നിലമ്പൂർ: നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ എൽ.ഡി.എഫ് സ്ഥാനാർഥിയാരെന്നതിൽ സസ്പെൻസ് തുടരുന്നു. വെള്ളിയാഴ്ച പ്രഖ്യാപനമുണ്ടാകുമെന്നും അതോടെ സ്ഥാനാർഥി കളത്തിലിറങ്ങുമെന്നുമാണ് നേതാക്കൾ അറിയിച്ചിരിക്കുന്നത്. വെള്ളിയാഴ്ച വൈകീട്ട് മൂന്നിന് നിലമ്പൂർ ടൗണിൽ നിന്ന് ചന്തക്കുന്ന് വരെ നടക്കുന്ന റോഡ് ഷോയിൽ സ്ഥാനാർഥിയുണ്ടാകുമെന്നും അവർ അറിയിച്ചു. മലപ്പുറം ജില്ല പഞ്ചായത്ത് അംഗം ഷെറോണ റോയ്, സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എം. സ്വരാജ്, പ്രഫ. എം. തോമസ് മാത്യൂ എന്നിവരാണ് അവസാനഘട്ട പട്ടികയിലുള്ളത്. 1996 ലും 2011 ലും ആര്യാടൻ മുഹമ്മദിനെതിരെ എൽ.ഡി.എഫ് സ്വതന്ത്രനായി മത്സരിച്ചത് തോമസ് മാത്യുവാണ്. എം. സ്വരാജ് ഒഴികെയുള്ളവർ സ്ഥാനാർഥിയായാൽ സ്വതന്ത്ര ചിഹ്നത്തിലാകും രംഗത്തുണ്ടാവുക. പാർട്ടി വോട്ടുകൾ ഉറപ്പിച്ച ശേഷം മറ്റ് വോട്ടുകൾ പെട്ടിയിൽ വീഴ്ത്താനുള്ള തന്ത്രവുമായാണ് സി.പി.എം മുന്നോട്ടുപോകുന്നത്. മണ്ഡലത്തിൽ 23 ക്ലസ്റ്ററുകളുണ്ടാക്കിയാണ് പ്രവർത്തനം.
ഓരോ പഞ്ചായത്തുകളിലും സംസ്ഥാനനേതാക്കൾ മേൽനോട്ടം വഹിക്കും. നിലമ്പൂർ നഗരസഭയിൽ സി.പി.എം കേന്ദ്രകമ്മറ്റി അംഗം കെ.കെ. ശൈലജ, സംസ്ഥാന കമ്മിറ്റി അംഗം ഇ.എൻ. മോഹൻദാസ് എന്നിവർക്കാണ് ചുമതല. വഴിക്കടവിൽ കെ. രാധാകൃഷ്ണൻ എം.പി, ചുങ്കത്തറയിൽ കേന്ദ്ര കമ്മിറ്റി അംഗം സി.എസ്. സുജാത, കരുളായിയിൽ കേന്ദ്രകമ്മിറ്റി അംഗം എളമരം കരീം, മൂത്തേടത്ത് മുൻ എം.പി പി.കെ. ബിജു, എടക്കരയിൽ കേന്ദ്രകമ്മിറ്റി അംഗം കെ.എസ്. സലീഖ, പോത്തുകല്ലിൽ സംസ്ഥാന സെക്രട്ടറിയറ്റംഗം കെ.കെ. ജയചന്ദ്രൻ, അമരമ്പലത്ത് സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എം.വി. ജയരാജൻ എന്നിവർക്കാണ് ചുമതല. ജൂൺ ഒന്നിന് മുഖ്യമന്ത്രി പിണറായി വിജയൻ നിലമ്പൂരിലെത്തും. വൈകുന്നേരം മൂന്നിന് നിലമ്പൂർ കോടതിപ്പടിയിലെ പൊതുയോഗത്തിൽ അദ്ദേഹം പങ്കെടുക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.