പത്തനംതിട്ട: ആഗോള അയ്യപ്പ സംഗമം അബദ്ധമായിപ്പോയെന്ന് പത്തനംതിട്ട സി.പി.എം ജില്ലാകമ്മിറ്റിയിൽ വിമർശനം. ഇടതു സർക്കാർ ഒരു കാരണവശാലും നടത്താൻ പാടില്ലാത്ത പരിപാടിയായിരുന്നുവെന്നും തെരഞ്ഞെടുപ്പ് കാലത്ത പ്രതിസന്ധികൾക്ക് അയ്യപ്പ സംഗമം കാരണമായെന്നും യോഗം. സ്വർണക്കൊള്ള കേസിൽ പദ്മകുമാറിനെതിരെ എന്തു നടപടി സ്വീകരിച്ചുവെന്നും അംഗങ്ങൾ ചോദിച്ചു. പിണറായി വിജയനെ പ്രതിപക്ഷ നേതാവാക്കിയതിലും വീണാ ജോർജിന്‍റെ സ്ഥാനാർഥിത്വത്തിലും ജില്ലാ സെക്രട്ടറിയേറ്റ് യോഗം കടുത്ത വിമർശനം ഉയർത്തിയിരുന്നു. ഇതിനു പിന്നാലെയാണ് ആഗോള അയ്യപ്പ സംഗമത്തെക്കുറിച്ചുള്ള വിലയിരുത്തൽ.
സി.പി.എം ജില്ലാകമ്മിറ്റികളിൽ നേതൃത്വത്തിനെതിരെ കടുത്ത വിമർശനമാണ് ഉയരുന്നത്. തളിപ്പറമ്പിൽ പി.കെ ശ്യാമളക്കെതിരെ ഉയർന്നുവന്ന അണികളുടെ എതിർപ്പ് അവഗണിച്ചത് തെരഞ്ഞെടുപ്പിലെ തോൽവിക്ക് തിരിച്ചടിയായെന്ന് കണ്ണൂർ ജില്ലാ കമ്മിറ്റി യോഗത്തിൽ വിമർശനം ഉയർന്നു. പാർട്ടി സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍റെ മാധ്യമങ്ങൾക്ക് മുന്നിലെ ദാർഷ്ഠ്യവും തോൽവിയുടെ കാരണമായി യോഗം ചൂണ്ടിക്കാട്ടി.
പിണറായി വിജയനെ മാത്രം ഉയർത്തിക്കാട്ടി തെരഞ്ഞെടുപ്പ് പ്രചരണം നടത്തിയത് തിരിച്ചടിയായെന്നാണ് പാലക്കാട് സിപിഎം യോഗത്തിൽ വിമർശനം. എ.കെ ബാലന്‍റെയും എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍റെയും പ്രസ്താവനകൾ വർഗീയത നിറഞ്ഞതാണെന്ന് ജില്ലാകമ്മിറ്റികളിൽ വിമർശനം ഉയർന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.