നിയമസഭാ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് സി.പി.എം വർഗീയ ധ്രുവീകരണത്തിന് ശ്രമിക്കുന്നു; ഗുണം ചെയ്യുക സംഘപരിവാറിനെന്നും റസാഖ് പാലേരി

മലപ്പുറം: നിയമസഭ തെരഞ്ഞെടുപ്പ് വിജയിക്കുന്നതിന് വേണ്ടിയുള്ള കാമ്പയിനിന്റെ ഭാഗമായി കേരളത്തിന്‍റെ സാമൂഹിക അന്തരീക്ഷത്തെ മലിനപ്പെടുത്തുന്ന രീതിയിൽ സി.പി.എമ്മിന്റെ വിവിധ നേതാക്കൾ വർഗീയ ധ്രുവീകരണത്തിന് ശ്രമിക്കുകയാണെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡന്‍റ് റസാഖ് പാലേരി. മലപ്പുറത്ത് വാർത്തസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. 

കേരളത്തിന്‍റെ മതേതര പാരമ്പര്യത്തെ പരമാവധി പ്രകോപിപ്പിച്ച് സംഘപരിവാറിന് കളമൊരുക്കാൻ വെള്ളാപ്പള്ളി ഉൾപ്പെടെയുള്ളവർ നടത്തുന്ന ആസൂത്രിത ശ്രമത്തെ സി.പി.എം പ്രോത്സാഹിപ്പിക്കുകയാണ്. കഴിഞ്ഞദിവസം ഇസ്ലാമോഫോബിയ ലക്ഷ്യം വെച്ച് മാറാട് കലാപത്തെ കുറിച്ച് മുൻ മന്ത്രി എ.കെ. ബാലൻ നടത്തിയ പ്രസ്താവന വരുന്ന നിയമസഭ തെരഞ്ഞെടുപ്പിൽ സി.പി.എമ്മിന്റെ സോഷ്യൽ എൻജിനീയറിങ് താൽപര്യങ്ങൾ മുൻനിർത്തിയാണെന്ന് വ്യക്തമാണ്. സംസ്ഥാനത്ത് സംഘപരിവാർ ആഗ്രഹിക്കുന്ന യുക്തിയിൽ കാര്യങ്ങൾ കൈകാര്യം ചെയ്യുന്ന വ്യക്തികൾക്ക് സാമൂഹിക സ്വീകാര്യത നൽകുന്ന അപകടകരമായ അന്തരീക്ഷമാണ് സി.പി.എം രൂപപ്പെടുത്താൻ ശ്രമിക്കുന്നത്.

ഭരണ നേട്ടങ്ങളും പരാജയങ്ങളും ചർച്ച ചെയ്യേണ്ടിയിരുന്ന തെരഞ്ഞെടുപ്പ് കാമ്പയിനിൽ, വെറുപ്പിന്റെ രാഷ്ട്രീയത്തെ ഇന്ധനമായി ഉപയോഗിക്കുന്നത് കേരളത്തിൽ സംഘപരിവാറിനാണ് ഗുണം ചെയ്യുക എന്നത് തെരഞ്ഞെടുപ്പ് കണക്കുകൾ ബോധ്യപ്പെടുത്തുന്നുണ്ട്. ദിനംപ്രതി സമൂഹത്തിൽ വംശീയ ധ്രുവീകരണത്തിന് സഹായകരമാകുന്ന വ്യാജ ആരോപണങ്ങളാണ് വെള്ളാപ്പള്ളി നടേശൻ നടത്തിക്കൊണ്ടിരിക്കുന്നത്. തെളിവുകളോ, വസ്തുതകളോ ഇല്ലാത്ത പ്രസ്താവനകളോട് ചോദ്യം ഉന്നയിക്കുന്ന മാധ്യമപ്രവർത്തകരെ ശാരീരികമായി കൈയേറ്റം ചെയ്യാനും മുസ്‌ലിം തീവ്രവാദി ലേബൽ ചാർത്തി നൽകാനുമാണ് ശ്രമിക്കുന്നത്. വെള്ളാപ്പള്ളിയുടെ ഇത്തരം വംശീയ വിരുദ്ധ പ്രസ്താവനകളും വിഷം നിറഞ്ഞ ആരോപണങ്ങളും ഏറ്റെടുക്കുന്നത് ഇടതുമുന്നണിക്ക് തന്നെ ബാധ്യതയാകുമെന്ന് എൽ.ഡി.എഫിലെ രണ്ടാം ഘടകകക്ഷി കൂടിയായ സി.പി.ഐ പറയുന്നുണ്ട്. എന്നാൽ ഇതിനെ മുഖവിലക്കെടുക്കാനോ, വെള്ളാപ്പള്ളിയെ തിരുത്താനോ പിണറായി വിജയൻ ഉൾപ്പെടെയുള്ള സി.പി.എം നേതാക്കൾ തയാറാകുന്നില്ല.

കേരളത്തിലെ മതേതരത്വ അന്തരീക്ഷത്തെ അട്ടിമറിക്കാൻ ബോധപൂർവം ശ്രമങ്ങൾ നടത്തുന്നവരെ നവോഥാന സംരക്ഷണ സമിതിയുടെ സംസ്ഥാന അധ്യക്ഷ പദവിയിൽ നിലനിർത്താനും കൂടുതൽ അംഗീകാരത്തോടെ ചേർത്തുനിർത്താനുമാണ് ഇടതുപക്ഷ ഭരണകൂടം ശ്രമിക്കുന്നത്. വ്യാജ ആരോപണങ്ങൾ ഉന്നയിക്കുന്ന സന്ദർഭങ്ങളിൽ അതിനെതിരെ ഉയരുന്ന ചോദ്യങ്ങൾക്ക് മറുപടി നൽകാൻ കഴിയാതെ വരുമ്പോൾ കേരളത്തിലെ മുസ്‌ലിം ന്യൂനപക്ഷ സമൂഹത്തെ ഭീകരവത്കരിച്ചും മലപ്പുറം ജില്ലക്കെതിരെ വെറുപ്പ് ഉൽപാദിപ്പിച്ചും ചോദ്യങ്ങൾ അപ്രസക്തമാക്കാമെന്നാണ് കരുതുന്നത്.

തദ്ദേശ തെരഞ്ഞെടുപ്പ് പ്രചരണ കാമ്പയിനിൽ സി.പി.എം നേതൃത്വം കൊടുക്കുന്ന നിരവധി വർഗീയ ധ്രുവീകരണ പ്രവർത്തനങ്ങൾ കേരളം മനസ്സിലാക്കിയതാണ്. മുഖ്യമന്ത്രി നേരിട്ട് നേതൃത്വം നൽകിക്കൊണ്ട് ആസൂത്രിതവും സ്ക്രിപ്റ്റഡുമായി മുസ്‌ലിം വിരുദ്ധത ആളിക്കത്തിക്കുകയായിരുന്നു. തെരഞ്ഞെടുപ്പിന് തൊട്ടു മുമ്പ് എറണാകുളം, തൃശൂർ തുടങ്ങിയ ജില്ലകളിൽ പിണറായി വിജയൻ നടത്തിയ വാർത്തസമ്മേളനങ്ങൾ മുസ്‌ലിം വിരുദ്ധ പ്രചരണ അന്തരീക്ഷം നിർമിക്കുന്നതിൽ പ്രധാന പങ്കുവഹിച്ചു. കോഴിക്കോട് ജില്ലയിലെ ഗ്രാമപ്രദേശങ്ങളിൽ മത്സരിച്ച സ്ഥാനാർഥികളെ ലക്ഷ്യം വെച്ച് സോഷ്യൽ മീഡിയയിൽ വലിയ അധിക്ഷേപം നടന്നു. “താടിവെച്ചവരും തട്ടമിട്ടവരും വരുന്നത് നാടിന് അപകടമാണ്” എന്ന തരത്തിലുള്ള ട്രോളുകൾ ഇടത് അനുകൂല സൈബർ വിങ്ങുകൾ വ്യാപകമായി പ്രചരിപ്പിച്ചത് പത്രങ്ങളിൽ വാർത്തയായിരുന്നു. ഇങ്ങനെ ഇടതുപക്ഷത്തിന്റെ ഭാഗത്തുനിന്നും നിരവധി ഇസ്‌ലാം പേടി വർധിപ്പിക്കുന്ന പ്രചരണ തന്ത്രങ്ങളുടെ ഉദാഹരണങ്ങൾ കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പ് മുൻനിർത്തി കാണാൻ കഴിയും.

നവോഥാന സംരക്ഷണ സമിതിയുടെ ചെലവിൽ ന്യൂനപക്ഷ വിരുദ്ധ പ്രചരിപ്പിക്കാൻ സി.പി.എം രഹസ്യമായി സൗകര്യം ചെയ്തു കൊടുക്കുമ്പോൾ കേരളീയ സമൂഹം അതിനെ മതേതര മൂല്യങ്ങളിലൂടെ തിരുത്താനാണ് തീരുമാനമെടുത്തതെന്ന് കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പ് ഫലം വ്യക്തമാക്കിയതാണ്. വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ ഭരണ നേട്ടങ്ങളും പരാജയങ്ങളും മുൻനിർത്തിയുള്ള തെരഞ്ഞെടുപ്പ് പ്രചരണങ്ങൾക്ക് നേതൃത്വം നൽകാൻ ഇടതുപക്ഷം തയാറാകണമെന്ന് റസാഖ് പാലേരി ആവശ്യപ്പെട്ടു.

ജില്ല ജന. സെക്രട്ടറി മുനീബ് കാരകുന്ന്, ജില്ല വൈസ് പ്രസിഡന്‍റ് ആരിഫ് ചുണ്ടയിൽ, സെക്രട്ടറി ഷാക്കിർ മോങ്ങം എന്നിവരും വാർത്തസമ്മേളനത്തിൽ പങ്കെടുത്തു. 

Tags:    
News Summary - CPM is trying to polarize the community with the aim of the assembly elections -Razak Paleri

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.