വിള്ളൽ പരിശോധിക്കാൻ മന്ത്രി കെ. രാജൻ നൗഫലിന്റെ വീട്ടിൽ കയറിയത് അനുവാദമില്ലാതെ, ഇതിന് മാപ്പ് പറയാൻ തയാറാകണം -ഒ.ജെ. ജനീഷ്

കൽപ്പറ്റ: വയനാട് ചൂരൽമലയിലെ ടൗൺഷിപ്പ് വീട്ടിലെ വിള്ളൽ പരിശോധിക്കാൻ മന്ത്രി കെ. രാജൻ നൗഫലിന്റെ വീട്ടിൽ കയറിയത് അനുവാദമില്ലാതെയാണെന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ഒ.ജെ. ജനീഷ്. ഇതിന് മന്ത്രി കെ. രാജൻ നൗഫലിനോട് മാപ്പ് പറയാൻ തയാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. നൗഫലിന്റെ വീട്ടിൽ അതിക്രമിച്ചു കയറിയാണ് വിള്ളൽ പരിശോധിച്ചത്. നൗഫലിന്റെ സമീപത്തെ വീട്ടിലും വിള്ളൽ കണ്ടെത്തിയിരുന്നു, എന്നാൽ അവിടെ രാജൻ പരിശോധന നടത്തിയില്ല. ദുരന്തബാധിതരെ മുൻനിർത്തി രാഷ്ട്രീയം പറഞ്ഞതും അപമാനിച്ചതും ശരിയായില്ലെന്നും ഒ.ജെ. ജനീഷ് വ്യക്തമാക്കി.

ടൗൺഷിപ്പ് വീട്ടിലെ വിള്ളലിൽ മന്ത്രി കെ. രാജൻ ഏറ്റവും ചുരുങ്ങിയത് കാര്യങ്ങൾ ബോധ്യപ്പെടുത്തേണ്ടത് നൗഫലിനെയാണ്. നൗഫലിനോട് സംസാരിക്കാതെ മന്ത്രി സി.പി.എം ജില്ല സെക്രട്ടറിയോടാണ് സംസാരിച്ചത്. മന്ത്രി കിളി പോയതുപോലെ പെരുമാറിയെന്നാണ് നൗഫൽ എന്നോട് പറഞ്ഞത്. ഡി.വൈ.എഫ്.ഐക്ക് സൈബർ ലിഞ്ചിങ് നടത്താൻ ആരും അവകാശം നൽകിയിട്ടില്ല. വയനാട്ടിലെ ദുരന്തബാധിതർക്ക് അഭിപ്രായം പറയണമെങ്കിൽ ഡി.വൈ.എഫ്.ഐയെ പേടിക്കണോയെന്നും അദ്ദേഹം ചോദിച്ചു.

ഡി.വൈ.എഫ്.ഐക്കാരെ ജനങ്ങൾ ഏത് രീതിയിൽ ബഹുമാനിക്കണമെന്ന് വി. വസീഫ് വ്യക്തമാക്കണം. കേരളത്തിലെ ജനങ്ങളിൽനിന്ന് പണം പിരിച്ചു ഊരാളുങ്കൽ സൊസൈറ്റിക്ക് കൈമാറി ഡി.വൈ.എഫ്.ഐ എല്ലാവരെയും പറ്റിക്കുന്നു. മമ്മൂട്ടിക്കും നൗഫലിനും കേരളത്തിലുള്ളത് ഒരേ അവകാശമാണ്. സർക്കാറിലെ വിശ്വാസത്തെയാണ് നൗഫലിന് നഷ്ടപ്പെട്ടത്. വയനാട് ദുരിതാശ്വാസനിധി സി.എം.ഡി.ആർ.എഫിന് കൈമാറുമെന്നായിരുന്നു വി.കെ. സനോജ് പറഞ്ഞ്. എന്നാൽ സി.എം.ഡി.ആർ.എഫിൽ ലഭിച്ച 278 കോടിയിൽ ഡി.വൈ.എഫ്.ഐ നൽകിയ 20 കോടിയില്ലെന്നും ഒ.ജെ. ജനീഷ് ആരോപിച്ചു. ഇത് സനോജ് പുറത്തുവിട്ട രേഖകൾ പ്രകാരം വ്യക്തമാണ്. അങ്കമാലിയിലെ കാനറ ബാങ്കിലേക്കാണ് പണം കൈമാറിയതെന്നും ജനീഷ് ആരോപിച്ചു.

Tags:    
News Summary - Minister K. Rajan entered Naufal's house to check the crack without permission, he should be ready to apologize for this - O.J. Janeesh

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.