സഹകരണ സംഘത്തിലെ നിയമനത്തിന് സി.പി.എം ജില്ല സെക്രട്ടറിയുടെ ശിപാർശ കത്ത് പുറത്ത്

തിരുവനന്തപുരം: ജില്ല മർക്കന്‍റെയിൻ സഹകരണ സംഘത്തിലേക്ക് ജീവനക്കാരെ നിയമിക്കാന്‍ സി.പി.എം തിരുവനന്തപുരം ജില്ല സെക്രട്ടറിയും സംസ്ഥാന സെക്രട്ടേറിയറ്റ് അംഗവുമായ ആനാവൂർ നാഗപ്പൻ നൽകിയ ശിപാർശ കത്ത് പുറത്ത്. കോർപറേഷനിലേക്ക് താൽക്കാലിക നിയമനത്തിന് പാർട്ടി പ്രവർത്തകരുടെ പട്ടിക ആവശ്യപ്പെട്ട് മേയർ ആര്യ രാജേന്ദ്രൻ ആനാവൂർ നാഗപ്പന് കത്ത് നൽകിയെന്ന വിവാദം കത്തി നിൽക്കെയാണ് സി.പി.എം ജില്ല സെക്രട്ടറിയുടെ ശിപാർശ കത്ത് പുറത്ത് വന്നിട്ടുള്ളത്. ഒരു വർഷത്തിന് മുമ്പ് നടന്ന നിയമനങ്ങളുമായി ബന്ധപ്പെട്ടതാണ് ഈ കത്ത്. ഇതും സി.പി.എമ്മിനെ വെട്ടിലാക്കിയിരിക്കുകയാണ്. സഹകരണ സംഘങ്ങളിലേക്കും മറ്റ് സർക്കാർ സ്ഥാപനങ്ങളിലേക്കും പാർട്ടി പ്രവർത്തകരെ തിരുകിക്കയറ്റുകയാണെന്ന ആക്ഷേപം ശരിവെക്കുന്നതാണ് ഈ കത്ത്. കോർപറേഷനിലെ കത്ത് വിവാദത്തിൽ പ്രതിരോധത്തിലായ സി.പി.എമ്മിന് ഈ കത്ത് പുറത്ത് വന്നതും തിരിച്ചടിയായി.

ജില്ല മർക്കന്‍റെയിൻ സഹകരണ സംഘത്തിലെ ജൂനിയർ ക്ലാർക്ക്, ഡ്രൈവർ തസ്തികകളിലേക്ക് നിയമിക്കേണ്ടവരുടെ പേര് സഹിതം വ്യക്തമാക്കിയുള്ളതാണ് 2021 ജൂലൈയിലുള്ള ആനാവൂർ നാഗപ്പന്‍റെ കത്ത്. അറ്റൻറർ നിയമനം ഇപ്പോൾ നടത്തേണ്ടെന്നും മറ്റ് മൂന്ന് നിയമനങ്ങൾ നടത്താൻ താൽപര്യപ്പെടുന്നെന്നും ബാങ്ക് ഭരണസമിതിയോട് ആവശ്യപ്പെട്ടുള്ളതാണ് കത്ത്. ആനാവൂരിന്റെ പേരും ഒപ്പും കത്തിലുണ്ട്. സി.പി.എം ജില്ല കമ്മിറ്റിയുടെ ഔദ്യോഗിക ലെറ്റർ പാഡിലാണ് ശിപാർശക്കത്ത്. പാർട്ടിയുടെ ഔദ്യോഗിക തീരുമാനമായാണ് നിയമനപ്പട്ടിക നൽകിയതെന്നാണ് വിവരം. സഹകരണ സ്ഥാപനങ്ങളിലെ നിയമന ചട്ടങ്ങൾ മറികടന്നായിരുന്നു പാർട്ടിയുടെ ഈ ഇടപെടലെന്നും വ്യക്തം. നാലാം ഗ്രേഡ് ജീവനക്കാരെ നിയമിക്കാൻ പ്രത്യേക ഏജൻസി വേണമെന്ന ചട്ടമാണ് ഇതിലൂടെ ലംഘിച്ചതെന്നും ചൂണ്ടിക്കാട്ടുന്നു.

അതിനിടെ, മർക്കന്റയിൽ സഹകരണ സംഘത്തിലെ നിയമനത്തിന് ശിപാർശ കത്ത് നൽകിയെന്ന് സി.പി.എം ജില്ല സെക്രട്ടറി ആനാവൂർ നാഗപ്പൻ സ്ഥിരീകരിച്ചു. തന്‍റെ നടപടിയെ അദ്ദേഹം ന്യായീകരിക്കുകയും ചെയ്തു. കത്ത് നൽകിയതിൽ തെറ്റെന്താണെന്ന് ചോദിച്ച ആനാവൂർ അത് വിവാദമാക്കേണ്ടതില്ലെന്നും കൂട്ടിച്ചേർത്തു. അറ്റന്‍റർ നിയമനം ഇപ്പോൾ വേണ്ടെന്ന് പറഞ്ഞത് സംഘത്തിന്റെ ബാധ്യത കണക്കിലെടുത്തെന്നും അദ്ദേഹം വിശദീകരിച്ചു. ആനാവൂർ നാഗപ്പനോട്, തിരുവനന്തപുരം കോർപറേഷനിലെ താൽക്കാലിക നിയമനങ്ങളിലേക്ക് നിയമനപ്പട്ടിക ചോദിച്ച് മേയര്‍ ആര്യ രാജേന്ദ്രന്‍ നൽകിയതെന്ന് ആരോപിക്കുന്ന കത്തും, എസ്.എ.ടി ആശുപത്രിയിലെ താൽക്കാലിക നിയമനം സംബന്ധിച്ച് വഞ്ചിയൂർ ഏരി‍യ കമ്മിറ്റി അംഗവും കോർപറേഷൻ പാർലമെന്ററി പാർട്ടി സെക്രട്ടറിയുമായി ഡി.ആർ. അനിൽ നൽകിയ കത്തും നേരത്തേ പുറത്തുവന്നിരുന്നു. 

സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗമായി മാസങ്ങൾ പലത് കഴിഞ്ഞിട്ടും ജില്ല സെക്രട്ടറി സ്ഥാനം ആനാവൂർ ഒഴിഞ്ഞിട്ടില്ല. പുതിയ സെക്രട്ടറിയെ കണ്ടെത്താൻ പാർട്ടി നേതൃത്വം ശ്രമം നടത്തിയെങ്കിലും സമവായമുണ്ടാക്കാൻ കഴിഞ്ഞിട്ടില്ല. ആ സാഹചര്യത്തിലാണ് ആനാവൂരിനെ പ്രതിക്കൂട്ടിലാക്കുന്ന കത്തുകൾ പുറത്തുവന്നുകൊണ്ടിരിക്കുന്നത്.


Tags:    
News Summary - CPM district secretary's recommendation letter for appointment in cooperative society is out

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.