തിരുവനന്തപുരം: കേന്ദ്ര സർക്കാറിന്റെ വിദ്യാഭ്യാസ പദ്ധതിയായ പി.എം ശ്രീയിൽ ഒപ്പിട്ടതിനെ ചൊല്ലിയുള്ള തർക്കത്തിൽ നിലപാട് കടുപ്പിച്ച് മന്ത്രിസഭ യോഗത്തിൽ നിന്ന് വിട്ടുനിൽക്കാൻ സി.പി.ഐ തീരുമാനം. മുഖ്യമന്ത്രി പിണറായി വിജയനും സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വവും തമ്മിൽ നടന്ന കൂടിക്കാഴ്ചയിലും പ്രശ്ന പരിഹാരത്തിന് വഴി തുറന്നില്ല. കെ. രാജൻ, പി. പ്രസാദ്, ജി.ആർ. അനിൽ, ജെ. ചിഞ്ചുറാണി എന്നിവർക്ക് മന്ത്രിസഭ യോഗത്തിൽനിന്ന് വിട്ടുനിൽക്കാൻ പാർട്ടി നിർദേശം നൽകി.
നവംബർ നാലിന് ചേരുന്ന സംസ്ഥാന കൗൺസിൽ വിഷയത്തിൽ തുടർനിലപാട് തീരുമാനിക്കും. മന്ത്രിസഭയെയും ഇടതുമുന്നണിയെയും വഞ്ചിക്കുന്നതാണ് പി.എം ശ്രീയുമായുള്ള സഹകരണമെന്നും ഒരുതരത്തിലുമുള്ള വിട്ടുവീഴ്ച പാടില്ലെന്നുമാണ് തിങ്കളാഴ്ച രാവിലെ ആലപ്പുഴയിൽ ചേർന്ന സി.പി.ഐ എക്സിക്യൂട്ടീവ് യോഗത്തിലുയർന്ന പൊതുവികാരം.
നേരത്തെ പലതിലും തർക്കമുന്നയിച്ചിരുന്നെങ്കിലും വിട്ടുവീഴ്ചചെയ്തത് അവ ഭരണപരമായ കാര്യങ്ങളായതിനാലാണ്. എന്നാൽ പി.എം ശ്രീ ആശയപരവും രാഷ്ട്രീയവുമായതിനാൽ ഒത്തുതീർപ്പ് പാടില്ല. സി.പി.ഐയുടെയും സി.പി.എമ്മിന്റെയും പാർട്ടി കോൺഗ്രസ് രേഖകളിൽ തന്നെ ദേശീയ വിദ്യാഭ്യാസ നയം എതിർക്കേണ്ടത് തുറന്നുപറയുന്നുണ്ട്. അങ്ങനെയുള്ളപ്പോൾ പദ്ധതിയുമായി സഹകരിക്കാൻ കഴിയില്ലെന്ന് യോഗം വിലയിരുത്തി.
അതേസമയം, കൂടിക്കാഴ്ചയിൽ സി.പി.ഐയുടെ ആശങ്ക കേട്ട മുഖ്യമന്ത്രി പദ്ധതി നടത്തിപ്പിൽ മെല്ലെപോക്ക് സ്വീകരിക്കാമെന്നും വ്യവസ്ഥകൾ പഠിക്കാൻ സി.പി.ഐ മന്ത്രിമാരടക്കം ഉൾപ്പെടുന്ന ഉപസമിതി എൽ.ഡി.എഫ് യോഗത്തിലുണ്ടാക്കാമെന്നുമുള്ള സി.പി.എം സെക്രട്ടേറിയറ്റിന്റെ ഫോർമുലയാണ് മുന്നോട്ടുവെച്ചത്.
ദേശീയ നേതൃത്വം തന്നെ പൂർണ പിന്തുണ അറിയിച്ചതിനാൽ പദ്ധതിയിൽ നിന്ന് പിൻവാങ്ങുക എന്നതിൽ കുറഞ്ഞതൊന്നും സി.പി.ഐ അംഗീകരിക്കില്ലെന്ന് ബിനോയ് വ്യക്തമാക്കി. കേരളത്തിന്റെ വിദ്യാഭ്യാസ മേഖലക്കുള്ള 1500 കോടിയോളം രൂപ തടഞ്ഞുവെച്ചതാണ് പദ്ധതിയിൽ ഒപ്പുവെക്കാനുള്ള സാഹചര്യം സൃഷ്ടിച്ചതെന്ന് മുഖ്യമന്ത്രി പറഞ്ഞെങ്കിലും പണത്തിന്റെയല്ല നിലപാടിന്റെ പ്രശ്നമാണിതെന്നായിരുന്നു ബിനോയ് വിശ്വത്തിന്റെ മറുപടി.
ഭരണമുന്നണിയിലെ രണ്ടാമത്തെ കക്ഷിതന്നെ മന്ത്രിസഭ യോഗത്തിൽ നിന്ന് വിട്ടുനിൽക്കുന്ന സാഹചര്യം തദ്ദേശ, നിയമസഭ തെരഞ്ഞെടുപ്പുകൾ അടുത്ത സാഹചര്യത്തിൽ സർക്കാറിന് കടുത്ത പ്രതിസന്ധിയാണ്.
പദ്ധതികൾ നടപ്പാക്കുന്നതിനാണ് സർക്കാറെന്നും മുടക്കുന്നവരുടെ കൂടെയല്ലെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തിന്റെ സാന്നിധ്യത്തിൽ പുന്നപ്ര-വയലാർ സമരത്തിന്റെ വാർഷിക ദിനാചരണ സമാപനസമ്മേളനത്തിലായിരുന്നു മുഖ്യമന്ത്രിയുടെ പരോക്ഷ വിമർശനം.
പി.എം ശ്രീ സംബന്ധിച്ച് സി.പി.ഐ ഉന്നയിച്ച പ്രശ്നങ്ങൾക്ക് പരിഹാരമായില്ലെന്ന് സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. സംസ്ഥാന എക്സിക്യൂട്ടിവ്, സെക്രട്ടേറിയറ്റ്, മുഖ്യമന്ത്രിയുമായുള്ള ചർച്ച എന്നിവക്കുശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.ബാക്കി കാര്യങ്ങൾ അടുത്ത ഘട്ടത്തിൽ തീരുമാനിക്കും. നവംബർ നാലിന് സംസ്ഥാന കൗൺസിൽ യോഗം ചേരും. അടുത്ത നടപടി ദേശീയ നേതൃത്വവുമായി ഉൾപ്പെടെ ആലോചിക്കേണ്ടതുണ്ട്. മന്ത്രിസഭ യോഗത്തിൽനിന്നും എൽ.ഡി.എഫ് യോഗത്തിൽനിന്നും വിട്ടുനിൽക്കാൻ തീരുമാനിച്ചിട്ടുണ്ടോയെന്ന ചോദ്യത്തോട് അദ്ദേഹം പ്രതികരിച്ചില്ല. കാര്യങ്ങൾ യഥാസമയം അറിയിക്കാമെന്ന് മാത്രമായിരുന്നു മറുപടി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.