കൊച്ചി: കഴിഞ്ഞ നിയമസഭ പൊതുതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് എറണാകുളം ജില്ലയിൽ സസ്പെൻഡ് ചെയ്ത സി.പി.എം നേതാക്കളെ ബ്രാഞ്ച് കമ്മിറ്റിയിലേക്ക് തരംതാഴ്ത്തി തിരിച്ചെടുക്കാൻ തീരുമാനം.കഴിഞ്ഞ സെപ്റ്റംബർ 28ന് സംസ്ഥാന നേതൃത്വത്തിെൻറ തീരുമാനപ്രകാരം പാർട്ടിയിൽനിന്ന് ഒരു വർഷത്തേക്ക് സസ്പെൻഡ് ചെയ്തിരുന്ന 10 നേതാക്കളെയാണ് അവരുടെ താമസ സ്ഥലവുമായി ബന്ധപ്പെട്ട ബ്രാഞ്ചുകളിൽ അംഗങ്ങളായി തിരിച്ചെടുക്കാൻ സംസ്ഥാന കമ്മിറ്റിയുടെ നിർദേശ പ്രകാരം തന്നെ സി.പി.എം ജില്ല കമ്മിറ്റി തീരുമാനിച്ചത്.
ജില്ല സെക്രട്ടേറിയറ്റ് അംഗങ്ങളായിരുന്ന സി.കെ. മണിശങ്കർ, എൻ.സി. മോഹനൻ, ജില്ല കമ്മിറ്റി അംഗങ്ങളായിരുന്ന സി.എൻ. സുന്ദരൻ, പി.കെ. സോമൻ, വി.പി. ശശീന്ദ്രൻ, തൃക്കാക്കര ഏരിയ സെക്രട്ടറിയായിരുന്ന കെ.ഡി. വിൻസെന്റ്, പെരുമ്പാവൂർ ഏരിയ സെക്രട്ടറിയായിരുന്ന പി.എ. സലിം, ഏരിയ കമ്മിറ്റി അംഗങ്ങളായ സാജു പോൾ, എം.ഐ. ബീരാസ്, ആർ.എം. രാമചന്ദ്രൻ എന്നിവരെയാണ് തിരിച്ചെടുക്കുന്നത്. അതേസമയം, പുറത്താക്കപ്പെട്ട കൂത്താട്ടുകുളം മുൻ ഏരിയ സെക്രട്ടറി ഷാജു ജേക്കബിനെ തിരിച്ചെടുക്കുന്ന കാര്യത്തിൽ തീരുമാനമായിട്ടില്ല.
ചുമട്ടുതൊഴിലാളി ക്ഷേമനിധി ബോർഡ് ചെയർമാനും സി.ഐ.ടി.യു. ജില്ല സെക്രട്ടറിയായിരുന്ന സി.കെ. മണിശങ്കർ പൊന്നുരുന്നി സെൻട്രൽ, ടെൽക്ക് ചെയർമാനായിരുന്ന എൻ.സി. മോഹനൻ പെരുമ്പാവൂർ ബ്രോഡ്‌വേ, സി.എൻ. സുന്ദരൻ തൃപ്പൂണിത്തുറ ടൗൺ സൗത്ത്, പി.കെ. സോമൻ മേതല വണ്ടമറ്റം, വി.പി. ശശീന്ദ്രൻ മേതല കനാൽപ്പാലം, കെ.ഡി. വിൻസെന്റ് തമ്മനം വെസ്റ്റ്, പി.എ. സലീം തണ്ടയോട്,
സാജു പോൾ വേങ്ങൂർ കൈപ്പിള്ളി, എം.ഐ. ബീരാസ് നെടുംതോട്, ആർ.എം. രാമചന്ദ്രൻ മരുതുകവല എന്നീ ബ്രാഞ്ചുകളുടെ ഭാഗമായാവും സെപ്റ്റംബർ രണ്ട് മുതൽ പ്രവർത്തിക്കുക. തൃക്കാക്കര, പെരുമ്പാവൂർ, പിറവം നിയമസഭ മണ്ഡലങ്ങളിൽ ഇടത് സ്ഥാനാർഥികളുടെ തോൽവിയുമായി ബന്ധപ്പെട്ടാണ് ഇവർക്കെതിരെ നടപടിയുണ്ടായത്. അന്വേഷണ കമീഷൻ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു നടപടി. സി.എൻ. സുന്ദരെൻറ പ്രവർത്തനം മകൻ സെക്രട്ടറിയായിരിക്കുന്ന ബ്രാഞ്ചിൽ അംഗമെന്ന നിലയിലായിരിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.