എടരിക്കോട് പഞ്ചായത്തിൽ വി​ള്ള​ല്‍ രൂ​പ​പ്പെ​ട്ട ഭാ​ഗ​വും

പ്ര​വൃ​ത്തി പു​രോ​ഗ​മി​ക്കു​ന്ന ആ​റു​വ​രി​പാ​ത​യും

ആറുവരിപാത നിര്‍മാണം പുരോഗമിക്കുന്നതിനിടെ വിള്ളല്‍; നാട്ടുകാർ ഭീതിയിൽ

കോട്ടക്കല്‍: ദേശീയപാത ആറുവരിപാതയുടെ നിര്‍മാണ പ്രവൃത്തികള്‍ പുരോഗമിക്കുന്നതിനിടെ രൂപപ്പെട്ട വിള്ളല്‍ പ്രദേശത്തുകാരെ ഭീതിയിലാഴ്ത്തുന്നു. പാത കടന്നുപോകുന്ന എടരിക്കോട് പഞ്ചായത്തിലെ പത്താം വാര്‍ഡ് ഉള്‍പ്പെടുന്ന ചെരിച്ചിയിലാണ് സംഭവം. പത്തിലധികം കുടുംബങ്ങള്‍ താമസിക്കുന്ന ഭാഗത്തെ ചെങ്കല്ല് പാതയിലാണ് വിള്ളല്‍ രൂപപ്പെട്ടിരിക്കുന്നത്.

രണ്ടരയടിയലധികം നീളത്തിലാണ് വിള്ളല്‍. റോഡിന് കുറുകെ രൂപപ്പെട്ട വിള്ളല്‍ സമീപത്തെ കുന്നത്തുംപടിയന്‍ മുഹമ്മദ് കുട്ടിയുടെ വീടിന്റെ മതിലിലേക്കാണ് എത്തിയിരിക്കുന്നത്. പാതയുടെ മറ്റൊരു വശത്തും സമാന അവസ്ഥയാണ്. കഴിഞ്ഞദിവസം രാത്രി വലിയ ശബ്ദം കേട്ടിരുന്നതായും തുടർന്നാണ് വിള്ളല്‍ കണ്ടതെന്നും പ്രദേശവാസികൾ പറയുന്നു. ബൈപാസ് നിര്‍മാണഭാഗമായി പാലച്ചിറമാട് മുതല്‍ ചിനക്കല്‍ വരെയുള്ള 4.6 കിലോമീറ്ററര്‍ ദൂരത്തില്‍ വലിയ പാലങ്ങളാണ് നിര്‍മിക്കുന്നത്.

റോ​ഡി​ന് കു​റു​കെ രൂ​പ​പ്പെ​ട്ട വി​ള്ള​ൽ

ഇതിനായി പാറ പൊട്ടിച്ചും വലിയ ഖനനം നടത്തിയുമാണ് കൂറ്റന്‍ തൂണുകള്‍ നിര്‍മിച്ചത്. വലിയ ആഴത്തില്‍ മണ്ണെടുത്താണ് പാത നിര്‍മാണം. ഇതിനോട് ചേര്‍ന്നാണ് ഇപ്പോള്‍ കാണപ്പെട്ട വിള്ളൽ. ദേശീയപാത നിര്‍മാണ അതോറിറ്റി അധികൃതരെ അറിയിച്ചതിനെ തുടര്‍ന്ന് സ്ഥലത്ത് പരിശോധന നടത്തിയെങ്കിലും പ്രവൃത്തികളുടെ ഭാഗമായിട്ടല്ല വിള്ളലെന്നാണ് ഇവര്‍ നല്‍കുന്ന വിശദീകരണം. എന്നാല്‍, മുമ്പ് ഇത്തരത്തില്‍ ഒരു പ്രശ്നം ഇവിടെ ഉണ്ടായിട്ടില്ലെന്ന് പ്രദേശവാസികൾ പറയുന്നു.

ഉന്നത ഉദ്യോഗസ്ഥരുടെ ശ്രദ്ധയില്‍ വിഷയം ഉള്‍പ്പെടുത്താമെന്നാണ് അതോറിറ്റി അധികൃതർ ഉറപ്പ് നല്‍കിയിരിക്കുന്നത്. പൊടിപടലം മൂലം വലിയ ആരോഗ്യപ്രശ്നങ്ങളാണ് പ്രദേശവാസികൾ നേരിടുന്നത്. ശുദ്ധജലക്ഷാമവും അനുഭവപ്പെടുന്നതോടെ ദുരിതം ഏറുകയാണ്. ചങ്കുവെട്ടി, എടരിക്കോട് ഭാഗത്തെ ഗതാഗതക്കുരുക്കിനടക്കം ശമനമാകുന്ന പാതയുടെ നിര്‍മാണം പൂര്‍ത്തിയാകുന്നതുവരെ ആശങ്കയില്‍ കഴിയേണ്ട അവസ്ഥയിലാണെന്നാണ് നാട്ടുകാര്‍ പറയുന്നത്.

Tags:    
News Summary - Crack while construction of six lane is in progress; The locals are in fear

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.