കിഫ്ബി പദ്ധതികള്‍ അട്ടിമറിക്കാന്‍ കോണ്‍ഗ്രസും ബി.ജെ.പിയും തമ്മില്‍ അവിശുദ്ധ സഖ്യം -സി.പി.എം

തിരുവനന്തപുരം: കിഫ്ബി കേരളത്തില്‍ നടപ്പാക്കുന്ന പദ്ധതികള്‍ അട്ടിമറിക്കാന്‍ കോണ്‍ഗ്രസും ബി.ജെ.പി യും അവിശുദ്ധ സഖ്യത്തില്‍ ഏര്‍പ്പെട്ടിരിക്കുകയാണെന്ന് സി.പി.എം. സംസ്ഥാന സര്‍ക്കാറിന്റെ കീഴിലെ കമ്പനികള്‍ക്ക് വായ്പയെടുക്കാന്‍ ഇതുവരെ ഉണ്ടായിരുന്ന അവകാശം ഇല്ലാതാക്കാനാണ് ശ്രമമെന്നും സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് പ്രസ്താവനയില്‍ കുറ്റപ്പെടുത്തി.

കേരളത്തിന്റെ വികസന പദ്ധതികളെ അട്ടിമറിക്കാനുള്ള ആസൂത്രിത നീക്കത്തിന്റെ ഭാഗമാണ് കിഫ്ബിക്കെതിരായി വിവാദം. വികസന പദ്ധതികള്‍ തകര്‍ക്കാന്‍ വിവിധ കേന്ദ്ര ഏജന്‍സികളായ ഇ.ഡി, സി.ബി.ഐ, എന്‍.ഐ.എ, കസ്റ്റംസ് ഏറ്റവും അവസാനം സി.എ.ജിയും ശ്രമിക്കുകയാണ്. സ്വര്‍ണ കള്ളക്കടത്ത് അന്വേഷിക്കാന്‍ വന്ന ഏജന്‍സികള്‍ ആ ചുമതല നിര്‍വ്വഹിക്കുന്നതിനപ്പുറം എല്ലാ വികസന പദ്ധതികളിലും ഇടങ്കോലിടുകയാണ്.

കെ ഫോണ്‍, ഇ-മൊബിലിറ്റി, ടോറസ് പാര്‍ക്ക്, ലൈഫ് മിഷന്‍ തുടങ്ങിയ പദ്ധതികളില്‍ അവര്‍ ഇടപെട്ടു കഴിഞ്ഞു. ഇതിന്റെ തുടര്‍ച്ചയാണ് കിഫ്ബി വഴി വായ്പ എടുക്കുന്നത് തന്നെ നിയമ വിരുദ്ധമാണെന്നുള്ള സി.എ.ജിയുടെ കരട് റിപ്പോര്‍ട്ടിന്റെ വ്യാഖ്യാനം. കിഫ്ബി വിദേശത്ത് നിന്ന് വായ്പ എടുത്തത് ഭരണഘടനാ വിരുദ്ധമെന്ന് വിധിക്കാന്‍ ആര്‍.എസ്.എസ്സും ബി.ജെ.പിയും നയിക്കുന്ന സ്വദേശി ജാഗരണ്‍ മഞ്ചാണ് മുന്നോട്ടു വന്നത്. അവരെ സഹായിക്കുന്നത് കേരള പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റിയാണ്.

കേരളത്തിലെ നടന്നു കൊണ്ടിരിക്കുന്ന അമ്പതിനായിരം കോടി രൂപയുടെ എണ്ണൂറില്‍ പരം പദ്ധതികള്‍ തുടരണമോ, അതോ ഉപേക്ഷിക്കപ്പെടണമോ എന്നഗൗരവമായ ചോദ്യമാണ് ജനങ്ങളുടെ മുന്നില്‍ ഉയര്‍ന്നു വന്നിട്ടുള്ളത്. കിഫ്ബി പ്രോജക്ടുകളില്‍ ഏതെങ്കിലും ഒന്നില്‍ അഴിമതിയോ ക്രമക്കേടോ ഉണ്ടെങ്കില്‍ തെളിവുകള്‍ ഹാജരാക്കാന്‍ പ്രതിപക്ഷം തയ്യാറാവണം. എട്ടു മാസം നീണ്ട ഓഡിറ്റിന് ശേഷം ക്രമക്കേട് ഒന്നും സി.എ.ജി ക്ക് കാണാന്‍ കഴിഞ്ഞില്ല. ഇത് സംബന്ധിച്ച കരട് റിപ്പോര്‍ട് സമര്‍പ്പിച്ച വേളയില്‍ ആണ് കിഫ്ബിയില്‍ ഓഡിറ്റ് ഇല്ല എന്നിവര്‍ പുലമ്പുന്നതെന്നും പ്രസ്താവനയില്‍ ആരോപിക്കുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.