ഗുണ്ട ആക്രമണം; കോണ്‍ഗ്രസ് നേതാക്കള്‍ ഒളിവില്‍; കൂട്ടാളികളെ കസ്റ്റഡിയില്‍ വാങ്ങും

കൊച്ചി: സി.പി.എം ജില്ലാ നേതാവിനുപിന്നാലെ ഗുണ്ട ആക്രമണം നടത്തിയെന്ന പരാതിയില്‍ കേസെടുത്ത കോണ്‍ഗ്രസ് നേതാക്കളുടെ സഹായികളെ പൊലീസ് കസ്റ്റഡിയില്‍ വാങ്ങും. മുഖ്യപ്രതികളായ കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്‍റും ഐ.എന്‍.ടി.യു.സി ജില്ല വൈസ് പ്രസിഡന്‍റും മരട് നഗരസഭാ വൈസ് ചെയര്‍മാനുമായ ആന്‍റണി ആശാന്‍പറമ്പില്‍, കൗണ്‍സിലറും വിദ്യാഭ്യാസ  സ്ഥിരം സമിതി ചെയര്‍മാനുമായ ജിന്‍സണ്‍ പീറ്റര്‍ എന്നിവര്‍ ഒളിവില്‍ പോയ സാഹചര്യത്തിലാണ് റിമാന്‍ഡിലുള്ള നെട്ടൂര്‍ സ്വദേശികളായ നൈമനപ്പറമ്പില്‍ അബി(35), നങ്യാരത്തുപറമ്പ്  ഭരതന്‍ ഷിജു (40), കിഞ്ചി സലാം എന്ന സലാം ( 40), പള്ളുരുത്തി സ്വദേശി റംഷാദ് (35) എന്നിവരെ തെളിവെടുപ്പിനായി കസ്റ്റഡിയില്‍ വാങ്ങുന്നത്. ഇവര്‍ക്കായുള്ള കസ്റ്റഡി അപേക്ഷ ഉടന്‍ സമര്‍പ്പിക്കുമെന്ന് സൗത്ത് സി.ഐ പറഞ്ഞു.

ഒമ്പതുപേര്‍ക്കെതിരെയാണ് കൊച്ചി സിറ്റി പൊലീസ് ഗുണ്ടവിരുദ്ധ സ്ക്വാഡ് (സി.ടി.എഫ്) കഴിഞ്ഞദിവസം കേസെടുത്ത്. ആന്‍റണി ആശാന്‍പറമ്പില്‍, ജിന്‍സണ്‍ പീറ്റര്‍ എന്നിവരാണ് ഒന്നും രണ്ടും പ്രതികള്‍. ഇവര്‍ ഉള്‍പ്പെടെ അഞ്ചുപേരാണ് ഒളിവില്‍ പോയത്.

സി.പി.എം നേതാവ് വി.എ. സക്കീര്‍ ഹുസൈനെതിരെ യുവ വ്യവസായി ജൂബി പൗലോസ് നല്‍കിയതിന് പിന്നാലെയാണ് സമാനസ്വഭാവമുള്ള പരാതി കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ നെട്ടൂര്‍ ആലുങ്കപ്പറമ്പില്‍ എ.എം. ഷുക്കൂര്‍ സമര്‍പ്പിച്ചത്.

ഐ.എന്‍.ടി. യു.സി തൊഴിലാളികൂടിയായ തന്നെ  കോണ്‍ഗ്രസ്  മണ്ഡലം പ്രസിഡന്‍റുകൂടിയായ  ആന്‍റണി ആശാന്‍പറമ്പില്‍ കാറില്‍ തട്ടിക്കൊണ്ടുപോയി ഗുണ്ടകളെ ഉപയോഗിച്ച് മര്‍ദിച്ചെന്നുകാട്ടി ഷുക്കൂര്‍ സിറ്റി പൊലീസ് കമീഷണര്‍ക്കാണ് പരാതി നല്‍കിയത്.

Tags:    
News Summary - crime

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.