തിരുവനന്തപുരം: ഭരണഘടനയെ അവമതിച്ച് മന്ത്രി സ്ഥാനത്തിരുന്ന് സജി ചെറിയാൻ നടത്തിയ പ്രസംഗം ഇടതുപക്ഷത്തെ ദുർവ്യാഖ്യാനിക്കാൻ ഇടയാക്കിയെന്ന് സി.പി.എം മുഖപത്രം. അതേസമയം, സംസ്ഥാന സെക്രട്ടേറിയറ്റ് അംഗംകൂടിയായ മന്ത്രിയുടെ രാജിക്ക് ഇടയാക്കിയ സാഹചര്യവും ഭാവി നടപടികളും അടക്കം ചർച്ചചെയ്യാൻ വെള്ളിയാഴ്ച സി.പി.എം സെക്രട്ടേറിയറ്റ് ചേരും.
ദേശാഭിമാനിയുടെ വ്യാഴാഴ്ചയിലെ മുഖപ്രസംഗമാണ് ഭരണഘടന അട്ടിമറിക്കാൻ സമീപകാലത്ത് നടക്കുന്ന ഉദാഹരണങ്ങൾ എടുത്തുപറഞ്ഞ് സജി ചെറിയാന്‍റെ പ്രവൃത്തിയെ തള്ളുന്നത്. ഭരണഘടനക്ക് എതിരാണ് ഇടതുപക്ഷ നിലപാടെന്ന ദുർവ്യാഖ്യാനത്തിന് ഇടയാക്കുന്നതായി സജിയുടെ പ്രസംഗം. കേന്ദ്ര ഭരണകക്ഷിയിലെ ഉന്നതരുടെ നേതൃത്വത്തിൽ ഭരണഘടനയുടെ ലക്ഷ്യങ്ങൾ അട്ടിമറിക്കപ്പെടുകയാണ്.
ഭൂരിപക്ഷാധിപത്യമാണ് ജനാധിപത്യം എന്ന വികല ധാരണ സൃഷ്ടിച്ച് വർഗീയ ധ്രുവീകരണത്തിലൂടെ അധികാരമുറപ്പിക്കുന്ന സംഘ്പരിവാറിന്‍റെ തേർവാഴ്ചയിൽ എല്ലാ വിഭാഗം ജനങ്ങളും അസ്വസ്ഥരാണ്. ഈ സാഹചര്യത്തിലാണ് സജി ചെറിയാന്‍റെ പ്രസംഗം. സംസ്ഥാന മന്ത്രിസഭയിൽനിന്നുള്ള അദ്ദേഹത്തിന്‍റെ രാജി ഉചിതമായ തീരുമാനമാണ്.
ഭരണഘടനയുടെ നിർദേശക തത്ത്വങ്ങൾക്ക് വിരുദ്ധമായ നടപടികൾ ഭരണകൂടത്തിൽനിന്ന് വർധിച്ചുവരുന്നതാണ് സജി ചെറിയാൻ പ്രസംഗത്തിൽ എടുത്തുപറഞ്ഞത്. എന്നാൽ, ഭരണഘടനക്ക് എതിരാണ് ഇടതുപക്ഷ നിലപാടെന്ന ദുർവ്യാഖ്യാനത്തിന് ഇടയാക്കുന്നതായി പ്രസംഗം. ഇതു തിരിച്ചറിഞ്ഞാണ് അദ്ദേഹം രാജിവെച്ചതെന്നും മുഖപ്രസംഗത്തിൽ പറയുന്നു. ഇനിയും വിവാദങ്ങളിൽ ചാടരുതെന്നാണ് കഴിഞ്ഞ ദിവസം സംസ്ഥാന നേതൃത്വം സജി ചെറിയാന് നൽകിയ നിർദേശം.
രാജിയെ വീരപ്രവൃത്തിയാക്കുന്ന മറ്റു പരിപാടികൾ വേണ്ടെന്ന് കീഴ്ഘടകങ്ങളോടും നിർദേശിച്ചു. വെള്ളിയാഴ്ചയിലെ സെക്രട്ടേറിയറ്റ് യോഗത്തിൽ നേതാക്കൾ കൂടുതൽ പോസ്റ്റ്മോർട്ടം പ്രതീക്ഷിക്കുന്നില്ല. എന്നാൽ, സജിയുടെ രാജി വിഷയത്തിലെ നിലപാട് സംസ്ഥാന നേതൃത്വം കീഴ്ഘടകങ്ങളിൽ റിപ്പോർട്ട് ചെയ്യേണ്ടതുണ്ട്. ഇത് സെക്രട്ടേറിയറ്റിൽ ഉരുത്തിരിയും. സജിക്ക് ഉടൻ പകരക്കാരനുണ്ടാവില്ലെങ്കിലും ആ സാഹചര്യവും യോഗത്തിന്‍റെ പരിഗണനക്ക് വന്നേക്കാം. അക്കാര്യം മുഖ്യമന്ത്രിയുടെ തീരുമാനത്തിന് വിടാനാണ് സാധ്യത.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.