തിരുവനന്തപുരം: സംസ്ഥാനത്തെ കോവിഡ് നിയന്ത്രണങ്ങൾ വിലയിരുത്താൻ ഇന്ന് അവലോകന യോഗം ചേരും. ഞായറാഴ്ച ലോക്ക് ഡൗൺ, രാത്രി കര്‍ഫ്യൂ എന്നിവ തുടരുന്ന കാര്യത്തില്‍ യോഗത്തിൽ തീരുമാനമുണ്ടാകും. നിപ സാഹചര്യവും യോഗം വിലയിരുത്തും.
മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ഉച്ചക്ക് മൂന്നരക്കാണ് കോവിഡ് അവലോകന യോഗം ചേരുക. മുഖ്യമന്ത്രി കഴിഞ്ഞ ദിവസം വിളിച്ച യോഗത്തിൽ ഞായറാഴ്ച ലോക്ക് ഡൗണും രാത്രി കര്‍ഫ്യൂവും പിൻവലിക്കാമെന്ന് രാജ്യത്തെ പല വിദഗ്ധരും നിർദ്ദേശിച്ചിരുന്നു. ഈ സാഹചര്യത്തിലാകും സർക്കാർ ഇളവുകളിൽ തീരുമാനമെടുക്കുന്നത്. ഓണാഘോഷത്തിന്റെ ഭാഗമായി കോവിഡ് ബാധിതരുടെ എണ്ണം കുതിച്ചുയർന്നേക്കുമെന്ന ഭീതിയിലാണ് നിയന്ത്രണങ്ങൾ കടുപ്പിച്ചത്. എന്നാൽ, പ്രതീക്ഷിച്ചത്ര രോഗ വ്യാപനമുണ്ടായില്ല. നിയന്ത്രണങ്ങളിൽ ഇളവു നൽകണമെന്നാണ് കഴിഞ്ഞയാഴ്ച വിവിധ മേഖലയിലെ വിദഗ്ധരുമായി മുഖ്യമന്ത്രി നടത്തിയ കൂടിയാലോചനയിൽ പലരും ചൂണ്ടിക്കാട്ടിയത്.
സ്കൂളുകള്‍ തുറക്കുന്നത് പരിശോധിക്കാനുള്ള വിദ്ഗധ സമിതിയെക്കുറിച്ചും യോഗം ചർച്ച ചെയ്യും. ഒരാഴ്ചത്തെ ശരാശരി രോഗ സ്ഥിരീകരണ നിരക്ക് 17.91 ശതമാനമായി കുറഞ്ഞിട്ടുണ്ട്. കഴിഞ്ഞ നാല് ദിവസമായി നിരക്ക് കുറയുന്ന പ്രവണതയാണ് കാണിക്കുന്നതും. ആശുപത്രികളിൽ ചികിത്സയിലുള്ളവരുടെ എണ്ണവും കുറഞ്ഞിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.