യു. പ്രതിഭ

‘കട ഉദ്ഘാടനത്തിന് ഉടുപ്പിടാത്ത സിനിമ താരങ്ങളെ കൊണ്ടുവരുന്നു, ഇത്രയും വായിനോക്കികളാണോ കേരളത്തിലെ മനുഷ്യർ?’ -യു. പ്രതിഭ എം.എൽ.എ

കായകുളം: കട ഉദ്ഘാടനത്തിന് ഉടുപ്പിടാത്ത സിനിമ താരങ്ങളെ കൊണ്ടു വരുന്ന ഒരു പുതിയ സംസ്കാരമുണ്ടെന്ന് സി.പി.എം എം.എൽ.എ യു. പ്രതിഭ. തുണി ഉടുത്ത് വന്നാൽ മതിയെന്ന് പറയാൻ തയാറാകണമെന്നും പ്രതിഭ പറഞ്ഞു. ബുധനാഴ്ച കായംകുളം എഴുവ നളന്ദ കലാ സാംസ്കാരിക വേദി ഗ്രന്ഥശാലയുടെ 34-ാം വാർഷിക ആഘോഷത്തിന്‍റെ സമാപന വേദിയിലായിരുന്നു യു. പ്രതിഭയുടെ വിമർശനം.

'നിർഭാഗ്യവശാൽ നമ്മുടെ സമൂഹത്തിലെ സിനിമാക്കാർക്ക് ഭ്രാന്താണ്. എങ്ങനെയാണെന്ന് എനിക്ക് മനസിലാകുന്നില്ല. കട ഉദ്ഘാടനത്തിന് ഉടുപ്പിടാത്ത സിനിമ താരങ്ങളെ കൊണ്ടു വരുന്ന ഒരു പുതിയ സംസ്കാരമുണ്ട്. എന്തിനാണത്. ഇത്രയും വായിനോക്കികളാണോ കേരളത്തിലെ മനുഷ്യർ.

തുണി ഉടുക്കാത്ത ഒരാൾ വന്നാൽ എല്ലാവരും അങ്ങോട്ട് ഇടിച്ചു കയറുക. അങ്ങനത്തെ രീതി മാറ്റണം. തുണി ഉടുത്ത് വന്നാൽ മതിയെന്ന് പറയണം. സദാചാരവാദമാണെന്ന് പറഞ്ഞ് എന്‍റെ നേരെ വരരുത്. മാന്യമായ വസ്ത്രം ധരിക്കുക എന്നത് നമ്മൾ അനുസരിക്കേണ്ട കാര്യമാണ്.

തുണി ഉടുക്കാനും ഉടുക്കാതിരിക്കാനും സ്വാതന്ത്ര്യമുള്ള നാട്ടിലാണ് നമ്മൾ ജീവിക്കുന്നത്. നാളെ ദിഗംബരന്മാരായി നടക്കണമെന്ന് ആർക്കെങ്കിലും തീരുമാനിച്ചാൽ നമുക്ക് ചോദ്യം ചെയ്യാനുള്ള അവകാശമില്ല.

വൈകുന്നേരങ്ങളിൽ ഇപ്പോൾ ഒരു ഒളിഞ്ഞുനോട്ട പരിപാടിയുണ്ട്. മറ്റുള്ളവർ ഉറങ്ങുന്നത് ഒളിഞ്ഞു നോക്കുന്നതാണ് പരിപാടി. അവരുടെ വസ്ത്രം ഇറുകിയതാണോ എന്ന് കമന്‍റ് പറയുക. അനശ്വരനായ നടനാണ് മോഹൻലാൽ. ജനാധിപത്യത്തിൽ വരേണ്ടത് താര രാജാക്കന്മാരല്ല. ജനങ്ങൾക്കിടയിൽ പ്രവർത്തിക്കുന്ന പച്ച മനുഷ്യരാണ്. ധൈര്യത്തോടെ പറയാൻ നമ്മൾ തയാറാവണം'- യു. പ്രതിഭ വ്യക്തമാക്കി.

കഴിഞ്ഞ ദിവസം പ്രതിപക്ഷ എം.എൽ.എക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയൻ ബോഡി ഷെയിമിങ് പരാമർശം നടത്തിയതിലും നിയമസഭയുടെ നടുത്തളത്തിൽ ഇറങ്ങിയ പ്രതിപക്ഷ എം.എൽ.എമാർക്കെതിരെ സി.പി.എം എം.എൽ.എ പി.പി. ചിത്തരഞ്ജൻ അധിക്ഷേപ പരാമർശം നടത്തിയതിലും വിമർശനം ഉയർന്നതിന് പിന്നാലെയാണ് മറ്റൊരു സി.പി.എം എം.എൽ.എയുടെ സിനിമ താരങ്ങൾക്കെതിരായ വിവാദ പരാമർശം.

പ്രതിപക്ഷ എം.എൽ.എയുടെ ഉയരക്കുറവിനെയാണ് നിയമസഭയി​ൽ മുഖ്യമന്ത്രി പിണറായി വിജയൻ പരിഹസിച്ചത്. 'എട്ടുമുക്കാൽ അട്ടിവെച്ച പോലെ ഒരാൾ എന്നായിരുന്നു' പ്രതിപക്ഷ അംഗത്തെ മുഖ്യമന്ത്രി അധിക്ഷേപിച്ചത്. അംഗത്തിന്റെ പേരെടുത്ത് പറയാതെയായിരുന്നു മുഖ്യമന്ത്രിയുടെ പരിഹാസം.

'രണ്ട് കൈയും ഇല്ലാത്തവന്‍റെ ചന്തിയിൽ ഉറുമ്പ് കയറിയാൽ ഉണ്ടാകുന്ന അവസ്ഥയിലാണ് പ്രതിപക്ഷം' എന്നാണ് ചിത്തരഞ്ജൻ സഭയിൽ പറഞ്ഞത്. ഭിന്നശേഷിക്കാരെ അവഹേളിക്കുന്ന പരാമർശമാണ് ചിത്തരഞ്ജൻ നടത്തിയതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ കുറ്റപ്പെടുത്തുകയും ചെയ്തു.

Tags:    
News Summary - CPM MLA U. Pratibha against movie stars going to shop inauguration

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.