സോളാർ പീഡന കേസിൽ ഉമ്മൻചാണ്ടിക്കെതിരെ തെളിവില്ല; പരാതിക്കാരി ക്ലിഫ്ഹൗസിൽ എത്തിയില്ലെന്ന് ക്രൈംബ്രാഞ്ച്

തിരുവനന്തപുരം: സോളാർ പീഡന കേസിൽ മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിക്കെതിരെ തെളിവില്ലെന്ന് ക്രൈംബ്രാഞ്ച് റിപ്പോർട്ട്. പീഡനം നടന്നുവെന്ന് പരാതിക്കാരി പറയുന്ന ദിവസം അന്നത്തെ മുഖ്യമന്ത്രിയായിരുന്ന ഉമ്മൻചാണ്ടി ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിൽ ഇല്ലായിരുന്നുവെന്നും പരാതിക്കാരി ക്ലിഫ്ഹൗസിൽ എത്തിയതിന് തെളിവില്ലെന്നും ആഭ്യന്തര-അഡീഷനൽ ചീഫ് സെക്രട്ടറിയായ ടി.കെ ജോസിന്‍റെ റിപ്പോർട്ടിൽ പറയുന്നു. വിവരാവകാശ നിയമപ്രകാരം ലഭിച്ച ആഭ്യന്തര വകുപ്പിന്‍റെ റിപ്പോർട്ടിന്‍റെ വിശദാംശങ്ങൾ ഒരു ന്യൂസ് ചാനലാണ് പുറത്തുവിട്ടത്.

കേസ് അന്വേഷണത്തിന്‍റെ ഭാഗമായി ഉമ്മൻചണ്ടിയുടെ പേഴ്സണൽ സ്റ്റാഫിനെയും അന്നേദിവസം ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരനെയും മറ്റുള്ളവരെയും ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തിരുന്നു. കൂടാതെ, പരാതിക്കാരിയുടെ ഡ്രൈവർമാരുടെ മൊഴിയും രേഖപ്പെടുത്തി. പരാതിക്കാരിയുടെ പരാതിയിൽ പറയുന്ന പ്രകാരമുള്ള കാര്യങ്ങൾ സംഭവിച്ചിട്ടില്ലെന്നും റിപ്പോർട്ടിൽ പറയുന്നു.

പരാതിയുമായി ബന്ധപ്പെട്ട ടെലിഫോൺ രേഖകൾക്കായി സേവനദാതാക്കളെ ബന്ധപ്പെട്ടിരുന്നു. എന്നാൽ, ഏഴു വർഷം കഴിഞ്ഞതിനാൽ ടെലിഫോൺ രേഖകൾ കിട്ടിയില്ലെന്നും ആഭ്യന്തര -അഡീഷനൽ ചീഫ് സെക്രട്ടറി‍യുടെ മൂന്നു പേജുള്ള റിപ്പോർട്ടിൽ പറയുന്നു.

പരാതിക്കാരിയുടെ മൊഴി അടിസ്ഥാനമാക്കി ഉമ്മൻചാണ്ടി അടക്കമുള്ളവർക്കെതിരെ 2018ലാണ് പീഡനക്കേസ് രജിസ്റ്റർ ചെയ്യുന്നത്. രണ്ടര വർഷം ക്രൈംബ്രാഞ്ച് അന്വേഷണം നടത്തി. തുടർന്ന് പരാതിക്കാരി നൽകിയ പരാതി പ്രകാരം കഴിഞ്ഞ ജനുവരി 24നാണ് പീഡനക്കേസിന്‍റെ അന്വേഷണം സംസ്ഥാന സർക്കാർ സി.ബി.ഐക്ക് കൈമാറിയത്.

സി.ബി.ഐ അന്വേഷണത്തിന്‍റെ നടപടിക്രമങ്ങൾ പ്രകാരം സംസ്ഥാന ആഭ്യന്തര വകുപ്പ് കേസിന്‍റെ ഇതുവരെയുള്ള സ്ഥിതിവിവര റിപ്പോർട്ട് കേന്ദ്രസർക്കാറിന് നൽകേണ്ടതുണ്ട്. ഈ റിപ്പോർട്ട് അടിസ്ഥാനമാക്കിയാണ് സി.ബി.ഐ കേസ് ഏറ്റെടുക്കണമോ എന്ന് തീരുമാനിക്കുന്നത്. ഇതുപ്രകാരം സംസ്ഥാന ആഭ്യന്തര സെക്രട്ടറി സമർപ്പിച്ച റിപ്പോർട്ടിലാണ് ഉമ്മൻചാണ്ടിക്കെതിരെ തെളിവില്ലെന്ന് പറയുന്നത്.

2012 സെപ്റ്റംബർ 19 വൈകീട്ട് നാലുമണിക്ക് ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിൽ വെച്ച് പീഡിപ്പിച്ചെന്നാണ് പരാതിക്കാരി പറയുന്നത്. 

Tags:    
News Summary - Crime branch reports that there is no evidence against Oommen Chandy in the solar torture case

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.