''ഓര്‍ത്ത് കളിച്ചോ ലതികപ്പെണ്ണേ...'' കുറ്റ്യാടിയിൽ കെ.കെ. ലതികക്കും മോഹനനുമെതിരെ രൂക്ഷമായ മുദ്രാവാക്യം

കുറ്റ്യാടി: നിയമസഭ തെരഞ്ഞെടുപ്പിൽ കുറ്റ്യാടി സീറ്റ്​ കേരള കോൺഗ്രസ് എമ്മിന് നൽകിയതിനെതിരെ നടന്ന പ്രതിഷേധ പ്രകടനത്തിൽ സി.പി.എം കോഴിക്കോട് ജില്ലാ സെക്രട്ടറി പി. മോഹനനും ഭാര്യയും മുൻ എം.എൽ.എയുമാ കെ.കെ. ലതികയ്ക്കുമെതിരെ ഉയർന്നത്​ രൂക്ഷമായ മുദ്രാവാക്യം. ''ഓര്‍ത്തു കളിച്ചോ തെമ്മാടി, ഓര്‍ത്ത് കളിച്ചോ ലതികപെണ്ണേ.. പ്രസ്ഥാനത്തിനു നേരെ വന്നാല്‍ നോക്കി നില്‍ക്കാനാവില്ല…" തുടങ്ങിയ മുദ്രാവാക്യമാണ്​ ഇന്ന്​ ​വൈകീട്ട്​ നഗരത്തിൽ നടന്ന പ്രകടനത്തിൽ പ്രവർത്തകർ വിളിച്ചത്​.

'പി മോഹനാ ഓര്‍ത്തോളൂ.. ഒന്നോ രണ്ടോ ലക്ഷം കിട്ടിയാല്‍ ഓളേം മക്കളേം വിൽക്കൂലേ..'' തുടങ്ങിയ അധിക്ഷേപകരമായ മുദ്രാവാക്യങ്ങളും ഉയർന്നു കേട്ടു. ഇതിന്‍റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു. പാർട്ടിക്ക്​ തന്നെ നാണക്കേടായി മാറിയ മുദ്രാവാക്യങ്ങളെ രാഷ്​ട്രീയ എതിരാളികളും ആഘോഷിച്ചു. സംഭവം വിവാദമായതോടെ മുദ്രാവാക്യം വിളിച്ചുകൊടുത്ത സി.പി.എം പ്രവര്‍ത്തകന്‍ ഖേദം പ്രകടിപ്പിച്ചു. പാര്‍ട്ടി പ്രവര്‍ത്തകനായ ഗിരീഷാണ് മറ്റുപ്രവര്‍ത്തകരോടും നേതാക്കളോടും മാപ്പ് പറഞ്ഞത്. 'ഇന്ന് നടന്ന പാര്‍ട്ടി പ്രതിഷേധ റാലിയില്‍ ഞാന്‍ വിളിച്ച മുദ്രാവാക്യം തെറ്റായി പോയി. മാപ്പ് പറയുന്നു"-ഗിരീഷ് പറഞ്ഞു.

മണ്ഡലം കേരള കോൺഗ്രസിന് നൽകിയതിനെതിരെയും ജനകീയനായ സി.പി.എം നേതാവും ഏരിയ കമ്മിറ്റി അംഗവുമായ കെ.പി. കുഞ്ഞമ്മദ് കുട്ടിക്ക് സ്ഥാനാർഥിത്വം നിഷേധിച്ചതിനെതിരെയുമാണ് പ്രതിഷേധം അരങ്ങേറിയത്. രണ്ട്​ ദിവസങ്ങളിലായി നടന്ന പ്രകടനത്തിൽ ജില്ലാ നേതൃത്വത്തിനെതിരെയും രൂക്ഷ വിമർശനമാണ് പ്രവർത്തകർ ഉയർത്തിയത്.

പ്രകടനത്തിൽ ഉയർത്തിയ മുദ്രാവാക്യങ്ങള്‍:

"പി മോഹനാ ഓര്‍ത്തോളൂ..

ഒന്നോ രണ്ടോ ലക്ഷം കിട്ടിയാല്‍

ഓളേം മക്കളേം വിൽക്കൂലേ..

ഓര്‍ത്തു കളിച്ചോ മോഹനന്‍ മാഷേ

പ്രസ്ഥാനത്തിനു നേരെ വന്നാല്‍

നോക്കി നില്‍ക്കാനാവില്ല..

ഓര്‍ത്തു കളിച്ചോ തെമ്മാടി

കൂരിക്കാട്ടെ കുഞ്ഞാത്തൂ

കുഞ്ഞാത്തൂനൊരു പെണ്ണുണ്ട്

ഓര്‍ത്ത് കളിച്ചോ ലതികപ്പെണ്ണേ..

പ്രസ്ഥാനത്തിനു നേരെ വന്നാല്‍

നോക്കി നില്‍ക്കാനാവില്ല…"

കുറ്റ്യാടി സീറ്റ് ജോസ്​ കെ. മാണിയുടെ കേരള കോണ്‍ഗ്രസ് എമ്മിന് നല്‍കാനാണ്​ എല്‍.ഡി.എഫില്‍ ധാരണയായത്​. എന്നാൽ, പ്രതിഷേധം രൂക്ഷമായതോടെ ഇക്കാര്യത്തിൽ പുനരാ​ലോചനയ്​ക്ക്​ ഒരുങ്ങുകയാണ്​ നേതൃത്വം. ഇന്ന് സി.പി.എം ആക്ടിങ് സെക്രട്ടറി എ. വിജയരാഘവന്‍ സ്ഥാനാര്‍ത്ഥികളുടെ പേരുകള്‍ പ്രഖ്യാപിച്ചതിൽ കുറ്റ്യാടി മണ്ഡലം ഇല്ല. ജോസ്​ കെ. മാണി പ്രഖ്യാപിച്ച കേരള കോണ്‍ഗ്രസ് എമ്മിന്‍റെ സ്​ഥാനാർഥി പട്ടികയിലും കുറ്റ്യാടി മണ്ഡലം ഇടംപിടിച്ചിട്ടില്ല.

Full View

Tags:    
News Summary - cpim kuttyadi march against kk lathika and p mohanan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.