സി.വി. ജേക്കബ്:​ ഏലത്തിൽ തുടങ്ങി സുഗന്ധവ്യഞ്​ജന രാജാവായി മടക്കം

കൊച്ചി: 1972ൽ കോലഞ്ചേരി കടയിരുപ്പിൽ 20 തൊഴിലാ​ളികളുമായി സി.വി. ജേക്കബ്​ 'സിന്തൈറ്റ്​' എന്ന പേരിൽ ഒരു ഫാക്​ടറി തുടങ്ങി. സുഗന്ധവ്യഞ്ജനങ്ങൾ സംസ്കരിച്ച്​ സത്തെടുത്ത്​ കയറ്റുമതി ചെയ്യലായിരുന്നു ലക്ഷ്യം. ഏലവും കുരുമുളകും മല്ലിയും ഇഞ്ചിയുമെല്ലാം ഇങ്ങനെ സംസ്​കരിച്ചാൽ ലഭിക്കുന്ന 'ഒലിയോറെസിൻസ്​' എന്നറിയപ്പെടുന്ന സത്ത്​ ചെറുകുപ്പികളിലാക്കിയാണ്​ വിപണനം.

അറിഞ്ഞവരൊക്കെ ഇയാൾക്ക്​ ഇത്​ എന്തിന്‍റെ പ്രാന്താണെന്ന്​ ചോദിച്ച്​ മുക്കത്ത്​ വിരൽ വെച്ചു. നല്ല ഒന്നാന്തരം ഏലവും മല്ലിയുമൊക്കെ ചെറിയ വിലക്ക് മാർക്കറ്റിൽ ലഭിക്കു​േമ്പാൾ അതിന്‍റെ പത്തിരട്ടി വിലകൊടുത്ത്​ ആരെങ്കിലും സിന്തൈറ്റിന്‍റെ സത്ത്​ വാങ്ങുമോ എന്നായിരുന്നു എല്ലാവരുടെയും ചോദ്യം. എന്നാൽ, ജേക്കബായിരുന്നു ശരിയെന്ന്​ കാലം തെളിയിച്ചു.

ആഗോള വിപണിയുടെ മൂന്നിലൊന്നും ജേക്കബിന്​ സ്വന്തം

പതിനേഴാം വയസ്സിൽ ഏലയ്ക്ക വ്യാപാരത്തിലൂടെ ജേക്കബ്​ സംരംഭകരംഗത്ത് തുടക്കമിടുന്നത്. ഇന്ന്​ 87ാം വയസ്സിൽ ലോകത്തോട്​ വിട പറയു​േമ്പാൾ അദ്ദേഹം കടയിരുപ്പ് എന്ന ചെറുഗ്രാമത്തിൽ ആരംഭിച്ച സിന്തൈറ്റിന് ആന്ധ്ര, തമിഴ്നാട്, കർണാടക, ഗുജറാത്ത്, രാജസ്ഥാൻ, ചൈന, ശ്രീലങ്ക, വിയറ്റ്നാം, യുക്രൈയ്ൻ, ബ്രസീൽ എന്നിവിടങ്ങളിൽ ഫാക്ടറികളും യുഎസ് ഉൾപ്പെടെ വിവിധ രാജ്യങ്ങളിലും വിപണന ശൃംഖലകളും ഉണ്ട്.


സുഗന്ധവ്യഞ്ജന സത്തായ ഒലിയോറെസിൻസിന്‍റെ ലോകത്തെ ഏറ്റവും വലിയ കമ്പനിയാണ് ഇ​പ്പോൾ സിന്തൈറ്റ്. ആഗോളതലത്തിൽ ഒലിയോറെസിൻ വിപണിയുടെ മൂന്നിലൊന്നും സിന്തൈറ്റിനാണ്​. നാറ്റ്​ എക്​സ്​ട്രാ, കിച്ചൺ ട്രഷേഴ്സ്, സ്പ്രിഗ്, വീദാ, പോൾ ആൻഡ് മൈക് മിൽക് ചോക്ലേറ്റ്സ് തുടങ്ങിയവ ഇവരുടെ ബ്രാൻഡുകളാണ്.

സിന്തൈറ്റ് ഇൻഡസ്ട്രീസ് പ്രൈവറ്റ് ലിമിറ്റഡ്, ഇന്റർഗ്രോ ഫുഡ്സ് ആൻഡ് ബവ്റിജസ് പ്രൈവറ്റ് ലിമിറ്റഡ്, സിമേഗാ ഫ്ലേവേഴ്സ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ്, സിന്തൈറ്റ് ഇൻഫ്രസ്ട്രക്ചർ പ്രോജറ്റ്സ് പ്രൈവറ്റ് ലിമിറ്റഡ്, ഹെർബൽ ഐസോലൈറ്റ്സ് പ്രൈവറ്റ് ലിമിറ്റഡ്, റമദ റിസോർട്സ് കൊച്ചി, റിവേറിയ സ്യൂട്സ് തേവര എന്നിവയുടെ സ്ഥാപകനാണ്. മികച്ച കയറ്റുമതിക്കാരനുള്ള കേന്ദ്ര സർക്കാർ ബഹുമതി തുടർച്ചയായി ജേക്കബിന്​ ലഭിച്ചു.

സിന്തൈറ്റ്​ സ്​ഥാപിക്കുന്നതിന്​ മുമ്പ്​​ കരാറുകാരൻ

സിന്തൈറ്റ് സ്​ഥാപിക്കുന്നതിന്​ മുമ്പ്​ വർക്കി സൺസ് എൻജിനിയേഴ്സ് എന്ന കമ്പനിക്കു കീഴിൽ നിരവധി ജലവൈദ്യുതി, റോഡ്, പാലം പദ്ധതികളുടെ കരാർ നിർവഹിച്ചിട്ടുണ്ട്​. ഇടുക്കി അണക്കെട്ടിലെ മൂലമറ്റം ഭൂഗർഭ പവർ ഹൗസിലേക്കുള്ള ഉള്ള ടണൽ നിർമ്മിച്ചത്​ ഈ കമ്പനിയാണ്.


നിലവിൽ കൊച്ചി രാജ്യാന്തര വിമാനത്താവളം(സിയാൽ) ഡയറക്ടറായിരുന്നു​. സ്പൈസസ് ബോർഡ് വൈസ് ചെയർമാൻ, കോലഞ്ചേരി മെഡിക്കൽ കോളജ് സ്പെഷൽ കമ്മിറ്റി ചെയർമാൻ തുടങ്ങിയ പദവികളും വഹിച്ചു. കോലഞ്ചേരി സെന്റ് പീറ്റേഴ്സ് കോളജ് സെക്രട്ടറി, കോലഞ്ചേരി മലങ്കര ഓർത്തഡോക്സ് സിറിയൻ ചർച്ച് മെഡിക്കൽ കോളജ് ഉപദേശകൻ, എക്സിക്യൂട്ടീവ് അംഗം, പീരുമേട് മാർ ബസേലിയോസ് ക്രിസ്ത്യൻ കോളജ് ഓഫ് എൻജിനീയറിങ് ആൻഡ് ടെക്നോളജി വൈസ് ചെയർമാൻ, കടയിരുപ്പ് ഗവ. ഹയർ സെക്കൻഡറി സ്കൂൾ അഡ്വൈസർ, കടയിരുപ്പ് സെന്റ് പീറ്റേഴ്സ് സീനിയർ സെക്കൻഡറി സ്കൂൾ മാനേജർ തുടങ്ങിയ നിലകളിലും പ്രവർത്തിച്ചു.

ഏതാനുംനാളുകളായി വാർധക്യസഹജമായ രോഗത്തെത്തുടർന്ന് ചികിത്സയിലായിരുന്നു. ഞായറാഴ്ച ഉച്ചയോടെയായിരുന്നു മരണം. സംസ്കാരം തിങ്കളാഴ്ച വൈകിട്ട് മൂന്നിന് കോലഞ്ചേരി സെന്‍റ്​ പീറ്റേഴ്സ് ആൻഡ് സെന്‍റ്​ പോൾ ഓർത്തഡോക്സ് പള്ളി സെമിത്തേരിയിൽ.





Tags:    
News Summary - CV Jacob, founder of Synthite Group

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.