു. 

മഹിള കോണ്‍ഗ്രസ് പത്തനംതിട്ട ജില്ല സെക്രട്ടറി രഞ്ജിത പുളിക്കനാണ് ഒന്നാം പ്രതി. അഡ്വ. ദീപ ജോസഫ്, ദീപ ജോസഫ് (ഫേസ്ബുക്ക് അക്കൗണ്ട്) എന്നിവരാണ് രണ്ടും മൂന്നും പ്രതികൾ. സന്ദീപ് വാര്യര്‍ നാലാം പ്രതിയും രാഹുല്‍ ഈശ്വര്‍ അഞ്ചാം പ്രതിയുമാണ്. ഫേസ്ബുക്ക് പോസ്റ്റുകൾ പങ്കുവെച്ച പേരെടുത്ത് പറയാത്തവർക്കെതിരെയും കേസെടുത്തിട്ടുണ്ട്. ഇവയുടെ ‌യു.ആർ.എൽ ലിങ്കുകൾ പരാതിക്കാരി നൽകിയിട്ടുണ്ട്. സൈബർ അധിക്ഷേപ പരാതിയിൽ ഓരോ ജില്ലകളിലും കേസെടുക്കാൻ എ.ഡി.ജി.പി വെങ്കിടേഷ് നിര്‍ദേശം നൽകി.

അതിജീവിതയെ തിരിച്ചറിയുന്ന തരത്തില്‍ വിവരങ്ങള്‍ വെളിപ്പെടുത്തി, സമൂഹിക മാധ്യമങ്ങളിലൂടെ അപമാനിച്ചു തുടങ്ങിയ പരാതികളിൽ ഐ.ടി ആക്ട് 43, 66, ബി.എൻ.എസ് 72, 79 എന്നീ വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തത്.

ഞായറാഴ്ച വൈകീട്ടോടെ തിരുവനന്തപുരം പൗഡിക്കോണത്തെ വീട്ടിൽ നിന്നാണ് രാ​ഹുൽ ഈശ്വറിനെ ചോദ്യം ചെയ്യാൻ വിളിപ്പിച്ചത്. തുടർന്ന് എ.ആർ ക്യാമ്പിലെത്തിച്ച് സൈബർ പൊലീസ് എ.സി.പി പ്രകാശിന്‍റെ നേതൃത്വത്തിൽ ചോ​ദ്യം ചെയ്തു. രാഹുലിന്‍റെ ഫോണും കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

യുവതിയുടെ സ്വത്വം വെളിപ്പെടുത്തുന്ന തരത്തിൽ രാഹുൽ മാങ്കൂട്ടത്തിലിന്‍റെ അനുയായികളും കോൺഗ്രസ് അനുകൂല ഡിജിറ്റൽ മീഡിയ സെൽ അംഗങ്ങളും നടത്തിയ സൈബർ ആക്രമണത്തിനെതിരെ അതിജീവിത പരാതി നൽകിയിരുന്നു. തുടർന്ന് എ.ഡി.ജി.പി എച്ച്. വെങ്കിടേഷിന്‍റെ നേതൃത്വത്തിൽ യോഗം ചേർന്ന് കേസെടുക്കാൻ തീരുമാനിക്കുകയായിരുന്നു. യുവതിക്ക് പൊലീസ് സംരക്ഷണം ഒരുക്കിയിട്ടുണ്ട്.

Tags:    
News Summary - Cyber ​​abuse against survivor: Rahul Easwar and Sandeep Warrier accused

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.