തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ളയിലെ അന്വേഷണം മുൻ മന്ത്രി കടകംപള്ളി സുരേന്ദ്രനില്‍ മാത്രം ഒതുങ്ങിയാൽ പോരെന്നും ഇപ്പോഴത്തെ ദേവസ്വം മന്ത്രി വി.എന്‍ വാസവനിലേക്കും എത്തണമെന്നും മുതിർന്ന കോണ്‍ഗ്രസ് നേതാവ് കെ. മുരളീധരന്‍. നിലവിലെ അന്വേഷണം മന്ത്രിമാരിലേക്കും മുന്‍മന്ത്രിമാരിലേക്കും നീളണം. സ്വര്‍ണം ഇളക്കിയെടുത്ത് പുറത്തേക്ക് കൊണ്ടുപോകണമെങ്കില്‍ ബോര്‍ഡ് പ്രസിഡന്റ് മാത്രം വിചാരിച്ചാല്‍ നടക്കില്ല. ഇതൊന്നും അറിഞ്ഞിരുന്നില്ലെന്നാണ് മന്ത്രി പറയുന്നതെങ്കില്‍ സര്‍ക്കാരും മന്ത്രിയും പിന്നെയെന്തിനാണ് എന്നും അദ്ദേഹം ചോദിച്ചു.
ദേവസ്വം ബോര്‍ഡ് പ്രസിഡന്റും അംഗങ്ങളും മാത്രം ഇങ്ങനെയൊരു കടുംകൈ ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നില്ല. സര്‍ക്കാരിനും മന്ത്രിക്കും അറിയാവുന്ന കാര്യങ്ങളാണ് അവര്‍ ചെയ്തിട്ടുള്ളതെന്നും ഇക്കാര്യത്തില്‍ വിശദമായ അന്വേഷണം വേണമെന്നും മുരളീധരന്‍ മാധ്യമങ്ങളോട് പറഞ്ഞു. ശബരിമല വിഗ്രഹം നാളെ മോഷ്ടിച്ചാല്‍ അത് ദേവസ്വം ബോര്‍ഡ് ആണെന്ന് പറയുകയാണെങ്കില്‍ പിന്നെ എന്തിനാണ് ദേവസ്വം മന്ത്രിയെന്നും മുരളീധരന്‍ പരിഹസിച്ചു. ശബരിമലയില്‍ മുന്നൊരുക്കങ്ങള്‍ ഉള്‍പ്പടെ ചെയ്യുകയാണ് മന്ത്രിയുടെ ജോലിയെങ്കിൽ ഇത്തവണ അതും ഉണ്ടായില്ലെന്ന് മുരളീധരന്‍ പരിഹസിച്ചു.
വിഗ്രഹത്തിലിരുന്ന സ്വര്‍ണപാളി ഇളക്കി എടുത്ത് കൊണ്ടുപോയി വിറ്റെങ്കില്‍ അത് മന്ത്രി അറിഞ്ഞില്ലെന്ന് പറഞ്ഞാല്‍ സി.പി.എമ്മിന്റെ ഘടന അനുസരിച്ച് വിശ്വസിക്കാന്‍ പ്രയാസമാണ്. കേസില്‍ ദേവസ്വം ബോര്‍ഡ് ആണ് പ്രതി. പ്രസിഡന്റിനെ മാത്രമല്ല, അംഗങ്ങളെ കൂടി അറസ്റ്റ് ചെയ്യണം. പത്മകുമാർ ചെയ്ത പ്രവർത്തി പാർട്ടി അറഞ്ഞിട്ടാണെന്നാണ് വിശ്വാസം.
ഇതുവരെയുള്ള അന്വേഷണത്തില്‍ തൃപ്തരാണ്. ഹൈകോടതിയുടെ പൂര്‍ണനിയന്ത്രണം ഉള്ളതുകൊണ്ടാണ് ഇത്രയും എത്തിയത്. അന്വേഷണ റിപ്പോര്‍ട്ട് മുഖ്യമന്ത്രിയെയും സര്‍ക്കാരിനെയും കാണിക്കാതെ നേരിട്ട് കോടതിയെ അറിയിച്ചാല്‍ മതിയെന്ന് പറഞ്ഞതുകൊണ്ടാണ് ഇത്രയും നടന്നതെന്നും മുരളീധരന്‍ പറഞ്ഞു. ഇത് വരെയുള്ള അന്വേഷണത്തിൽ തൃപ്തനാണെന്നും ഇവിടം കൊണ്ട് നിർത്തരുതെന്നും അദ്ദേഹം പറഞ്ഞു.
തദ്ദേശ തെരഞ്ഞെടുപ്പില്‍ നാമനിര്‍ദേശ പത്രിക പിന്‍വലിക്കാനുള്ള അവസാന തീയതിയായ 24ന് മൂന്ന് മണികഴിഞ്ഞാല്‍ കോണ്‍ഗ്രസില്‍ വിമത സ്ഥാനാര്‍ഥികള്‍ ഉണ്ടാകില്ലെന്നും കെ. മുരളീധരൻ പറഞ്ഞു. 24ന് ശേഷവും വിമതരായി ആരെങ്കിലും ഉണ്ടെങ്കില്‍ അവര്‍ പിന്നെ കോണ്‍ഗ്രസില്‍ ഉണ്ടാകില്ലെന്നും മുരളീധരന്‍ പറഞ്ഞു.
മുട്ടടയിലെ യു.ഡി.എഫ് സ്ഥാനാർഥി വൈഷ്ണ സുരേഷിനെ പേര് വോട്ടര്‍പട്ടികയില്‍ നിന്നും വെട്ടാന്‍ ഇടപെട്ടതില്‍ നിയമനടപടി സ്വീകരിക്കുമെന്നും മുരളീധരന്‍ പറഞ്ഞു. മേയറുടെ ഓഫീസ് എന്നാല്‍ പാര്‍ട്ടിയുടെ ഉത്തരവാദിത്തമാണെന്നും മുരളീധരന്‍ കൂട്ടിച്ചേര്‍ത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.