കോഴിക്കോട്: കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ ഗുരുവായൂർ മണ്ഡലത്തിൽ സി.പി.എം- ബി.ജെ.പി ഡീൽ ഉണ്ടായിരുന്നുവെന്ന ഗുരുതര ആരോപണവുമായി മുസ്ലിം ലീഗ് നേതാവ് കെ.എൻ.എ. ഖാദർ. ചൊവ്വാഴ്ച പുറത്തിറങ്ങിയ ‘വ്യാകരണമില്ലാത്ത ജീവിതം’ എന്ന ആത്മകഥയിലാണ് അന്നത്തെ യു.ഡി.എഫ് സ്ഥാനാർഥിയും മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറിയേറ്റ് അംഗവുമായ ഖാദർ ഡീലിന്റെ വിശദാംശങ്ങൾ വെളിപ്പെടുത്തുന്നത്. ബി.ജെ.പിയുമായി ധാരണയുണ്ടാക്കുന്നതിന് ചുക്കാൻ പിടിച്ചത് മുഖ്യമന്ത്രി പിണറായി വിജയനാണെന്നും ഡീലിന്‍റെ അടിസ്ഥാനത്തിലാണ് ബി.ജെ.പി സ്ഥാനാർഥിയുടെ പത്രിക തള്ളിയതെന്നും പുസ്തകത്തിൽ ഖാദർ ആരോപിക്കുന്നു.
ബി.ജെ.പി സ്ഥാനാർഥിയുടെ പത്രിക തള്ളിയതോടെ പാർട്ടി സ്വതന്ത്രന് പിന്തുണ പ്രഖ്യാപിച്ചു. തൊട്ടുമുമ്പുള്ള നിയമസഭ തെരഞ്ഞെടുപ്പിൽ 25000ലധികം വോട്ടുകൾ ബി.ജെ.പിക്ക് കിട്ടിയിരുന്നു. എന്നാൽ, 2021ലെ തെരഞ്ഞെടുപ്പിൽ ബി.ജെ.പി. വോട്ടുകൾ ഭൂരിപക്ഷവും സി.പി.എമ്മിലേക്ക് പോയെന്നും ‘ഗുരുവായൂരിലെ ഒക്കച്ചങ്ങാതിമാർ’ എന്ന അധ്യായത്തിൽ ആരോപിക്കുന്നു. ‘ആദ്യഘട്ട പ്രചാരണത്തിൽത്തന്നെ ജയിക്കാൻ സാധ്യതയുണ്ടെന്ന രീതിയിൽ യു.ഡി.എഫിന് ചലനമുണ്ടാക്കാൻ കഴിഞ്ഞു. ആ രീതിയിൽ ചില മാധ്യമങ്ങളിൽ സർവേ ഫലങ്ങളും വന്നു. പിന്നീട് ചില കളികൾ നടന്നു. മുഖ്യമന്ത്രി പിണറായി വിജയൻതന്നെ പ്രത്യേകം ജാഗ്രത പുലർത്തിയ മണ്ഡലമായിരുന്നു ഗുരുവായൂർ. എനിക്കെതിരേ അദ്ദേഹം നേരിട്ട് ചില പ്രസ്താവനകൾ നടത്തി. ബി.ജെ.പിയുമായി ധാരണയുണ്ടാക്കിയെന്ന് തെറ്റിദ്ധാരണ പരത്താൻ ശ്രമിച്ചു. സത്യത്തിൽ മറിച്ചാണ് സംഭവിച്ചത്. അതാണ് യു.ഡി.എഫിന്‍റെ തോൽവിക്ക് കാരണമായത്. സി.പി.എമ്മും ബി.ജെ.പിയും തമ്മിലായിരുന്നു ധാരണ. മുഖ്യമന്ത്രിയടക്കം ഇടപെട്ട് ബി.ജെ.പിയുടെ മുഴുവൻ വോട്ടുകളും എൽ.ഡി.എഫിലേക്കെത്തിച്ചു. വിജയം ഉറപ്പാക്കാൻ മറ്റു ചില മണ്ഡലങ്ങളിലും സി.പി.എം. സമാനരീതിയിൽ ഒത്തുകളിച്ചിരുന്നു’ -പുസ്തകത്തിൽ പറയുന്നു.
‘ഗുരുവായൂരിലെ സി.പി.എം-ബി.ജെ.പി ധാരണ പകൽപോലെ വ്യക്തമായിരുന്നു. ബി.ജെ.പി. പ്രതിനിധിയായി ആദ്യം നല്ലൊരു സ്ഥാനാർഥി പത്രിക കൊടുത്തതാണ്. മുമ്പ് മത്സരിച്ച് മണ്ഡലത്തിൽ സുപരിചിതയാണവർ. 2016ൽ 25490 വോട്ട് നേടിയിട്ടുണ്ട്. അഭിഭാഷകയായ അവർക്ക് തെരഞ്ഞെടുപ്പിന്റെയും നാമനിർദ്ദേശപത്രികയുടെയും നിയമങ്ങൾ നന്നായറിയും. എന്നാൽ, ബി.ജെ.പി. സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന്റെ ഒപ്പില്ലെന്നു പറഞ്ഞ് അവരുടെ പത്രിക തള്ളി. സി.പി.എം.-ബി.ജെ.പി. ധാരണ പ്രകാരമായിരുന്നു അത്. റിട്ടേണിങ് ഓഫീസർമാരടക്കം തെരഞ്ഞെടുപ്പുവിഭാഗത്തിലെ പല ഉദ്യോഗസ്ഥരും ഇടതുസഹയാത്രികരായിരുന്നു -കെ.എൻ.എ. ഖാദർ ആരോപിക്കുന്നു.
പാർട്ടി സ്ഥാനാർഥിയുടെ പത്രിക തള്ളുമ്പോൾ എല്ലാവരും എതിർക്കുന്നതാണ് പതിവ്. എന്നാൽ, ബി.ജെ.പി. സ്ഥാനാർഥിയുടെ പത്രിക തള്ളിയപ്പോൾ പാർട്ടി പ്രതിനിധികളാരും എതിർപ്പുന്നയിച്ചില്ല. സൂക്ഷ്മപരിശോധനക്കെത്തിയ ബി.ജെ.പി പ്രതിനിധികളാരും ബഹളമുണ്ടാക്കുകയോ പ്രതിഷേധിക്കുകയോ ചെയ്തില്ല.
തൊട്ടുമുമ്പുള്ള നിയമസഭാ തെരഞ്ഞെടുപ്പിൽ 25000ലധികം വോട്ടുകൾ ബി.ജെ.പിക്ക് കിട്ടിയിരുന്നു. അതിനുശേഷം ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ഗുരുവായൂരിൽ 33,000 വോട്ടുകളും നേടി. എന്നാൽ, 2021ൽ പാർട്ടി സ്ഥാനാർഥി ഇല്ലാതായതോടെ ബി.ജെ.പി. പിന്തുണ പ്രഖ്യാപിച്ച സ്വതന്ത്രന് 6294 വോട്ട് മാത്രമാണ് കിട്ടിയത്. ബാക്കി വോട്ടുകളെല്ലാം സി.പി.എമ്മിലേക്ക് പോകുകയാണ് ചെയ്തതെന്നും ഖാദർ ആത്മകഥയിൽ ആരോപിക്കുന്നു.
കോൺഗ്രസ് തൊടുത്തുവിട്ട ഡീൽ ആരോപണത്തിൽ സംസ്ഥാന രാഷ്ട്രീയം കലങ്ങി മറിയുന്നതിനിടെയാണ് കെ.എൻ.എ. ഖാദറിന്‍റെ ആത്മകഥ പുറത്തിറങ്ങുന്നത്. പാലക്കാട്ട്, റാന്നി, കോന്നി, മഞ്ചേശ്വരം, കാസര്‍കോട് അടക്കമുള്ള മണ്ഡലങ്ങളിൽ അവിശുദ്ധ കൂട്ടുകെട്ടുണ്ടെന്ന് തുറന്നടിച്ച് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ രംഗത്തെത്തുകയും ഘടകകക്ഷി നേതാക്കൾ ഇത് ഏറ്റെടുക്കുകയും ചെയ്തിരുന്നു. പഴയ കോ-ലീ-ബി സഖ്യവും നേമത്തെ ബി.ജെ.പി വിജയവും ഉയർത്തിയാണ് കോൺഗ്രസിന് മുഖ്യമന്ത്രി പിണറായി വിജയൻ മറുപടി നൽകിയത്.
ബി.ജെ.പിക്ക് സ്വാധീനമുള്ള മണ്ഡലങ്ങളിൽ ഘടകകക്ഷികളെ മത്സരിപ്പിക്കുന്ന രീതി എൻ.ഡി.എ സ്വീകരിച്ചതാണ് ഡീൽ ആരോപണത്തിന് ശക്തിയേകിയത്. ബി.ജെ.പി സ്ഥാനാർഥി കെ. സുരേന്ദ്രൻ കഴിഞ്ഞ തവണ 32,000 വോട്ടു നേടിയ കോന്നി ഇത്തവണ ബി.ഡി.ജെ.എസിന് വിട്ടുകൊടുത്തത് ഡീലിന് തെളിവായി കോൺഗ്രസ് മുന്നോട്ടുവെക്കുന്നു. ബി.ജെ.പി ഭരിക്കുന്ന നഗരസഭ ഉൾപ്പെടുന്ന തൃപ്പൂണ്ണിത്തുറ മണ്ഡലം ഘടകകക്ഷിയായ ട്വന്റി 20ക്ക് കൈമാറിയതാണ് മറ്റൊന്ന്. ശബരിമല ഉൾപ്പെടുന്ന റാന്നിയിൽ ഘടകകക്ഷിയായ ട്വന്‍റി-ട്വന്‍റിക്ക് ബി.ജെ.പി സീറ്റ് നൽകിയതിലും കോൺഗ്രസ് സംശയമുന്നയിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.