തിരുവനന്തപുരം: ലോക്സഭ തെരഞ്ഞെടുപ്പിൽ സി.പി.എം സ്ഥാനാർഥി പട്ടിക ഈ മാസം അവസാനത്തോടെ. മാർച്ച് രണ്ടാം വാരം തെരഞ്ഞെടുപ്പ് പ്രഖ്യാപനമുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നതെങ്കിലും മുതിർന്ന നേതാക്കളെ നേരത്തേ കളത്തിലിറക്കി കളം പിടിക്കാനാണ് നീക്കം. ഫെബ്രുവരി 27ന് സ്ഥാനാർഥികളെ പ്രഖ്യാപിച്ചേക്കും. വെള്ളിയാഴ്ചത്തെ സെക്രട്ടേറിയറ്റ് യോഗത്തിൽ സ്ഥാനാർഥി കാര്യത്തിൽ പൊതുധാരണ ആയിട്ടുണ്ട്.
ഏക സിറ്റിങ് എം.പി എ.എം. ആരിഫ് തന്നെയാവും ആലപ്പുഴയിൽ. ആറ്റിങ്ങലിൽ തിരുവനന്തപുരം ജില്ല സെക്രട്ടറി വി. ജോയ് എം.എൽ.എ, പത്തനംതിട്ടയിൽ മുൻ ധനമന്ത്രി ടി.എം. തോമസ് ഐസക് എന്നിവർ ഏറെക്കുറെ ഉറപ്പായിട്ടുണ്ട്. ആറ്റിങ്ങൽ തിരിച്ചുപിടിക്കാൻ പ്രാപ്തിയുള്ള ശക്തൻ എന്ന നിലയിലാണ് മണ്ഡല പരിധിയിലെ വർക്കല എം.എൽ.എ കൂടിയായ ജോയിയെ ഇറക്കുന്നത്.
എറണാകുളത്തേക്ക് കൂടി പറഞ്ഞുകേട്ടിരുന്നെങ്കിലും ഐസക്കിന്റെ കൂടി താൽപര്യം പരിഗണിച്ചാണ് പത്തനംതിട്ട തീരുമാനിച്ചത്. മന്ത്രി കെ. രാധാകൃഷ്ണനോട് ആലത്തൂരിൽ രമ്യ ഹരിദാസിനെതിരെ ഇറങ്ങാൻ ആവശ്യപ്പെട്ടെങ്കിലും ഇല്ലെന്നാണ് മന്ത്രിയുടെ നിലപാട്. പകരം മുതിർന്ന നേതാവ് എ.കെ. ബാലൻ വന്നേക്കും. മുൻമന്ത്രി കെ.കെ. ശൈലജ സ്ഥാനാർഥിയാകുമെന്ന് ഉറപ്പാണ്. കണ്ണൂർ, അല്ലെങ്കിൽ വടകരയാണ് സാധ്യത. കണ്ണൂരിൽ സിറ്റിങ് എം.പിയും കെ.പി.സി.സി പ്രസിഡന്റുമായ കെ. സുധാകരൻ വീണ്ടും വരികയാണെങ്കിൽ കെ.കെ. ശൈലജയാകും എതിർ സ്ഥാാനാർഥി. അല്ലെങ്കിൽ വടകരയിൽ കെ. മുരളീധരനെ നേരിടാനാകും ശൈലജയുടെ നിയോഗം.
എറണാകുളത്തും പൊന്നാനിയിലും പൊതുസ്വതന്ത്രനെയാണ് തേടുന്നത്. കൊല്ലത്ത് മുൻ എം.എൽ.എ ഐഷ പോറ്റി, കാസർകോട് മുൻ എം.എൽ.എ ടി.വി. രാജേഷ്, ഇടുക്കിയിൽ മുൻ എം.പി ജോയ്സ് ജോർജ്, പാലക്കാട് എം. സ്വരാജ്, കോഴിക്കോട്ട് ഡി.വൈ.എഫ്.ഐ സംസ്ഥാന പ്രസിഡന്റ് വി. വസീഫ് എന്നീ പേരുകൾക്കാണ് മുൻതൂക്കം. കണ്ണൂരിൽ ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറി സനോജ് പരിഗണനയിലുണ്ട്. അങ്ങനെയെങ്കിൽ കോഴിക്കോട് എം.കെ. രാഘവനെ തളക്കാൻ എളമരം കരീം വന്നേക്കാം.
സംസ്ഥാന സെക്രട്ടേറിയറ്റിന്റെ നിർദേശങ്ങൾ ശനി, ഞായർ ദിവസങ്ങളിൽ ചേരുന്ന ജില്ല കമ്മിറ്റികൾ ചർച്ച ചെയ്യും. ശേഷം ഫെബ്രുവരി 21ന് സംസ്ഥാന സമിതി ചേർന്നാകും അന്തിമ പട്ടികക്ക് രൂപം നൽകുക.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.