തിരുവനന്തപുരം: ഫലസ്തീൻ ജനതക്ക് ഐക്യദർഢ്യം പ്രഖ്യാപിച്ച് സംസ്ഥാനത്ത് സി.പി.എം ഐക്യദാർഢ്യ കൂട്ടായ്മ സംഘടിപ്പിക്കും. ഒക്ടോബർ 20 വരെയുള്ള ദിവസങ്ങളിലായി ഏരിയതലങ്ങളിലാണ് പരിപാടി. വിഴിഞ്ഞം പദ്ധതി യാഥാർഥ്യമാകുന്നതിന്‍റെ ആഘോഷമായി ആദ്യ കപ്പലിനെ സ്വീകരിക്കുന്ന ഒക്ടോബർ 15ന് പ്രാദേശികതലത്തിൽ ആഹ്ലാദപ്രകടനം നടത്താനും സി.പി.എം തീരുമാനിച്ചു.
ഗസ്സയുടെ അവസ്ഥ വളരെ ദയനീയമാണെന്ന് സി.പി.എം സംസ്ഥാന സെക്രേട്ടറിയറ്റ് ചൂണ്ടിക്കാട്ടി. വെള്ളവും ഭക്ഷണവും പരിക്കേറ്റവർക്ക് ചികിത്സയും ലഭിക്കുന്നില്ല. വൈദ്യുതിയില്ലാതെ ആശുപത്രികൾ മോർച്ചറിയായി മാറുമെന്ന ആശങ്കയാണുള്ളത്. ഫലസ്തീന് ഓഹരി വെച്ച് കിട്ടിയ ഭൂമിയിൽ 13 ശതമാനം മാത്രമാണ് ഇന്ന് അവരുടെ കൈവശമുള്ളത്. ബാക്കി ഇസ്രായേൽ ബലപ്രയോഗത്തിലൂടെ കവർന്നു.
ശരാശരി ദിവസം ഒരു ഫലസ്തീൻകാരൻ എന്ന നിലയിൽ ഇസ്രായേൽ കൊല്ലുന്നുണ്ട് എന്നാണ് കണക്ക്. 2008 മുതലുള്ള കണക്കെടുത്താൻ 6407 ഫലസ്തീൻകാർ കൊല്ലപ്പെട്ടപ്പോൾ 308 ഇസ്രായേലികളാണ് കൊല്ലപ്പെട്ടത്. ഹമാസ് നടത്തിയതുപോലുള്ള അക്രമങ്ങൾ പ്രശ്നത്തിന് പരിഹാരമല്ല. ആ ആക്രമണവും ഇസ്രായേൽ ഗസ്സയിൽ നടത്തുന്ന രക്തച്ചൊരിച്ചലും പാർട്ടി പോളിറ്റ് ബ്യൂറോ അപലപിച്ചിട്ടുണ്ട്. അക്രമം ഉടൻ അവസാനിപ്പിക്കണം. ഫലസ്തീന് അർഹതപ്പെട്ട രാജ്യം നൽകാൻ ലോകരാജ്യങ്ങൾ ഒന്നിച്ചുനിൽക്കണം. ഇന്ത്യ അതിന് ഇടപെടണമെന്നും സി.പി.എം ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.