അക്രമരാഷ്ട്രീയം: ചര്‍ച്ചക്ക് തയാറെന്ന് കോടിയേരി, സമ്മതമറിയിക്കാതെ കുമ്മനം 

വര്‍ക്കല: കേരളത്തില്‍ വളര്‍ന്നുവരുന്ന സംഘര്‍ഷങ്ങളും അക്രമങ്ങളും ചര്‍ച്ചകളിലൂടെയും സംവാദങ്ങളിലൂടെയും പരിഹരിക്കാന്‍ രാഷ്ട്രീയനേതൃത്വങ്ങള്‍ തയാറാകണമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. 84ാമത് ശിവഗിരി തീര്‍ഥാടനത്തിന്‍െറ ഭാഗമായി ‘സംഘര്‍ഷമില്ലാത്ത സംഘടനാപ്രവര്‍ത്തനം’ എന്ന വിഷയത്തില്‍ നടന്ന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ശാരീരികമായ സംഘര്‍ഷങ്ങള്‍ക്കുപകരം ആശയപരമായ സംഘര്‍ഷങ്ങളാണ് ഉണ്ടാകേണ്ടത്. അതിലൂടെയാണ് സാമൂഹികപുരോഗതിക്കായി പുതിയ ആശയങ്ങള്‍ ഉണ്ടാകുന്നത്.  അക്രമരാഷ്ട്രീയത്തില്‍ നിന്ന് മോചനം വേണമെന്ന ചിന്ത സമൂഹത്തില്‍ ശക്തിപ്പെട്ടിട്ടുണ്ട്. ഒരു ജീവനും നഷ്ടപ്പെടാന്‍ പാടില്ല. അതിലൂടെ ഒരു ആശയത്തെയും സംഘടനയെയും ഇല്ലായ്മ ചെയ്യാനുമാകില്ല. സംഘടന എല്ലാ മനുഷ്യര്‍ക്കും വേണ്ടിയുള്ളതാണെന്ന വിചാരം എല്ലാ നേതാക്കള്‍ക്കുമുണ്ടാകണമെന്നും കോടിയേരി പറഞ്ഞു. 

ഏറ്റുമുട്ടലും കലാപങ്ങളും കൊണ്ട് ഒന്നും നേടാനാകില്ളെന്നും രാഷ്ട്രീയപാര്‍ട്ടികള്‍ തമ്മില്‍ അഭിപ്രായവ്യത്യാസങ്ങളുണ്ടെന്നും അതുണ്ടാകേണ്ടതാണെന്നും മുഖ്യപ്രഭാഷണം നിര്‍വഹിച്ച ബി.ജെ.പി സംസ്ഥാന പ്രസിഡന്‍റ് കുമ്മനം രാജശേഖരന്‍ പറഞ്ഞു. എന്നാല്‍, അക്രമരാഷ്ട്രീയത്തിനെതിരെ ചര്‍ച്ചക്ക് തയാറാണെന്ന് കോടിയേരി ബാലകൃഷ്ണന്‍ പരസ്യമായി സമ്മതിച്ചിട്ടും ബി.ജെ.പിയുടെ നയം വ്യക്തമാക്കാതെ ഒളിച്ചോടുകയാണ് കുമ്മനമെന്ന് കടുത്തഭാഷയില്‍ സി.പി.ഐ നേതാവ് ബിനോയ് വിശ്വം വിമര്‍ശിച്ചു. ഇടുങ്ങിയ ചിന്താഗതി വിട്ട് വിശാലമായി ചിന്തിക്കുമ്പോഴാണ് സംഘടനകള്‍ സംഘര്‍ഷമുക്തമാകുന്നതെന്ന് കെ.പി.സി.സി വൈസ് പ്രസിഡന്‍റ് വി.ഡി. സതീശന്‍ എം.എല്‍.എ പറഞ്ഞു. ഇരിക്കാന്‍ പറയുമ്പോള്‍ കിടക്കുന്ന രാഷ്ട്രീയനേതൃത്വങ്ങളാണ് സാമുദായികനേതാക്കള്‍ക്ക് പ്രമാണിത്തം നല്‍കിയതെന്നും അദ്ദേഹം പറഞ്ഞു. കെ.ആര്‍.എസ്. ധരന്‍, വി.ടി. ശശീന്ദ്രന്‍, വൈ.എ. റഹീം, ചന്ദ്രബോസ് എന്നിവര്‍ സംസാരിച്ചു. സ്വാമി ഋതംഭരാനന്ദ അധ്യക്ഷത വഹിച്ചു. സ്വാമി ഗുരുപ്രസാദ് സ്വാഗതവും ശ്രീനാരായണപ്രസാദ് നന്ദിയും പറഞ്ഞു. 

Tags:    
News Summary - CPIM_BJP CLASH

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.