ക്രമക്കേട്​ നടന്ന മൂസ്പെറ്റ് ബാങ്കിൽ പണംപിൻവലിക്കാൻ ഇടപാടുകാരുടെ തിക്കുംതിരക്കും

തൃശൂർ: സി.പി.എം ഭരിക്കുന്ന തൃശൂർ മൂസ്‌പെറ്റ് സഹകരണ ബാങ്കിലെ വായ്പ ക്രമക്കേട് സംബന്ധിച്ച വിവരങ്ങൾ പുറത്തുവന്നതോടെ നിക്ഷേപങ്ങൾ പിൻവലിക്കാൻ ഇടപാടുകാരുടെ തിക്കുംതിരക്കും. ഇന്നലെ മാത്രം നൂറിലേറെ ഇടപാടുകാരാണ്​ തങ്ങളുടെ നിക്ഷേപം പിൻവലിച്ചത്​. ഇന്നും നിരവധി പേർ ബാങ്കിലെത്തിയിട്ടുണ്ട്​.

ഭൂമിയുടെ മതിപ്പ് വില കൂട്ടിക്കാണിച്ച് ബാങ്ക്​ ഭരണസമിതി അംഗങ്ങൾ നടത്തിയ തട്ടിപ്പിൽ 13 കോടി രൂപയുടെ നഷ്​ടമുണ്ടെന്നാണ് കണ്ടെത്തൽ. ക്രമക്കേട് സംബന്ധിച്ച അസി. രജിസ്ട്രാറുടെ അന്വേഷണ റിപ്പോർട്ടാണ്​ പുറത്തുവന്നത്​. തൃശൂർ നഗരത്തിൽ ചേലക്കോട്ടുകര വഴിയിൽ പ്രവർത്തിക്കുന്ന മൂസ്‌പെറ്റ് സഹകരണ ബാങ്കിൽ സഹകരണ രജിസ്ട്രാർ നടത്തിയ പരിശോധനയിലാണ് തട്ടിപ്പ് പുറത്തായത്. കരുവന്നൂർ ബാങ്ക്​ ക്രമക്കേട് സംബന്ധിച്ച റിപ്പോർട്ട് നൽകിയതിനൊപ്പം മൂസ്‌പെറ്റ് ബാങ്ക്​ ക്രമക്കേടും ചൂണ്ടിക്കാണിച്ചിരുന്നെങ്കിലും നടപടി സ്വീകരിച്ചില്ലെന്നും റിപ്പോർട്ടിൽ പറയുന്നു.

എട്ട് മാസം മുമ്പാണ് സഹകരണ അസി. രജിസ്ട്രാർ മൂസ്പെറ്റ് ബാങ്കിലെ ക്രമക്കേടിനെക്കുറിച്ച് അന്വേഷിച്ച് റിപ്പോർട്ട് സമർപ്പിച്ചത്. ബാങ്കി​െൻറ പ്രവർത്തന പരിധിക്ക് പുറത്താണ് പല വായ്പകളും നൽകിയത്. ഭരണസമിതി അംഗങ്ങളും ബന്ധുക്കളും അനധികൃതമായി വായ്പ തരപ്പെടുത്തി. ഭൂമി വില ഉയർത്തിക്കാട്ടി വായ്പ സ്വന്തമാക്കി. സെൻറിന് 20,000 രൂപ മാത്രം മതിപ്പ് വിലയുള്ള ഭൂമിക്ക് ഒരു ലക്ഷം രൂപയുടെ മൂല്യം കാണിച്ചാണ് വായ്പ നൽകിയത്. ഒരേ ഭൂമിയുടെ ഈടിൽ രണ്ടും മൂന്നും വായ്പകളും അനുവദിച്ചു. അത് തിരിച്ചടക്കാതെ കിട്ടാക്കടമായി.

38 ലക്ഷം രൂപ അറ്റാദായമുണ്ടായിരുന്ന ബാങ്ക് 13 കോടിയുടെ നഷ്​ടത്തിലേക്ക് കൂപ്പുകുത്തിയതായി രജിസ്ട്രാർക്ക് സമർപ്പിച്ച റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു. കരുവന്നൂർ ക്രമക്കേടുമായി ബന്ധപ്പെട്ട അന്വേഷണ കമീഷന് സമാനമായി മൂസ്പെറ്റ് ബാങ്ക് ക്രമക്കേട് പരാതിയിലും സി.പി.എം കമീഷനെ നിയോഗിച്ചിരുന്നു. സമിതി റിപ്പോർട്ട് നൽകിയെങ്കിലും നടപടിയുണ്ടായില്ല.

Tags:    
News Summary - Customers to withdraw money at Moospet Bank

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.