പൊലീസിനെ അനുസരിക്കണമെന്ന് എസ്.പി; എല്ലാം അംഗീകരിക്കാനാവില്ളെന്ന് സി.പി.എം

കണ്ണൂര്‍: രാഷ്ട്രീയ സംഘര്‍ഷങ്ങള്‍ക്ക് അറുതിവരുത്താന്‍ നേതാക്കളുടെ നാക്കിന് കുരുക്കിടുന്ന പുതിയ തന്ത്രങ്ങളുമായി ജില്ലാ പൊലീസ്. പ്രസംഗങ്ങള്‍ റെക്കോഡ് ചെയ്ത്, പ്രകോപനപരമാണെങ്കില്‍ തെളിവ് സഹിതം നേതാക്കള്‍ക്ക് കാരണംകാണിക്കല്‍ നോട്ടീസ് നല്‍കും. തൃപ്തികരമല്ലാത്ത മറുപടി നല്‍കുന്നവര്‍ക്കെതിരെ, കലാപമുണ്ടാക്കാന്‍ ശ്രമിച്ചതിനുള്ള വകുപ്പ് ചാര്‍ത്തി കേസെടുക്കാനാണ് ജില്ലാ പൊലീസിന്‍െറ നീക്കം.

ഇതിന്‍െറ മുന്നോടിയായി നേതാക്കള്‍ക്ക് മുന്നറിയിപ്പ് നോട്ടീസ് നല്‍കുന്ന നടപടി ആരംഭിച്ചപ്പോള്‍ സി.പി.എം ജില്ലാ സെക്രട്ടറി അതിനോട് പരസ്യമായി പ്രതികരിച്ചു. ചില പൊലീസ് ഉദ്യോഗസ്ഥര്‍ നിഷ്പക്ഷരല്ലാത്തതിനാല്‍ പൊലീസ് സ്വീകരിക്കുന്ന എല്ലാ നടപടിയും അംഗീകരിക്കാനാവില്ളെന്ന് സി.പി.എം ജില്ലാ സെക്രട്ടറി പി. ജയരാജന്‍ പ്രസ്താവനയില്‍ പറഞ്ഞു.

കഴിഞ്ഞ ദിവസമാണ് കണ്ണൂര്‍ പൊലീസിന്‍െറ ചരിത്രത്തിലാദ്യമായി ജില്ലാ പൊലീസ് ചീഫ്, നേതാക്കള്‍ക്ക് താക്കീത് നല്‍കുന്ന നോട്ടീസ് വിതരണം ചെയ്തത്. ജില്ലയില്‍ സമാധാനം പുന$സ്ഥാപിക്കുന്നതിന് നേതാക്കളുടെ ഭാഗത്തുനിന്നുള്ള സഹകരണം രേഖാമൂലം അഭ്യര്‍ഥിച്ചാണ് ജില്ലാ പൊലീസ് ചീഫ് മിക്ക പാര്‍ട്ടികളുടെയും നേതാക്കള്‍ക്ക് പ്രത്യേകം പേരുവെച്ച് കത്ത് നല്‍കിയത്. സി.പി.എം, ബി.ജെ.പി, കോണ്‍ഗ്രസ്, ആര്‍.എസ്.എസ്, മുസ്ലിം ലീഗ്, എസ്.ഡി.പി.ഐ തുടങ്ങി മിക്ക പാര്‍ട്ടി ഓഫിസുകളിലുമത്തെിയ കത്തില്‍ അഞ്ച് നിര്‍ദേശങ്ങളാണുള്ളത്.  

ജില്ലാ പൊലീസ് ചീഫിന്‍െറ അഞ്ച് നിര്‍ദേശങ്ങളും പാര്‍ട്ടി ചര്‍ച്ചചെയ്ത ശേഷമാണ് താന്‍ പ്രസ്താവന നടത്തുന്നതെന്ന മുഖവുരയോടെയാണ് പി. ജയരാജന്‍ കത്തിലെ നിര്‍ദേശങ്ങള്‍ തള്ളിയത്. കണ്ണൂര്‍ ജില്ലയിലെ രാഷ്ട്രീയ സംഘര്‍ഷങ്ങള്‍ എസ്.പി പറയുന്നതുപോലെ കേവലമൊരു ക്രമസമാധാന പ്രശ്നം മാത്രമല്ല. ആര്‍.എസ്.എസിന്‍െറ കേരള അജണ്ടയുടെ ഭാഗമാണ്. പ്രസംഗങ്ങളിലും മറ്റും കായിക ആക്രമണങ്ങള്‍ പ്രോത്സാഹിപ്പിക്കുന്ന രീതി ഒഴിവാക്കാം. പക്ഷേ, പലയിടത്തും സംഘ്പരിവാര്‍ മതസ്പര്‍ധ ഉളവാക്കുന്ന നിലയിലുള്ള പരാമര്‍ശങ്ങള്‍ നടത്തുന്നുണ്ട്. അതിനെതിരെ കര്‍ശന നടപടിയെടുക്കണം. ക്ഷേത്രങ്ങളിലും സര്‍ക്കാര്‍ സ്ഥലങ്ങളിലും ആര്‍.എസ്.എസ് ശാഖകള്‍  അവസാനിപ്പിക്കണം.

സമാധാന പാലനത്തിന്‍െറ പേരില്‍ പൊലീസ് സ്വീകരിക്കുന്ന നടപടികള്‍ക്കെതിരെ പ്രതികരിക്കരുതെന്ന നിര്‍ദേശം  തള്ളുന്നു. കാരണം പൊലീസ് ഉദ്യോഗസ്ഥരില്‍ എല്ലാവരും നിഷ്പക്ഷമായി പ്രവര്‍ത്തിക്കുന്നവരല്ല. അവരില്‍ തെറ്റായ നടപടികള്‍ സ്വീകരിക്കുന്ന പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ പ്രതികരിക്കേണ്ടത് ആവശ്യമാണ്. പൊതു ഇടങ്ങളിലെ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ ജനങ്ങളുടെ രാഷ്ട്രീയ പ്രബുദ്ധതയുടെ ഭാഗമായതിനാല്‍ ഒഴിവാക്കാനാവില്ല.

കഴിഞ്ഞ തെരഞ്ഞെടുപ്പ് വേളയില്‍ അന്നത്തെ എസ്.പി,  അക്രമസംഭവങ്ങള്‍ ഉണ്ടായാല്‍ മത്സരിച്ച സ്ഥാനാര്‍ഥിക്കെതിരെ കേസെടുക്കുമെന്ന നോട്ടീസ് നല്‍കിയപ്പോള്‍ ജനങ്ങളില്‍നിന്ന് ശക്തമായ പ്രതിഷേധമുയര്‍ന്ന കാര്യം  ഓര്‍മിപ്പിച്ചുകൊണ്ടാണ് പി. ജയരാജന്‍ പ്രസ്താവന അവസാനിപ്പിക്കുന്നത്.
പയ്യന്നൂര്‍ ഇരട്ടക്കൊലക്ക് ശേഷമുള്ള പൊലീസ് നടപടിയുടെ പേരില്‍ എസ്.പിയുമായി സി.പി.എം ജില്ലാ നേതൃത്വം പിണങ്ങിയിരുന്നു. പുതിയ കത്ത് വിവാദത്തോടെ അകല്‍ച്ച വര്‍ധിക്കും. 

പൊലീസിന്‍െറ അഞ്ച് നിര്‍ദേശങ്ങള്‍

1. ജില്ലയിലെ രാഷ്ട്രീയ കൊലപാതകങ്ങളില്‍നിന്ന് നിയമപരമായും ധാര്‍മികമായും നേതാക്കള്‍ക്ക് ഒഴിഞ്ഞുമാറാനാവണമെങ്കില്‍ അക്രമമാര്‍ഗം വെടിയുന്നതിനുള്ള ആത്മാര്‍ഥമായ പ്രചാരണത്തിന് നേതാക്കള്‍ രംഗത്തിറങ്ങണം.

2. ‘നിങ്ങളുടെ പ്രസംഗങ്ങളിലോ പ്രസ്താവനകളിലോ പൊതുഭാഷണങ്ങളിലോ പ്രത്യക്ഷത്തിലോ പരോക്ഷമായോ അക്രമം പ്രോത്സാഹിപ്പിക്കത്തക്ക വിധമുള്ള വാചകങ്ങള്‍ ഉണ്ടാവരുത്. സമാധാന സന്ദേശം പ്രചരിപ്പിക്കുന്നവയാവണം നേതാക്കളുടെ പ്രസംഗങ്ങള്‍. സമാധാനം നിലനിര്‍ത്തുന്നതില്‍ മറ്റാരേക്കാളും  നേതാക്കള്‍ക്ക് ഉത്തരവാദിത്തമുണ്ട്.

3. സമാധാനപാലനത്തിനായി പൊലീസ് സ്വീകരിക്കുന്ന കര്‍ശന നടപടികളെ എതിര്‍ത്തുകൊണ്ട് രംഗത്തുവരുന്നവര്‍ വിട്ടുവീഴ്ചയില്ലാത്ത നിയമനടപടി നേരിടേണ്ടിവരും.

4. കേസില്‍ ഉള്‍പ്പെട്ട് ജാമ്യത്തിലിറങ്ങുന്നവരെ മഹത്വവത്കരിച്ച് സ്വീകരിച്ചാനയിക്കുകയോ കുറ്റവാളികള്‍ക്ക് പ്രോത്സാഹനം നല്‍കുന്ന സമീപനം സ്വീകരിക്കുകയോ ചെയ്യരുത്.

5. നിയമവിരുദ്ധമായി കവലകളിലും പൊതുസ്ഥലങ്ങളിലും സ്ഥാപിച്ച കൊടിമരങ്ങളും പാര്‍ട്ടി ചിഹ്നങ്ങളുമാണ് ചിലയിടത്ത് പ്രശ്നമുണ്ടാക്കുന്നതെന്ന് തിരിച്ചറിഞ്ഞ് ഇത്തരം നടപടികളില്‍ നിന്ന് പിന്തിരിയണം.

News Summary - cpm

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.