കൊല്ലം ടൗൺ ഹാളിൽ സി.പി.എം സംസ്ഥാന സമ്മേളനത്തിന്റെ പ്രതിനിധി സമ്മേളനത്തിനെത്തിയ പി.ബി. അംഗം വൃന്ദ കാരാട്ട് കടുത്ത വെയിലത്ത് ചുവപ്പ് തൊപ്പിയണിയുന്നു. പി.ബി. കോഓഡിനേറ്റർ പ്രകാശ് കാരാട്ട്, മുഖ്യമന്ത്രി പിണറായി വിജയൻ തുടങ്ങിയവർ സമീപം (PHOTO: പി.ബി.ബിജു)
കൊല്ലം: സംസ്ഥാന സമ്മേളന പ്രവർത്തന റിപ്പോർട്ടിൽ മുതിർന്ന നേതാവ് ഇ.പി. ജയരാജനും മന്ത്രി സജി ചെറിയാനും വിമർശനം. അതേസമയം, മുഖ്യമന്ത്രി പിണറായി വിജയൻ മികവ് കാണിച്ചുവെന്ന പ്രശംസയുമുണ്ട്. ഇടതു മുന്നണി കൺവീനർ എന്ന നിലയിൽ പാർട്ടിയെ നയിക്കേണ്ട ഇ.പി. ജയരാജന് നിർണായക ഘട്ടങ്ങളിൽ പിഴവ് സംഭവിച്ചു. അതുകൊണ്ടാണ് എൽ.ഡി.എഫ് കൺവീനർ സ്ഥാനത്തുനിന്ന് മാറ്റേണ്ടിവന്നത്. ഇനി ഇ.പി. ജയരാജൻ പാർട്ടിയിൽനിന്ന് മാറിനിൽക്കാതെ പ്രവർത്തനത്തിൽ സജീവമാകണം. മാധ്യമങ്ങളോട് ഇടപെടുമ്പോൾ പിഴക്കുന്നുവെന്നാണ് മന്ത്രി സജി ചെറിയാന് നേരെയുള്ള വിമർശനം.
മാധ്യമങ്ങളോട് സംസാരിക്കുമ്പോൾ അത് പാർട്ടിയുടെ കൂടി വാക്കുകളാണെന്ന ബോധം വേണമെന്നും റിപ്പോർട്ട് ഉണർത്തുന്നു. രണ്ടാം പിണറായി സർക്കാറിലും മുഖ്യമന്ത്രിയുടെ പ്രകടനം മികച്ചതാണ്. എന്നാൽ, രണ്ടാം സർക്കാറിലെ ചില മന്ത്രിമാർ പ്രതീക്ഷക്കൊത്ത് ഉയർന്നിട്ടില്ല.
പ്രതിപക്ഷവും മാധ്യമങ്ങളും മുഖ്യമന്ത്രിയെ കടന്നാക്രമിച്ചപ്പോൾ അത് പ്രതിരോധിക്കുന്നതിൽ മന്ത്രിമാരുടെ ഭാഗത്തുനിന്ന് വീഴ്ചയുണ്ടായെന്നും റിപ്പോർട്ടിൽ പറയുന്നു.
സഹകരണ മേഖലയിലെ പാർട്ടി നേതാക്കളുടെ ഇടെപടലുകളിൽ വീഴ്ചയുണ്ടെന്ന് പാർട്ടി കുറ്റസമ്മതം നടത്തുന്നു. തൃശൂരിൽ ബി.ജെ.പി ജയിച്ചത് കോൺഗ്രസ് വോട്ടുകൊണ്ടാണെന്ന് വിശദീകരിക്കാമെങ്കിലും പാർട്ടി വോട്ടുകളും നഷ്ടമായിട്ടുണ്ട്.
പാർട്ടിക്ക് വലിയ സ്വാധീനമുള്ള ഇടങ്ങളിൽപോലും ബി.ജെ.പിയിലേക്ക് വോട്ടു പോകുന്നത് ഗൗരവതരമാണെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.