സി.പി.എം തിരുവനന്തപുരം ജില്ലാ സെക്രട്ടറിയുടെ വീടിന് നേരെ ആക്രമണം; ജനൽച്ചില്ലുകൾ തകർന്നു

തിരുവനന്തപുരം: സി.പി.എം തിരുവനന്തപുരം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പന്റെ വീടിന് നേരെ ആക്രമണം. സംഭവത്തിൽ വീടിന്റെ ജനൽച്ചിലുകൾ തകർന്നു. ഇന്നലെ രാത്രിയാണ് ആക്രമണമുണ്ടായത്. സി.പി.എം തിരുവനന്തപുരം ജില്ലാ കമ്മിറ്റി ഓഫീസിന് നേരെയുണ്ടായ ആക്രമണത്തിന്റെ തുടർച്ചയാണിതെന്നാണ് ​പൊലീസ് നിഗമനം. സംഭവത്തിൽ സി.സി.ടി.വി ദൃശ്യങ്ങൾ ഉൾപ്പടെ ശേഖരിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചു.

അതേസമയം, സി.പി.എം തിരുവനന്തപുരം ജില്ല കമ്മിറ്റി ഓഫിസ് ആക്രമിച്ച സംഭവത്തിൽ മൂന്ന് എ.ബി.വി.പി പ്രവർത്തകരെ ​പൊലീസ് കസ്റ്റഡിയിലെടുത്തു. ഞായറാഴ്ച പുലർച്ചെ അഞ്ചോടെയാണ് സ്വകാര്യ ആശുപത്രിയിൽനിന്ന് പ്രതികളെ കസ്റ്റഡിയിലെടുത്തത്. ലാൽ, സതീർത്ഥ്യൻ, ഹരിശങ്കർ എന്നിവരാണ് കസ്റ്റഡിയിലുള്ളത്.

മൂന്ന് പേർ കൂടി പിടിയിലാകാനുണ്ടെന്ന് പൊലീസ് പറഞ്ഞു. എ.ബി.വി.പി പ്രവർത്തകരാണ് ഓഫിസിലേക്ക് കല്ലെറിഞ്ഞതെന്നും വഞ്ചിയൂരിൽ സംഘർഷമുണ്ടാക്കിയ സംഘമാണിതെന്നും പൊലീസ് നേരത്തെ സൂചന നൽകിയിരുന്നു. സി.സി.ടി.വി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചുള്ള അന്വേഷണമാണ് പ്രതികളെ തിരിച്ചറിയാൻ സഹായിച്ചത്. പ്രതികൾ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയായിരുന്നു.

ഇവിടെനിന്ന് രാത്രി ഒന്നേകാലോടെയാണ് പ്രതികൾ പുറത്ത് പോയി ആക്രമണം നടത്തിയത്. ശനിയാഴ്ച പ്രതികളെ അറസ്റ്റ് ചെയ്യാനുള്ള നീക്കം ബി.ജെ.പി-ആർ.എസ്.എസ് പ്രവർത്തകർ തടഞ്ഞിരുന്നു. തുടർന്നാണ് പുലർച്ചെ അറസ്റ്റ് ചെയ്തത്.

എ.ബി.വി.പി സംസ്ഥാന കമ്മിറ്റി ഓഫിസ് അടിച്ചു തകർത്തതിനുള്ള വിരോധമാണ് ആക്രമണത്തിന് കാരണം. ആശുപത്രിയിൽ നിന്നു പ്രതികൾ പുറത്തു പോകുന്നതിന്റെയും തിരികെയെത്തുന്നതിന്റെയും ദൃശ്യങ്ങൾ അന്വേഷണ സംഘത്തിന് ലഭിച്ചത് നിർണായകമായി.

സി.പി.എം ജില്ല കമ്മിറ്റി ഓഫിസിനുനേരെ ശനിയാഴ്ച പുലര്‍ച്ച രണ്ടോടെയായിരുന്നു ആക്രമണം. മൂന്ന് ബൈക്കുകളിലായി എത്തിയ സംഘം കല്ലെറിയുകയായിരുന്നു. ആക്രമണത്തില്‍ ഓഫിസിന് മുന്നിൽ നിർത്തിയിട്ടിരുന്ന ജില്ല സെക്രട്ടറി ആനാവൂർ നാഗപ്പന്‍റെ കാറിന് കേടുപാടുണ്ടായി.

Tags:    
News Summary - CPM Trivandrum district secratry House attacked

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.