നടപടി പാർട്ടിയുടെ സൽപ്പേരിന് കളങ്കമുണ്ടാക്കിയതിന്; വിശദീകരണവുമായി സി.പി.എം

കോഴിക്കോട്: പ്രമോദ് കോട്ടൂളിയെ പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽനിന്ന് പുറത്താക്കിയതിൽ വിശദീകരണവുമായി സി.പി.എം. പാർട്ടിയുടെ സൽപ്പേരിന് കളങ്കമുണ്ടാക്കുന്നതും അച്ചടക്കത്തിന് നിരക്കാത്തതുമായ പ്രവർത്തനങ്ങൾ നടത്തിയതിനെ തുടർന്നാണ് പ്രാഥമിക അംഗത്വത്തിൽനിന്ന് പുറത്താക്കിയതെന്ന് കോഴിക്കോട് ജില്ല കമ്മിറ്റിയുടെ പത്രക്കുറിപ്പിൽ പറയുന്നു. പി.എസ്.സി കോഴ ആരോപണം പത്രക്കുറിപ്പിൽ പ്രതിപാദിച്ചിട്ടില്ല.

പി.എസ്.സി കോഴ ആരോപണത്തിലല്ല നടപടിയെന്നാണ് സി.പി.എം ജില്ല സെക്രട്ടറി പി. മോഹനനും മാധ്യമങ്ങളോട് വിശദീകരിച്ചത്. പി.എസ്.സി കോഴയിൽ പാർട്ടിക്ക് പരാതിയൊന്നും കിട്ടിയിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. സി.പി.എം കോഴിക്കോട് ടൗണ്‍ ഏരിയ കമ്മിറ്റി അംഗമായിരുന്നു പ്രമോദ് കോട്ടൂളി. പ്രമോദിനെ പ്രാഥമിക അംഗത്വത്തിൽനിന്ന് പുറത്താക്കാനും തെരഞ്ഞെടുക്കപ്പെട്ട എല്ലാ സ്ഥാനങ്ങളിൽനിന്നും നീക്കാനും ശനിയാഴ്ച ചേർന്ന സി.പി.എം കോഴിക്കോട് ജില്ലാ കമ്മിറ്റി യോഗമാണ് തീരുമാനിച്ചത്.

പാർട്ടിയിൽനിന്ന് പുറത്താക്കിയതിനു പിന്നാലെ പരാതിക്കാരന്‍റെ വീടിന് മുന്നില്‍ പ്രമോദ് കുത്തിയിരിപ്പ് സമരം നടത്തിയിരുന്നു. വിവാദത്തിൽ പാര്‍ട്ടിക്ക് പരാതി നല്‍കിയ ചേവായൂര്‍ സ്വദേശി ശ്രീജിത്തിന്റെ വീടിനു മുന്നിൽ അമ്മക്കും മകനുമൊപ്പമാണ് സമരം തുടങ്ങിയത്. താന്‍ തെറ്റ് ചെയ്തിട്ടില്ലെന്നും സത്യാവസ്ഥ അമ്മയെ ബോധ്യപ്പെടുത്തണമെന്നും പ്രമോദ് പറഞ്ഞു. കോഴ വാങ്ങിയെന്ന ആരോപണത്തിൽ പ്രമോദ് പാർട്ടിക്ക് നൽകിയ വിദശീകരണം തൃപ്തികരമല്ലെന്ന് വിലയിരുത്തിയ യോഗം ആക്ഷേപമുന്നയിച്ചവരുടെ മൊഴിയടക്കം പരിഗണിച്ചാണ് അദ്ദേഹത്തിനെതിരെ നടപടി സ്വീകരിച്ചത്.

സി.ഐ.ടി.യു ജില്ല സെക്രട്ടറി ഉൾപ്പെടെ തെരഞ്ഞെടുക്കപ്പെട്ട മറ്റു സ്ഥാനമാനങ്ങളിൽ നിന്നും പ്രമോദിനെ ഒഴിവാക്കും. പി.എസ്.സി അംഗത്വം വാഗ്ദാനം ചെയ്ത് കോഴിക്കോട് സ്വദേശിയായ ഡോക്ടറിൽ നിന്ന് 22 ലക്ഷം കൈപ്പറ്റിയെന്നാണ് പ്രമോദിനെതിരെ ഉയർന്ന ആരോപണം. മന്ത്രി പി.എ. മുഹമ്മദ് റിയാസ് വഴി അംഗത്വം തരപ്പെടുത്താമെന്നായിരുന്നു വാഗ്ദാനം.

Tags:    
News Summary - CPM with explanation on Pramod Kottoolli issue

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.