നടിയെ ആക്രമിച്ച കേസ് നാണംകെട്ട കേസ്, അദ്ദേഹം നല്ല നടനായി ഉയർന്നുവന്ന ആളാണ് -എം.എം. മണി

തിരുവനന്തപുരം: തന്നെ ആക്രമിച്ച കേസ് അട്ടിമറിക്കാൻ ഉന്നതതല രാഷ്ട്രീയ ഇടപെടലുണ്ടെന്ന് അതിജീവിത ഹൈകോടതിയിൽ നൽകിയ പരാതിക്കെതിരെ ഗുരുതര ആരോപണങ്ങളുമായി സി.പി.എം നേതാക്കൾ രംഗത്ത്. നടിയെ ആക്രമിച്ച കേസ് നാണംകെട്ട കേസാണെന്ന് മുൻ മന്ത്രി എം.എം. മണി പ്രതികരിച്ചു. നല്ല നടനായി ഉയർന്നുവന്ന അദ്ദേഹം ഇതിന്‍റെ അകത്തൊക്കെ ചെന്ന് എങ്ങിനെ പെട്ടു എന്ന് ഒരു പിടിയുമില്ലെന്നും എം.എം മണി പറഞ്ഞു. നടിയെ ആക്രമിച്ച കേസ് സർക്കാർ അട്ടിമറിക്കുന്നു എന്ന വിമർശനവുമായി കോൺഗ്രസ് അടക്കം രംഗത്തുവരുന്നതിനെക്കുറിച്ച് ചോദിച്ചപ്പോഴായിരുന്നു എം.എം. മണിയുടെ പ്രതികരണം.

'കേസ് തെളിവിന്‍റെ അടിസ്ഥാനത്തിൽ കോടതി തീരുമാനിക്കേണ്ട കാര്യമാണ്. നടിയെ ആക്രമിച്ച കേസെന്നൊക്കെ പറയുന്നത് കുറേ നാളായി നിലനിൽക്കുന്ന ഒരു നാണംകെട്ട കേസായാണ് എനിക്ക് തോന്നിയിരിക്കുന്നത്. അദ്ദേഹം നല്ല നടനായി ഉയർന്നുവന്ന ആളാണ്. ഇതിന്‍റെ അകത്തൊക്കെ ചെന്ന് എങ്ങിനെ അദ്ദേഹം പെട്ടു എന്ന് ഒരു പിടിയുമില്ല. കേസിൽ ഗവൺമെന്‍റിന് ഒന്നും ചെയ്യാനില്ല. വിശദമായി പരിഗണിച്ചാൽ അതിൽ പറയാൻ കൊള്ളാത്ത കാര്യങ്ങൾ ഉണ്ട്. അതൊന്നും ഞാനിപ്പോ പറയാൻ ഉദ്ദേശിക്കുന്നില്ല.' -എം.എം. മണി പറഞ്ഞു.

ഈ സന്ദർഭത്തിൽ അതിജീവിതയുടെ പരാതി ദുരൂഹം -കോടിയേരി

ഈ സന്ദർഭത്തിൽ അതിജീവിതയുടെ പരാതി വന്നത് ദുരൂഹമാണെന്നാണ് കോടിയേരി ബാലകൃഷ്ണൻ വാർത്താ സമ്മേളനത്തിൽ പറഞ്ഞത്. തൃക്കാക്കര തെരഞ്ഞെടുപ്പ് വന്നപ്പോൾ ഇതുപയോഗിച്ച് ഒരു പ്രചാരവേല ചെയ്യാം എന്നാണ് ഉദ്ദേശിക്കുന്നതെങ്കിൽ വസ്തുതകൾ അറിയുന്ന ആളുകൾ ഇത് വിശ്വസിക്കാൻ പോകുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

'കേസിൽ സർക്കാർ പൂർണമായും പാർട്ടിയും അതിജീവിതക്കൊപ്പമാണ്. നടിയുടെ ആവശ്യം പരിഗണിച്ചാണ് വനിതാ ജഡ്ജിയെ നിയമിച്ചത്. അതിജീവിതക്ക് ആവശ്യമായ എല്ലാ സംരക്ഷണവും സർക്കാറും പാർട്ടിയും നൽകും. അത്തരത്തിലുള്ള ഒരു ആരോപണവും ഞങ്ങൾക്ക് നേരെ ഏശാൻ പോകുന്നില്ല. തൃക്കാക്കര തെരഞ്ഞെടുപ്പ് വന്നപ്പോൾ ഇതുപയോഗിച്ച് ഒരു പ്രചാരവേല ചെയ്യാം എന്നാണ് ഉദ്ദേശിക്കുന്നതെങ്കിൽ വസ്തുതകൾ അറിയുന്ന ആളുകൾ ഇത് വിശ്വസിക്കാൻ പോകുന്നില്ല. നടിക്ക് എന്തെങ്കിലും ആക്ഷേപം ഉണ്ടെങ്കിൽ അത് കോടതിയുടെ മുമ്പിൽ വ്യക്തമാക്കട്ടെ. അവരുടെ കൈയിലുള്ള എല്ലാ വിവരങ്ങളും കോടതിക്ക് സമർപ്പിക്കട്ടെ. കോടതി അത് പരിശോധിക്കട്ടെ. ഈ സന്ദർഭത്തിൽ അതിജീവിതയുടെ പരാതി വന്നത് ദുരൂഹമാണ്.' -കോടിയേരി പറഞ്ഞു.

നടിയുടെ ഹരജിക്ക് പിന്നിൽ പ്രത്യേക താൽപര്യം ഉണ്ടോ എന്ന് പരിശോധിക്കണം -ഇ.പി. ജയരാജൻ

നടിയുടെ ഹരജിക്ക് പിന്നിൽ പ്രത്യേക താൽപര്യം ഉണ്ടോ എന്ന് പരിശോധിക്കണമെന്ന് സി.പി.എം നേതാവ് ഇ.പി ജയരാജൻ. സ്ത്രീ സുരക്ഷ ഉറപ്പുവരുത്തലാണ് സർക്കാറിന്റെ ലക്ഷ്യം. കേസിലെ മുഖ്യ പ്രതിയുടെ രാഷ്ട്രീയ ബന്ധവും പരിശോധിക്കണം. ആക്രമിക്കപ്പെട്ട നടി നൽകിയ ഹരജി തൃക്കാക്കര ഉപതെരഞ്ഞെടുപ്പിനെ ബാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. ഹരജിക്ക് പിന്നിലെ അജണ്ട മാധ്യമങ്ങൾ പരിശോധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

നടിയുടെ ഹരജിക്ക് പിന്നിൽ കോൺഗ്രസ് -കടകംപള്ളി സുരേന്ദ്രൻ

അതിജീവിത ഹൈകോടതിയിൽ നൽകിയ ഹരജിക്ക് പിന്നിൽ കോൺഗ്രസ് ആണെന്ന് കടകംപള്ളി സുരേന്ദ്രൻ ആരോപിച്ചു.

വ്യാജ പ്രചരണങ്ങൽ ആക്രമിക്കപ്പെട്ട നടിയെ സ്വാധീനിച്ചിരിക്കാം. രണ്ട് വോട്ടിന് വേണ്ടി അന്യായ പ്രചരണം നടത്തുന്നു. പിന്നിൽ കോൺഗ്രസ് എന്ന് സംശയമുണ്ട്. മുഖ്യപ്രതിക്ക് ഏത് രാഷ്ട്രീയ പാർട്ടിയുമായാണ് ബന്ധമെന്ന് എല്ലാവർക്കും അറിയാമെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

Tags:    
News Summary - cpim leaders against survived actress

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.