വി.ഡി. സതീശൻ

'സിപിഎം നടത്തിയത് സംഘ്പരിവാർ പണി, ലക്ഷ്യം വടകരയിലെ വർഗീയ ചേരിതിരിവ്' -വി.ഡി. സതീശൻ

തിരുവനന്തപുരം: തെരഞ്ഞെടുപ്പ് കാലത്ത് വടകരയിൽ ഉയർന്നുവന്ന 'കാഫിർ സ്‌ക്രീൻഷോട്ട്' വിവാദത്തിൽ സി.പി.എമ്മിനെതിരെ കടുത്ത ഭാഷയിൽ വിമർശനവുമായി മുഖ്യമന്ത്രി വി.ഡി. സതീശൻ. ഒരു തെരഞ്ഞെടുപ്പിന് തൊട്ടു മുമ്പ് വർഗീയമായ വിദ്വേഷവും ചേരിതിരിവും ഉണ്ടാക്കുന്ന തരത്തിൽ ഒരു സ്‌ക്രീൻഷോട്ട് നിർമിച്ച്, അത് വടകരയിൽ മത്സരിച്ച യു.ഡി.എഫ് സ്ഥാനാർഥി ഷാഫി പറമ്പിലിന്റെ തലയിൽ കെട്ടിവെച്ച് അയാളെ തോൽപിക്കാനാണ് സി.പി.എം ശ്രമിച്ചതെന്ന് മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ തുറന്നടിച്ചു.

കാഫിർ സ്‌ക്രീൻഷോട്ടിലെ യാഥാർഥ്യം ഇപ്പോൾ പുറത്തുവന്നുകൊണ്ടിരിക്കുകയാണെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. ഇതിലൂടെ സി.പി.എമ്മിന്റെ യഥാർഥ കാപട്യമാണ് ജനങ്ങൾക്ക് മുന്നിൽ വെളിപ്പെട്ടത്. തെരഞ്ഞെടുപ്പ് ജയത്തിനായി സി.പി.എം ചെയ്യുന്ന വലിയ വൃത്തികേടുകളുടെ മുഖംമൂടിയാണ് ഇപ്പോൾ അഴിഞ്ഞുവീണിരിക്കുന്നതെന്നും മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി.

‘കാഫിർ സ്ക്രീൻഷോട്ട്’ കേസിൽ പൊലീസ് അന്വേഷണത്തിലൂടെ സത്യാവസ്ഥ പുറത്തുവന്ന പശ്ചാത്തലത്തിൽ പ്രതികരണവുമായി ഷാഫി പറമ്പിൽ എം.പി രംഗത്ത് എത്തി. നാടിന്റെ ഐക്യത്തിന് നേരെ കമ്യൂണൽ പോയ്സൺ (വർഗീയ വിഷം) നിറച്ച് സി.പി.എം എറിഞ്ഞ ഒരു ബോംബായിരുന്നു ഈ വ്യാജ സ്ക്രീൻഷോട്ടെന്ന് അദ്ദേഹം ആരോപിച്ചു. എന്നാൽ, പൊതുസമൂഹം ഒരു ബോംബ് സ്ക്വാഡായി മാറി ഇത് മുൻകൂട്ടി കണ്ടെത്തുകയും ഡിഫ്യൂസ് (നിർവീര്യമാക്കുക) ചെയ്യുകയും ചെയ്തുവെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

കേന്ദ്ര സർക്കാരിന്റെ 'പിഎം ശ്രീ' പദ്ധതിയുമായി ബന്ധപ്പെട്ട വിവാദങ്ങളിലും മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ നിലപാട് വ്യക്തമാക്കി. ഒപ്പ് വെക്കില്ലെന്ന് ആവർത്തിച്ച് പറഞ്ഞിട്ടും, മന്ത്രിസഭ പോലും അറിയാതെ കഴിഞ്ഞ എൽ.ഡി.എഫ് സർക്കാരാണ് ഈ പദ്ധതിയിൽ ഒപ്പുവെച്ചതെന്ന് മുഖ്യമന്ത്രി വെളിപ്പെടുത്തി. കഴിഞ്ഞ സർക്കാർ ഒപ്പുവെച്ചതിനാൽ നിലവിൽ സംസ്ഥാനം ഇത് തുടരാൻ നിർബന്ധിതരായിരിക്കുകയാണ്.

സംസ്ഥാനത്തിന്റെ വിദ്യാഭ്യാസ അവകാശങ്ങൾ കേന്ദ്രത്തിന് ബലി കഴിക്കാതിരിക്കാനാണ് നിലവിലെ സർക്കാർ ശ്രമിക്കുന്നത്. പദ്ധതിയിൽ നിന്ന് പിന്മാറാൻ മുൻ സർക്കാർ ഒരു കത്തുപോലും നൽകിയിട്ടില്ലെന്ന് മാത്രമല്ല, പദ്ധതിയുടെ ഭാഗമായി 106 കോടി രൂപ അനുവദിച്ചതിൽ 99 കോടി രൂപ അവർ കൈപ്പറ്റുകയും ചെയ്തിട്ടുണ്ട്. 1100 കോടിയോളം രൂപ കേന്ദ്രത്തിൽ നിന്ന് ഇനിയും സംസ്ഥാനത്തിന് ലഭിക്കാനുണ്ട്. ഇത് കേന്ദ്രത്തിന്റെ ഔദാര്യമല്ല, കേരളത്തിന്റെ അവകാശമാണ്. വർഗീയ അജണ്ടകളില്ലാതെ, കേരളത്തിന്റെ താല്പര്യങ്ങൾ സംരക്ഷിച്ച് പദ്ധതി എങ്ങനെ നടപ്പാക്കാമെന്ന് സർക്കാർ ആലോചിക്കുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

Tags:    
News Summary - 'CPM carried out Sangh Parivar work, the goal was to divide the communal communities in Vadakara' - V.D. Satheesan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.