സി.പി.എം ജില്ല സമ്മേളനം തുടങ്ങി; പി. മോഹനൻ സെക്രട്ടറി സ്ഥാനം ഒഴിയും, ഇനിയാര്?

കോഴിക്കോട്: സി.പി.എം ജില്ല സമ്മേളനം വടകരയിൽ തുടങ്ങി. 10 വർഷം മുന്‍പ് വടകരയില്‍ നടന്ന സി.പി.എം. ജില്ല സമ്മേളനത്തില്‍ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ട പി. മോഹനന്‍ വടകരയിൽ നിന്നുതന്നെ സെക്രട്ടറിസ്ഥാനത്തുനിന്ന് പടിയിറങ്ങും. 

2015 ജനുവരിയിലാണ് മുൻപ് വടകരയില്‍ സി.പി.എം സമ്മേളനം നടന്നത്. ടി.പി. ചന്ദ്രശേഖരൻ വധക്കേസില്‍ കോടതി വെറുതേവിട്ട ശേഷം അന്ന് ടി.പി. രാമകൃഷ്ണന് പകരം പി. മോഹനന്‍ ജില്ല സെക്രട്ടറിയാവുകയാവുകയായിരുന്നു. പിന്നീട് കൊയിലാണ്ടി, കോഴിക്കോട് സമ്മേളനങ്ങളിലും മോഹനൻ തുടര്‍ന്നു. സെക്രട്ടറി സ്ഥാനത്ത് മൂന്ന് ഊഴം പൂര്‍ത്തിയാക്കിയാണ് പടിയിറങ്ങുന്നത്. ജില്ലയിലെ പാർട്ടിയെ ഇനി ആര് നയിക്കുമെന്ന ചോദ്യം ശക്തമാണിപ്പോൾ. സെക്രട്ടേറിയറ്റ് അംഗങ്ങളായ എം. മെഹബൂബ്, എം. ഗിരീഷ്, കെ.കെ. ദിനേശന്‍ എന്നിവരുടെ പേരുകളാണ് പ്രധാനമായി കേൾക്കുന്നത്. ഇതിനിടെ, മുന്‍ എം.എല്‍.എ. പ്രദീപ് കുമാറിന്റെ പേരും പ്രചരിക്കുന്നുണ്ട്. 

സി.പി.എമ്മിന്റെ ശക്തികേന്ദ്രങ്ങളിലൊന്നാണ് കോഴിക്കോട്. ജില്ലയിലെ 13 നിയമസഭാമണ്ഡലങ്ങളില്‍ 11 ഇടത്തും ഇടതുപക്ഷമാണ്. ഇതില്‍ എട്ടിടത്തും സി.പി.എം. എം.എല്‍.എ.മാര്‍. കൂടുതല്‍ തദ്ദേശസ്വയംഭരണസ്ഥാപനങ്ങള്‍ ഭരിക്കുന്നതും എൽ.ഡി.എഫ് തന്നെ. 24ാം പാർടി കോൺഗ്രസിന്‌ മുന്നോടിയായുള്ള കോഴിക്കോട്‌ ജില്ല പ്രതിനിധി സമ്മേളനം കോടിയേരി ബാലകൃഷ്‌ണൻ നഗറിൽ പൊളിറ്റ്‌ബ്യൂറോ അംഗം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്‌ഘാടനം ചെയ്തു. വടകര നാരായണനഗരത്തിലെ സമ്മേളന നഗരയിൽ ഒഞ്ചിയം രക്തസാക്ഷി സ്‌ക്വയറിൽ നിന്ന്‌ കൊളുത്തിയ ദീപശിഖ ജില്ല സെക്രട്ടറി പി മോഹനൻ ജ്വലിപ്പിച്ചു.

മൂന്നുദിവസത്തെ സമ്മേളനത്തിൽ തെരഞ്ഞെടുത്ത 439 പേരുൾപ്പെടെ 500ലേറെ പ്രതിനിധികൾ പങ്കെടുക്കുന്നുണ്ട്. അര ലക്ഷം പേരുടെ റാലിയോടെ സമ്മേളനം 31ന്‌ വൈകിട്ട്‌ സമ്മേളനം സമാപിക്കും. വൈകിട്ട്‌ നാലിന്‌ 25,000 റെഡ് വളന്റിയർമാർ അണിനിരക്കുന്ന മാർച്ച് ആരംഭിക്കും. പൊതുസമ്മേളനം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനംചെയ്യും.

Tags:    
News Summary - CPM Kozhikode district conference begins

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.