'സഖാവിനെ കൊന്നിട്ട് രണ്ടാം ദിവസം യോഗം നടത്തണ്ട'; കണ്ണൂരില്‍ കോൺഗ്രസ് യോഗം സി.പി.എം പ്രവർത്തകർ തടഞ്ഞു

കണ്ണൂർ മുഴക്കുന്ന് പഞ്ചായത്തിലെ മുടക്കോഴി ഗുണ്ടികയിൽ കോൺഗ്രസ് യൂനിറ്റ് കമ്മിറ്റി (സി.യു.സി) രൂപവത്കരണ യോഗം സി.പി.എം പ്രവർത്തകർ തടഞ്ഞു. 'നമ്മളെ സഖാവിനെ കൊന്നിട്ട് രണ്ട് ദിവസായിട്ടില്ല, എന്നിട്ട് പരിപാടി നടത്താൻ നോക്കുന്നോ?' എന്ന് പറഞ്ഞാണ് ഇരുപതോളം സി.പി.എം പ്രവർത്തകർ യോഗം തടഞ്ഞത്. എന്നാൽ, 'നിങ്ങൾക്ക് തിരുവാതിര കളിക്കുന്നതിന് അത് തടസ്സമല്ലേ' എന്ന് യോഗത്തിൽ പ​ങ്കെടുക്കാ​നെത്തിയ സ്ത്രീകൾ തിരിച്ചുചോദിച്ചു.

ബൂത്ത് പ്രസിഡന്‍റ് രമേശന്‍റെ വീട്ടിലായിരുന്നു സി.യു.സി രൂപവത്കരണ യോഗം നിശ്ചയിച്ചിരുന്നത്. യോഗത്തിന് എത്തിയ ഡി.സി.സി സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി കെ.സി. മുഹമ്മദ് ഫൈസലടക്കമുള്ള നേതാക്കളെയും സ്ത്രീകളെയും അസഭ്യം പറയുകയും കൈയ്യേറ്റം ചെയ്യാന്‍ ശ്രമിക്കുകയും ചെയ്തുവെന്ന് കോൺഗ്രസ് ഭാരവാഹികൾ പറഞ്ഞു. പ്രദേശത്തെ സി.പി.എം നേതാക്കളായ ശ്രീധരൻ, ശ്രീജിത്ത് തുടങ്ങിയവരുടെ നേതൃത്തിലാണ് യോഗസ്ഥലം കയ്യേറിയതെന്ന് ഇവർ ആരോപിച്ചു.

സി.പി.എമ്മിന്‍റെ പാർട്ടി ഗ്രാമമായ മുടക്കോഴിയിലാണ് ടി.പി ചന്ദ്രശേഖരൻ വധക്കേസിലെ പ്രതികളായ കൊടി സുനിയും മറ്റും ഒളിവിൽ കഴിഞ്ഞിരുന്നത്. പാർട്ടി ഗ്രാമത്തിൽ മറ്റൊരു പാർട്ടിയുടെ യൂണിറ്റ് ആവശ്യമില്ലെന്ന് പറഞ്ഞായിരുന്നു കയ്യേറ്റവും അസഭ്യവർഷവുമെന്നും കോൺഗ്രസ് നേതാക്കൾ പറഞ്ഞു. സ്ഥലത്തെത്തിയ പൊലീസ് സി.പി.എം പ്രവർത്തകരുടെ എതിർപ്പിനെ തുടർന്ന് യോഗത്തിന് ആവശ്യമായ സുരക്ഷ ഒരുക്കാൻ തയാറായില്ലെന്നും ഇവർ ആരോപിച്ചു


.

Tags:    
News Summary - CPM activists blocked the Congress meeting

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.