തിരുവനന്തപുരം : സർക്കാരിനെതിരെ സമൂഹ മാധ്യമത്തിൽ വിമർശനം നടത്തിയതിന്റെ പേരിൽ സസ്പെ ന്റ് ചെയ്ത ഉദ്യോഗസ്ഥനെ തിരിച്ചെടുക്കാൻ റവന്യൂ വകുപ്പിന്റെ ഉത്തരവ്. തിരുവനന്തപുരം എൽ.എ(ജനറൽ) സ്പെഷ്യൽ തഹസിൽദാരുടെ കാര്യാലയത്തിലെ സീനിയിർ ക്ലർക്കായിരുന്ന എ. ഷാനവാസിനെയാണ് സസ്പെഷൻ പിൻവലിച്ച് സേവനത്തിൽ പുനപ്രവേശിപ്പിക്കാൻ ഉത്തരവായത്.
ഷാനവാസ് അഡ്മിൻ ആയ വാട്സാപ് ഗ്രൂപ്പിൽ റവന്യൂ വകുപ്പിലെ ജീവനക്കാരുടെ മനോവീര്യം കെടുത്തുന്ന രീതിയിൽ തുടർച്ചായായി സർക്കാർ വിരുദ്ധ പോസ്റ്റുകൾ ഇട്ടതിനാണ് അദ്ദേഹത്തെ സസ്പെ ന്റ് ചെയ്തത്. അന്വേഷണത്തിൽ ഷാനവാസിന്റെ ഭാഗത്ത് നിന്ന് വീഴ്ചയുണ്ടായി എന്ന് അന്വേഷണത്തിൽ കണ്ടെത്തി. എന്നാൽ, സമാനമായ വിഷയത്തിൽ വിവധ കോടതികളിൽനിന്ന് കുറ്റാരോപിതർക്ക് അനുകൂലമായ വിധിന്യായങ്ങളുണ്ടെന്ന് റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടി.
ഷാനവാസിന്റെ സമൂഹ മാധ്യമത്തിലെ വിമർശനം അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ പരിധിയിൽ പെടുന്നതാണ്. എങ്കിലും റവന്യൂ വകുപ്പിലെ ഉത്തരവാദിത്തപ്പെട്ട ഉദ്യോഗസ്ഥനെന്ന നിലയിൽ സമൂഹമാധ്യമങ്ങൾ ഉപയോഗിക്കുന്നതിൽ കൂടുതൽ ജാഗ്രതപുലർത്തണം. ഇക്കാര്യത്തിൽ ഭാവിയിൽ ശ്രദ്ധാലു ആയിരിക്കുമെന്ന് ഹിയറിങ് വേളയിൽ നൽകിയ ഉറപ്പും പരിഗണിച്ചു.
മേലിൽ ഇത് ആവർത്തിക്കരുതെന്നും ഭാവിയിൽ ഇത്തരം പ്രവർത്തികൾ സർക്കാരിന്റെ ശ്രദ്ധയിൽപ്പെട്ടാൽ അത് മനഃപൂർവമാണെന്ന് കണക്കാക്കി കർശനമായ അച്ചടക്ക നടപടി സ്വീകരിക്കുമെന്നും ഉള്ള കർശന താക്കീത് നൽകിയാണ് ഉത്തരവ്. ഷാനവാസിനെ സേവനത്തിൽ ഉടൻ പുനപ്രവേശിപ്പിച്ച് ഉചിതമായ തസ്തികയിൽ നിയമിക്കുന്നതിനുള്ള നടപടി ലാൻഡ് റവന്യൂ കമീഷണർ സീകരിക്കണമെന്നും ഉത്തരവിൽ നിർദേശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.