തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എയുമായി ബന്ധപ്പെട്ട ലൈംഗിക പീഡനക്കേസിലെ അതിജീവിതയെ സൈബർ ഇടത്തിൽ അധിക്ഷേപിച്ചെന്ന പരാതിയിൽ രാഹുൽ ഈശ്വർ കസ്റ്റഡിയിൽ. തിരുവനന്തപുരം സൈബർ പൊലീസ് കസ്റ്റഡിയിലെടുത്ത രാഹുലിനെ തിരുവനന്തപുരം എ.ആർ. ക്യാമ്പിലേക്ക് കൊണ്ടുപോയി. പരാതിയിൽ രാഹുലിനെ വിശദമായി ചോദ്യം ചെയ്യുകയാണ് സൈബർ പൊലീസ് സംഘം.
യുവതി നൽകിയ പരാതിയിൽ രാഹുൽ ഈശ്വറിനോട് ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് സൈബർ പൊലീസ് വീട്ടിലെത്തി നോട്ടീസ് നൽകിയിരുന്നു. ഇതുപ്രകാരം സ്വന്തം വാഹനത്തിൽ ഭാര്യക്കൊപ്പമാണ് രാഹുൽ എ.ആർ. ക്യാമ്പിലെത്തിയത്. തുടർന്ന് രാഹുലിനെ പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു.
കൂടാതെ, യൂട്യൂബ് ചാനലിൽ വിഡിയോ പോസ്റ്റ് ചെയ്ത രാഹുലിന്‍റെ ലാപ്ടോപ് പൊലീസ് ആവശ്യപ്പെട്ടു. എന്നാൽ, ലാപ്ടോപ് തന്‍റെ കൈവശമില്ലെന്നും ഓഫിസിലാണെന്നും രാഹുൽ മറുപടി നൽകി. ചാനൽ ചർച്ചകൾ വഴി പരാതിക്കാരിയായ യുവതിയെ അപമാനിക്കുന്ന തരത്തിൽ പരാമർശനങ്ങൾ നടത്തുകയും യൂട്യൂബ് ചാനലിൽ വിഡിയോ പോസ്റ്റ് ചെയ്യുകയും ചെയ്തെന്നാണ് രാഹുൽ ഈശ്വർക്കെതിരായ ആക്ഷേപം.
അതേസമയം, ലൈംഗിക പീഡനക്കേസിൽ കേസെടുത്തതിന് പിന്നാലെ രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എയുടെ പാലക്കാട്ടെ ഫ്ലാറ്റിൽ പൊലീസ് പരിശോധന നടത്തി. പരാതിക്കാരിയായ യുവതി ഫ്ലാറ്റിലെത്തിയ ദിവസങ്ങളിലെ സി.സി.ടി.വി ദൃശ്യങ്ങൾ കണ്ടെത്താൻ വേണ്ടിയാണ് പ്രത്യേക അന്വേഷണ സംഘം സെക്യൂരിറ്റി റൂമിൽ പരിശോധന നടത്തിയത്. എന്നാൽ, അന്വേഷണ സംഘത്തിന്‍റെ പരിശോധനയിൽ കേസുമായി ബന്ധപ്പെട്ട സി.സി.ടിവി ദൃശ്യങ്ങൾ ലഭിച്ചില്ലെന്നാണ് വിവരം.
അതിജീവിതയുടെ പരാതിയിലെ എഫ്.ഐ.ആറിൽ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ഗുരുതര പരാമർശങ്ങളാണുള്ളത്. പീഡനങ്ങള്‍ എം.എല്‍.എ പദവിയിലെത്തിയ ശേഷമാണെന്നും നിലമ്പൂരില്‍ പ്രചാരണത്തിനിടെയാണ് യുവതിയെ ഭ്രൂണഹത്യക്ക് നിര്‍ബന്ധിപ്പിക്കുകയും മരുന്ന് കഴിപ്പിക്കുകയും ചെയ്തതെന്നും എഫ്ഐ.ആറിലുണ്ട്. രണ്ടുതവണ തിരുവനന്തപുരത്തെ യുവതിയുടെ ഫ്ലാറ്റിലും രണ്ടു തവണ പാലക്കാട്ടെ രാഹുലിന്‍റെ ഫ്ലാറ്റിലും വെച്ചാണ് ബലാത്സംഗം ചെയ്തതെന്നും ഗർഭിണിയാണെന്ന് അറിഞ്ഞിട്ടും ബലാത്സംഗം ചെയ്തെന്നും എതിർത്തപ്പോൾ ക്രൂരമായി മർദിച്ചുവെന്നും യുവതി മൊഴി നൽകിയിട്ടുണ്ട്.
2025 മാർച്ച് നാലിനാണ് രാഹുൽ യുവതിയെ തിരുവനന്തപുരം തൃക്കണ്ണാപുരത്തെ ഫ്ലാറ്റിൽവെച്ച് ആദ്യം ബലാത്സംഗം ചെയ്തത്. മാർച്ച് 17ന് യുവതിയുടെ സ്വകാര്യ ദൃശ്യങ്ങൾ ഫോണിൽ പകർത്തുകയും പുറത്തു പറഞ്ഞാൽ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. യുവതി ഗർഭിണിയാണെന്ന് അറിഞ്ഞിട്ടും ഏപ്രിൽ 22ന് തൃക്കണ്ണാപുരത്തെ ഫ്ലാറ്റിലെത്തി സ്വകാര്യ ദൃശ്യങ്ങൾ കാട്ടി വീണ്ടും ബലാത്സംഗം ചെയ്തു. മേയ് അവസാന ആഴ്ച രണ്ടു തവണ പാലക്കാട്ടെ ഫ്ലാറ്റിൽവെച്ചും ബലാത്സംഗം ചെയ്തു.
പത്തനംതിട്ടയിലെ സുഹൃത്ത് ജോബി ജോസഫ് വഴി മേയ് 30നാണ് ഗർഭച്ഛിദ്ര മരുന്ന് തിരുവനന്തപുരത്ത് എത്തിച്ച് നൽകിയത്. നിലമ്പൂർ ഉപതെരഞ്ഞെടുപ്പ് പ്രചാരണ സമയമായിരുന്നു അത്. കൈമനത്ത് ജോബി ജോസഫിന്‍റെ കാറിൽവെച്ച് നിർബന്ധിച്ച് ഗുളിക കഴിപ്പിക്കുകയും പ്രചാരണത്തിലായിരുന്ന രാഹുൽ വിഡിയോ കോൾ വഴി യുവതി മരുന്ന് കഴിച്ചത് ഉറപ്പിച്ചുവെന്നും എഫ്.ഐ.ആറിൽ പറയുന്നു.
അതേസമയം, യുവതിയുമായി സൗഹൃദമുണ്ടായിരുന്നെന്നും പരാതിക്ക് പിന്നിൽ രാഷ്ട്രീയ താൽപര്യമാണെന്നും ബലാത്സംഗ കേസിൽ നൽകിയ മുൻകൂർജാമ്യ ഹരജിയിൽ രാഹുല്‍ മാങ്കൂട്ടത്തില്‍ പറയുന്നത്. സി.പി.എമ്മും ബി.ജെ.പിയുമാണ് പരാതിക്ക് പിന്നിലെന്ന് തിരുവനന്തപുരം ജില്ല സെഷൻസ് കോടതിയിൽ സമർപ്പിച്ച ഹരജിയില്‍ പറയുന്നു.
യുവതിയെ ബലാത്സംഗം ചെയ്യുകയോ ഗർഭഛിദ്രത്തിന് നിര്‍ബന്ധിക്കുകയോ ചെയ്തിട്ടില്ല. യുവതിയുമായുണ്ടായത് ഉഭയകക്ഷി സമ്മതപ്രകാരമുള്ള ബന്ധമാണ്. ഭര്‍ത്താവിനൊപ്പം കഴിയുന്ന സ്ത്രീയാണ് പരാതിക്കാരി. ഗര്‍ഭധാരണത്തിന്റെ ഉത്തരവാദിത്തം ഭര്‍ത്താവിനാണ്. ഗര്‍ഭഛിദ്രത്തിന് യുവതി മരുന്ന് കഴിച്ചത് സ്വന്തം തീരുമാനപ്രകാരമാണ്.
പരാതിക്കാരി ഫേസ്ബുക്കിലൂടെ തന്നെയാണ് ആദ്യം ബന്ധപ്പെട്ടത്. ഗാര്‍ഹിക പീഡനത്തിന് ഇരയാകുന്നെന്ന് തന്നോട് പറഞ്ഞു. തനിക്ക് അവരോട് സഹതാപം തോന്നി. തുടര്‍ന്ന് ആ ബന്ധം ഉഭയകക്ഷി സമ്മതപ്രകാരമുള്ള ലൈംഗിക ബന്ധത്തിലേക്ക് വളര്‍ന്നു. ബന്ധത്തിലെ ശരിയും തെറ്റും തിരിച്ചറിയുന്നയാളാണ് പരാതിക്കാരി. അവർ ഗര്‍ഭിണിയായെന്ന വാദം തെറ്റാണ്.
താനുമായുള്ള ചാറ്റ് റെക്കോഡ് ചെയ്തത് രാഷ്ട്രീയ ഗൂഢാലോചനയുടെ ഭാഗമാണ്. റെക്കോഡ് ചെയ്ത ചാറ്റുകളടക്കം തെളിവുകള്‍ പിന്നീട് മാധ്യമങ്ങൾക്ക് കൈമാറുകയായിരുന്നു. തന്നെ വ്യക്തിഹത്യ ചെയ്യാനുള്ള ശ്രമത്തിന്റെ ഭാഗമാണിത്. പരാതിക്കാരി ജോലി ചെയ്യുന്ന സ്ഥാപനം തനിക്കെതിരെ പരാതി നൽകാൻ നിർബന്ധിച്ചു. പരാതിക്കാരി തന്നെയാണ് ഇക്കാര്യം അറിയിച്ചത്. അതിന് തെളിവുമുണ്ട്. മുഖ്യമന്ത്രിക്ക് നേരിട്ട് പരാതി നല്‍കിയത് രാഷ്ട്രീയ താൽപര്യത്തിന്റെ ഭാഗമാണ്. ശബരിമല വിവാദത്തിൽ നിന്ന് സര്‍ക്കാറിനെ രക്ഷിക്കാനാണ് പരാതി നല്‍കിയതെന്നും ഹരജിയിൽ രാഹുൽ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.