തോട്ടണ്ടി വാങ്ങല്‍: മന്ത്രി മേഴ്സിക്കുട്ടിയമ്മക്കെതിരെ 10.34 കോടിയുടെ അഴിമതി ആരോപണം

തിരുവനന്തപുരം: കശുവണ്ടി വികസന കോര്‍പറേഷനിലും കാപ്പെക്സിലും തോട്ടണ്ടി വാങ്ങിയതുമായി ബന്ധപ്പെട്ട് മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മക്കെതിരെ നിയമസഭയില്‍ 10.34 കോടി രൂപയുടെ അഴിമതി ആരോപണം. ധനവിനിയോഗ ബില്ലിന്‍െറ ചര്‍ച്ചക്കിടെ വി.ഡി. സതീശനാണ് ആരോപണം ഉന്നയിച്ചത്. ആരോപണം അടിസ്ഥാനരഹിതമാണെന്ന് മന്ത്രി പറഞ്ഞു. മേഴ്സിക്കുട്ടിയമ്മയും വി.ഡി. സതീശനും തമ്മില്‍ വാദപ്രതിവാദവും നടന്നു. തിരിമറി ഉണ്ടെന്ന് തെളിയിച്ചാല്‍ താന്‍ ഈ ജോലി അവസാനിപ്പിക്കുമെന്ന് മേഴ്സിക്കുട്ടിയമ്മ പറഞ്ഞു. കഴിഞ്ഞ സര്‍ക്കാറിന്‍െറ കോടികളുടെ അഴിമതി അന്വേഷിക്കുമ്പോള്‍ കശുവണ്ടി കോര്‍പറേഷനും കാപ്പെക്സും തുറക്കരുതെന്ന ഉദ്ദേശ്യത്തോടെ ഉന്നയിച്ച ആരോപണമാണിതെന്നും അവര്‍ പറഞ്ഞു. വിജിലന്‍സ് അന്വേഷണം വേണമെന്ന് പ്രതിപക്ഷനേതാവ് ആവശ്യപ്പെട്ടെങ്കിലും മുഖ്യമന്ത്രി പിണറായി വിജയന്‍ തള്ളി.

2016 ആഗസ്റ്റ്, സെപ്റ്റംബര്‍, ഒക്ടോബര്‍ മാസങ്ങളില്‍ കേരള കശുവണ്ടി വികസന കോര്‍പറേഷനും കാപ്പെക്സും രണ്ടിനങ്ങളിലുള്ള തോട്ടണ്ടി വാങ്ങിയതിലാണ് അഴിമതി നടന്നതായി സതീശന്‍ ആരോപിച്ചത്. കാപ്പെക്സ് എം.ഡി. ആര്‍. രാജേഷിനെ കഴിഞ്ഞസര്‍ക്കാര്‍ റിയാബിന്‍െറ ശിപാര്‍ശയില്‍ ആ സ്ഥാനത്തുനിന്ന് നീക്കിയതാണ്. കോര്‍പറേഷന്‍ എം.ഡി ടി.എഫ്. സേവ്യറിന്‍െറ പശ്ചാത്തലം മുഖ്യമന്ത്രി അന്വേഷിക്കണമെന്നും അദ്ദേഹം പറഞ്ഞു. ടെന്‍ഡര്‍വ്യവസ്ഥകളില്‍ നാല് പ്രധാന ഇളവുകള്‍ വരുത്തി. ഗുണനിലവാരം നടത്താന്‍ തേര്‍ഡ് പാര്‍ട്ടി ഏജന്‍സിയെ ഏല്‍പ്പിച്ചത് മാറ്റി വിതരണക്കാരത്തെന്നെ ചുമതലപ്പെടുത്തി. ജൂണ്‍ 22ന് മന്ത്രി വിളിച്ച യോഗത്തില്‍ മൂന്നുനാലുപേര്‍ മാത്രമാണ് പങ്കെടുത്തത്. അവരാണ് എം.ഡിയുമായി ഗൂഢാലോചന നടത്തി അഴിമതി നടത്തിയത്. ജൂണ്‍ 17ന് സീബി കമോഡിറ്റീസ് നല്‍കിയ മെട്രിക് ടണിന് 1584 യു.എസ് ഡോളര്‍ ക്വാട്ട് ചെയ്ത ടെന്‍ഡറും എക്സല്‍ സയന്‍റിഫിക് നല്‍കിയ 1689 ഡോളറിന്‍െറ ടെന്‍ഡറും കൂടിയ നിരക്കെന്ന് പറഞ്ഞ് നിരസിച്ചു.

പത്ത് ദിവസത്തിനകം ഒലാം ഇന്ത്യയുടെ 1858 യു.എസ് ഡോളറിന്‍െറ ടെന്‍ഡര്‍ സ്വീകരിച്ചു. ഇതുവഴി 1.82 കോടിയുടെ നഷ്ടം ഉണ്ടായി. ഒരേ ഗുണനിലവാരമുള്ള തോട്ടണ്ടിയാണ് പത്ത് ദിവസത്തിനകം വാങ്ങിയത്. തേര്‍ഡ്പാര്‍ട്ടി പരിശോധന നടത്താതെ പണം നല്‍കി. ശേഷമാണ് കട്ടിങ് പരിശോധന നടത്തിയത്. കേടായ കശുവണ്ടി 15 ശതമാനത്തില്‍ കൂടുതലുണ്ടായിരുന്നു.  2016 ജൂലൈയില്‍ വിനായക കമേഴ്സ്യല്‍ കമ്പനി 1886 യു.എസ് ഡോളര്‍ ആയി കാപ്പെക്സിന് ടെന്‍ഡര്‍ നല്‍കിയെങ്കിലും കൂടിയ വിലയെന്ന് പറഞ്ഞ് നിരസിച്ചു. ഈ കമ്പനി അതേ തോട്ടണ്ടി കശുവണ്ടി കോര്‍പറേഷന്‍ 2119 ഡോളറിന് നല്‍കി. 1.75 കോടി രൂപയുടെ വ്യത്യാസമാണ് ഈയിനത്തില്‍ ഉണ്ടായത്. തൂത്തുക്കുടി തുറമുഖത്ത് കിടന്ന ഒരേ ചരക്ക് തന്നെയാണ് രണ്ട് നിരക്കില്‍ രണ്ടു പ്രാവശ്യമായി ടെന്‍ഡര്‍ നല്‍കിയത്. മഹിമ ട്രേഡേഴ്സ്, ഇന്‍സാഫ് എന്നീ കമ്പനികള്‍ രണ്ട് ടെന്‍ഡറുകള്‍ ക്വാട്ട് ചെയ്തെങ്കിലും അവയുടെ ഡിക്ളറേഷന്‍ ഒരേ ഓഫിസില്‍ ഒരേ കമ്പ്യൂട്ടറില്‍ അടിച്ചതായിരുന്നു.

ഒരേപോലെ മൂന്ന് തെറ്റുകള്‍ ടെന്‍ഡറില്‍ രണ്ട് കമ്പനികളും വരുത്തി. ഒരു ടെന്‍ഡര്‍ ആവാതിരിക്കാനുള്ള തട്ടിപ്പായിരുന്നിത്. കശുവണ്ടി കോര്‍പറേഷനില്‍ നാല് ടെന്‍ഡറിലൂടെ 3900 മെട്രിക് ടണ്‍ ഗിനി-ബിസൗ തോട്ടണ്ടി വാങ്ങിയതില്‍ 6.87 കോടി രൂപയുടെ അഴിമതി നടന്നു. കാപ്പെക്സില്‍ രണ്ട് ടെന്‍ഡറില്‍ 2000 മെട്രിക് ടണ്‍ തോട്ടണ്ടി വാങ്ങിയതില്‍ 3.47 കോടി രൂപയുടെ അഴിമതിയാണ് നടന്നതെന്നും സതീശന്‍ ആരോപിച്ചു. എന്നാല്‍, സംസ്ഥാനത്തിന്‍െറ പൊതുതാല്‍പര്യം സംരക്ഷിച്ച് മാത്രമാണ് തോട്ടണ്ടി വാങ്ങിയതെന്നും മറിച്ചുള്ള ആക്ഷേപം അടിസ്ഥാനരഹിതമാണെന്നും മന്ത്രി പറഞ്ഞു. കോര്‍പറേഷനും കാപ്പെക്സും തോട്ടണ്ടി വാങ്ങിയത് ഡോളര്‍ നിരക്കിലല്ല, ലോക്കല്‍ പര്‍ച്ചേസ് സമ്പ്രദായത്തിലാണ്. രണ്ടുസ്ഥാപനങ്ങളിലെയും എം.ഡിമാരെ നിയമിച്ചത് വിജിലന്‍സിന്‍െറയും മുഖ്യമന്ത്രിയുടെയും ക്ളിയറന്‍സിന് ശേഷമാണ്. മുന്‍ സര്‍ക്കാറിന്‍െറ കാലത്ത് കോര്‍പറേഷനിലെ അഴിമതിയുമായി ബന്ധപ്പെട്ട് അന്വേഷണ സംഘത്തിലുണ്ടായിരുന്ന ആളാണ് ടി.എഫ്. സേവ്യര്‍. വളരെയധികം പ്രലോഭനങ്ങള്‍ ഉണ്ടായിട്ടും അദ്ദേഹം അതില്‍ വീണില്ല. ഓണത്തിന് മുമ്പ് ഫാക്ടറി തുറക്കാനുള്ള ശ്രമം തകര്‍ക്കാന്‍ കൊല്ലത്തെ ലോബി ശ്രമിച്ചു.

സി.പി.എം സംസ്ഥാന സെക്രട്ടറിക്ക് പരാതി അയച്ചു. അദ്ദേഹം പരാതി തനിക്ക് കൈമാറി. മേല്‍വിലാസത്തില്‍ അന്വേഷിച്ചപ്പോള്‍ അങ്ങനെ ഒരാള്‍ ഉണ്ടായിരുന്നില്ല. ഒരു പത്രത്തില്‍ മന്ത്രിയും ഭര്‍ത്താവും അഴിമതിക്ക് കളമൊരുക്കുന്നെന്ന് വാര്‍ത്ത വന്നു. പത്രവുമായി ബന്ധപ്പെട്ടപ്പോള്‍ ലേഖകനെ പുറത്താക്കി എന്നാണ് അറിയിച്ചത്. സെപ്റ്റംബര്‍ അവസാനം കോര്‍പറേഷന് ലഭിച്ച ടെന്‍ഡറില്‍ കിലോക്ക് 142 രൂപ വെച്ച് വാങ്ങാന്‍ തീരുമാനിച്ചു. കട്ടിങ് ടെസ്റ്റില്‍ ഒൗട്ട്ടേണ്‍ കുറവായതിനാല്‍ 138 രൂപ നിരക്കിലാണ് വാങ്ങിയത്. അന്നേദിവസം കാപ്പെക്സിന് 160 രൂപ, 152 രൂപ, 146 രൂപ നിരക്കില്‍ മൂന്ന് ടെന്‍ഡര്‍ ലഭിച്ചു. കൂടിയ വില ആയതിനാല്‍ വീണ്ടും ടെന്‍ഡര്‍ ചെയ്ത് 125 രൂപ നിരക്കിലുള്ള ക്വട്ടേഷന്‍ അംഗീകരിച്ചു. ഇതിനിടെ പരിപ്പിന് വില കൂടിയതിനാല്‍ കമ്പനി തോട്ടണ്ടി നല്‍കാന്‍ തയാറായില്ല. നിയമനടപടി സ്വീകരിക്കുമെന്ന് പറഞ്ഞപ്പോള്‍ 1000 ടണ്ണില്‍ 999 ടണ്‍ നല്‍കി. ഗുണമേന്മ കുറഞ്ഞെന്ന് തെളിഞ്ഞതിനാല്‍ 105 രൂപ വെച്ചാണ് നല്‍കിയത്. കഴിഞ്ഞ സര്‍ക്കാറിന്‍െറ വിദഗ്ധസമിതി നിര്‍ദേശിച്ച ഏജന്‍സികളാണ് കട്ടിങ് ടെസ്റ്റ് നടത്തിയതെന്നും അവര്‍ പറഞ്ഞു.

 

Tags:    
News Summary - curreption mercykutty

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.