കൊച്ചി: കസ്റ്റംസിന്റെ അധീനതയിലുള്ള വിമാനത്താവള പരിസരത്തുനിന്ന് സ്വർണം പിടിച്ചെടുക്കുന്ന പൊലീസ് നടപടി നിയമവിരുദ്ധമാണെന്ന് കസ്റ്റംസ് ഹൈകോടതിയിൽ. കസ്റ്റംസ് മേഖലയിൽ അനുമതിയോ വാറന്റോ സാക്ഷിയോ ഇല്ലാതെ പൊലീസ് നടത്തുന്ന പരിശോധന കസ്റ്റംസ് ആക്ട് പ്രകാരം ശിക്ഷാർഹമാണ്. ഇത് യാത്രക്കാരുടെ അവകാശങ്ങൾ ലംഘിക്കുന്ന നടപടിയുമാണ്. പൊലീസ് പിടികൂടുന്ന കേസുകളിൽ ഫലപ്രദമായ വിചാരണ നടക്കാത്തതിനാൽ പൊതുഖജനാവിന് നഷ്ടമുണ്ടാകുന്നതായും കോഴിക്കോട് കസ്റ്റംസ് ഡെപ്യൂട്ടി കമീഷണർ എസ്. ശ്യാംനാഥ് സമർപ്പിച്ച വിശദീകരണ പത്രികയിൽ പറയുന്നു.
കോഴിക്കോട് കരിപ്പൂർ വിമാനത്താവളത്തിൽ വിമാനമിറങ്ങിയ യാത്രക്കാരനിൽനിന്ന് പൊലീസ് പിടിച്ചെടുത്ത 169.1 ഗ്രാം സ്വർണം വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട് നൽകിയ ഹരജി മഞ്ചേരി ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി തള്ളിയതിനെതിരെ വടകര സ്വദേശി പി.എം. മുഹമ്മദ് ഹൈകോടതിയിൽ നൽകിയ ഹരജിയിലാണ് വിശദീകരണം. പ്രതികൾ ശരീരത്തിനുള്ളിൽ ഒളിപ്പിക്കുന്ന സ്വർണം പുറത്തെടുക്കാൻ പൊലീസ് സ്വീകരിക്കുന്ന നടപടി അശാസ്ത്രീയവും നിയമവിരുദ്ധവുമാണെന്ന് വിശദീകരണത്തിൽ പറയുന്നു. മജിസ്ട്രേറ്റിന്റെ അനുമതിയോടെ ശരീരത്തിന്റെ എക്സ്റേ എടുത്ത് മജിസ്ട്രേറ്റിൽനിന്ന് ഡോക്ടർക്കുള്ള നിർദേശം കൈപ്പറ്റിയിട്ട് വേണം സ്വർണം പുറത്തെടുക്കാൻ. ഇതൊന്നും പൊലീസ് ചെയ്യാറില്ല. മാത്രമല്ല, തൊണ്ടിമുതൽ ഉരുക്കിയും രൂപമാറ്റം വരുത്തിയും ഹാജരാക്കുന്നത് കേസ് ദുർബലപ്പെടുത്തുകയും ചെയ്യും.
പൊലീസിന്‍റെ തെറ്റായ നടപടിക്രമങ്ങൾമൂലം കേസ് അന്വേഷണം ആറുമാസത്തിലധികം നീണ്ടാൽ തൊണ്ടി ഉടമക്ക് കൈമാറേണ്ടിവരും. പിടികൂടുന്നവരെ ഉടൻ കസ്റ്റംസ് ഉദ്യോഗസ്ഥനോ മജിസ്ട്രേറ്റിനോ മുന്നിൽ ഹാജരാക്കണമെന്ന നിയമം പാലിക്കാറില്ല. കള്ളക്കടത്ത് കേസുകളിൽ കസ്റ്റംസിനെ സഹായിക്കേണ്ട പൊലീസ്, രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് സ്വർണവേട്ടയെന്ന് അവകാശപ്പെടുകയും ദൈനംദിന വിവരങ്ങൾ കൈമാറാതെ മറച്ചുവെക്കുകയും ചെയ്യുകയാണ്.
പൊലീസ് വിമാനത്താവളത്തിൽനിന്ന് സ്വർണം പിടികൂടുന്ന കേസുകൾ കസ്റ്റംസ് അറിയാത്ത സ്ഥിതിയുണ്ട്. അടുത്തകാലത്ത് പൊലീസ് നടത്തിയ 170 സ്വർണവേട്ടകളിൽ 134 മാത്രമാണ് കോടതി മുഖാന്തരം കസ്റ്റംസ് അറിഞ്ഞത്. ആറ് കേസുകൾ മാത്രമാണ് പൊലീസ് നേരിട്ട് കൈമാറിയതെന്നും കസ്റ്റംസ് ആരോപിക്കുന്നു. കോടതിയിൽ അപേക്ഷ നൽകിയതിനെത്തുടർന്ന് 102 കേസുകളിൽ പിടിച്ചെടുത്ത സ്വർണം കൈമാറി. ഹരജിക്കാരന്റെ കേസിൽ പൊലീസ് തൊണ്ടി കൈമാറുകയോ കോടതി നോട്ടീസ് ലഭിക്കുകയോ ചെയ്തിട്ടില്ല. ആഭരണങ്ങൾ വിദേശത്തുനിന്ന് കടത്തിയതാണെന്ന് പ്രഥമദൃഷ്ട്യാ ബോധ്യമായതിനാൽ തുടർനടപടിയിലേക്ക് കടക്കുമെന്നും ഹരജി തള്ളണമെന്നുമാണ് വിശദീകരണ പത്രികയിലെ ആവശ്യം. ജസ്റ്റിസ് സി.എസ്. ഡയസ് ഹരജി തിങ്കളാഴ്ച പരിഗണിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.