ആലത്തൂർ: കാവശ്ശേരി ഭാഗത്തെ മണി ചെയിൻ ഇടപാടുമായി ബന്ധപ്പെട്ട് ലോക്കൽ കമ്മിറ്റിയംഗത്തെ സി.പി.എം പുറത്താക്കി. നാല് നേതാക്കൾക്ക് പാർട്ടി താക്കീത് നൽകി. പാടൂർ ലോക്കൽ കമ്മിറ്റിയംഗവും കാവശ്ശേരി ഗ്രാമപഞ്ചായത്ത് മുൻ സ്ഥിരം സമിതി അധ്യക്ഷനുമായ കെ. സുനിലീധരനെയാണ് പുറത്താക്കിയത്.
പാടൂർ ലോക്കൽ കമ്മിറ്റി സെക്രട്ടറി പി.സി. പ്രമോദ്, ഡി.വൈ.എഫ്.ഐ ബ്ലോക്ക് സെക്രട്ടറി കെ. രജനീഷ്, മേഖല സെക്രട്ടറി എസ്. അക്ബർ, സി.പി.എം അംഗം വള്ളിക്കാട് വാസുദേവൻ എന്നിവരെ പാർട്ടി നേതൃത്വം താക്കീത് ചെയ്തു. കാവശ്ശേരി, പാടൂർ ലോക്കൽ കമ്മിറ്റി അംഗങ്ങൾ ഉൾപ്പെട്ട ഇടപാടിലാണ് പാർട്ടി അച്ചടക്ക നടപടി തുടങ്ങിയത്. മണി ചെയിൻ ഇടപാടിൽ പലർക്കും പണം നഷ്ടപ്പെട്ടതായ പരാതികളെതുടർന്ന് പാർട്ടി നടത്തിയ അന്വേഷണത്തിലാണ് നേതാക്കൾക്ക് പങ്കുള്ളതായി വ്യക്തമായത്.
ഒരു ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ഉൾപ്പെടെ പല പ്രമുഖരും മണിചെയിൻ തട്ടിപ്പിൽ കണ്ണിയിൽ ചേർന്നതായും നടത്തിപ്പുകാർ മുങ്ങിയതോടെ പലർക്കും വലിയ തുക നഷ്ടപ്പെട്ടതായും വ്യാപക പരാതികളുണ്ട്. ഒരു ലക്ഷം നിക്ഷേപിച്ചാൽ മാസം തോറും 10,000 രൂപ വീതം ആദായമായി തിരിച്ചുനൽകുമെന്നായിരുന്നു ഉറപ്പ്.
മോഹന വാഗ്ദാനത്തിൽ കുടുങ്ങി പത്ത് ലക്ഷം വരെ നിക്ഷേപിച്ചവരുണ്ടെത്ര. പണം നഷ്ടപ്പെട്ടവരിൽ ഏറെ പേരും സി.പി.എം അനുഭാവികളോ പ്രവർത്തകരോ ആയതുകൊണ്ട് പാർട്ടിയിലാണ് കൂടുതൽപേരും പരാതിപ്പെട്ടത്. പൊലീസിലും ചില പരാതികളെത്തിയിട്ടുണ്ടെങ്കിലും കാര്യമായ അന്വേഷണം നടന്നിട്ടില്ല. രേഖാമൂലമുള്ള പരാതി കിട്ടിയിട്ടില്ല എന്നാണ് പൊലീസ് പറയുന്നത്. ഒരു നേതാവിെൻറ ബന്ധു വഴിയാണ് മണിചെയിൻ തട്ടിപ്പുകാർ വല വിരിച്ചതെന്നാണ് വിവരം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.