കോവിഡ് 19 വ്യാപകമായതോടെ സംസ്ഥാനത്തെ മെഡിക്കൽ കോളജുകളിലും പ്രധാന ആശുപത്രികളിലുമായി മാറ്റിവെച്ചത് നൂറുകണക്കിന് ശസ്ത്രക്രിയകൾ. ഒന്നര മാസത്തിലധികമായി അടിയന്തര സ്വഭാവത്തിലുള്ളതല്ലാത്ത ശസ്ത്രക്രിയകൾ നടക്കുന്നില്ല. കോട്ടയം മെഡിക്കൽ കോളജിൽ 7000 ലധികം ശസ്ത്രക്രിയകളാണ് മാറ്റിയത്. കോഴിക്കോട് 1500 എണ്ണം മാേറ്റണ്ടി വന്നു. തിരുവനന്തപുരത്ത് ശസ്ത്രക്രിയകൾ പകുതിയായി. കോവിഡ് ഭീതി അകന്നതോടെ തൃശൂർ ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിലും അമല, ജൂബിലി മെഡിക്കൽ കോളജുകളിലും ആലപ്പുഴ മെഡിക്കൽ കോളജിലും ശസ്ത്രക്രിയ പുനരാരംഭിച്ചു.
കോട്ടയത്ത് മാസം ശരാശരി 4500 മുതൽ 4700 വരെ ശസ്ത്രക്രിയകളാണ് നടന്നിരുന്നത്. 45 ദിവസത്തിനിടെ നടന്നത് ഒരു ഹൃദയം മാറ്റിവെക്കൽ അടക്കം 450 ശസ്ത്രക്രിയ. അതീവഗുരുതര കേസുകളൊന്നും മാറ്റിവെച്ചിട്ടില്ലെന്ന് മെഡിക്കൽ കോളജ് സൂപ്രണ്ടും ഹൃദയ ശസ്ത്രക്രിയ വിഭാഗം മേധാവിയുമായ േഡാ.ടി.കെ.ജയകുമാർ പറഞ്ഞു. കാൻസർ ശസ്ത്രക്രിയ വിഭാഗം പ്രവർത്തിക്കുന്നുണ്ട്.
കോഴിക്കോട് മെഡിക്കൽ കോളജിൽ 1500 ഓളം ശസ്ത്രക്രിയ മാറ്റി. ദിവസവും ശരാശരി 75 ശസ്ത്രക്രിയകളുടെ സ്ഥാനത്ത് 25 എണ്ണം മാത്രമാണ് നടക്കുന്നതെന്ന് സൂപ്രണ്ട് ഡോ. സജീത് കുമാർ പറഞ്ഞു. എല്ലാ വിഭാഗങ്ങളിലെയും അടിയന്തര ശസ്ത്രക്രിയകൾക്കൊപ്പം കാൻസർ ശസ്ത്രക്രിയകളും മുടങ്ങാതെ നടക്കുന്നു. അസ്ഥിരോഗ വിഭാഗത്തിൽ ശസ്ത്രക്രിയകൾ മാേറ്റണ്ടി വന്നിട്ടില്ല. നിലവിൽ ദിവസവും നടക്കുന്നതിൽ 15ഓളം മേജർ ശസ്ത്രക്രിയകളാണ്.
തിരുവനന്തപുരത്ത് കോവിഡിന് മുമ്പ് പ്രതിദിനം ശരാശരി 50-60 ശസ്ത്രക്രിയകളായിരുന്നെങ്കിൽ അടിയന്തര സ്വഭാവമുള്ളവക്കായി പരിമിതപ്പെടുത്തിയപ്പോൾ 20-25 എണ്ണമായി കുറഞ്ഞു. രണ്ട് മാസത്തേക്ക് ഇവയിൽ അധികവും മാറ്റിവെച്ച് തീയതി നൽകി. അർബുദവുമായി ബന്ധപ്പെട്ടവ നടക്കുന്നുണ്ട്. പുതിയ സാഹചര്യത്തിൽ ഒ.പി സമയം കൂട്ടി.
തൃശൂരിൽ മുളങ്കുന്നത്തുകാവ് മെഡിക്കൽ കോളജ് ആശുപത്രിയിൽ 180 ഉം ജൂബിലി ആശുപത്രിയിൽ നൂറോളവും ശസ്ത്രക്രിയകളാണ് മാറ്റിവെച്ചത്. ജൂബിലിയിൽ അടിയന്തര പ്രാധാന്യമുള്ള എല്ലാ ശസ്ത്രക്രിയകളും നടത്തിയെന്ന് ഡയറക്ടർ ഫാ. ഫ്രാൻസിസ് പള്ളിക്കുന്നത്ത് അറിയിച്ചു. അമലയിൽ തൊണ്ടയിൽ ജീവനുള്ള മത്സ്യം കുരുങ്ങിയതിനെ പുറത്തെടുത്തതടക്കമുള്ള നിർണായക ശസ്ത്രക്രിയകൾ ഇൗ കാലത്താണ് നടന്നത്.
കൊല്ലം പാരിപ്പള്ളിയിൽ പൂർണശ്രദ്ധ കോവിഡ് ചികിത്സയിലാണ്. ഫാർമസിസ്റ്റിെൻറ മകന് കോവിഡ് സ്ഥിരീകരിച്ചതോടെ ഒ.പി നിർത്തി. അത്യാഹിതവിഭാഗങ്ങളിലേക്ക് വരുന്ന രോഗികളെ ചികിത്സിക്കാൻ പ്രത്യേക സംഘമുണ്ട്. വെൻറിലേറ്ററിലും ട്രോമ കെയറിലും രോഗികളെ പ്രവേശിപ്പിക്കുന്നുണ്ടെന്ന് ആശുപത്രി സൂപ്രണ്ട് ഡോ. ഹബീബ് പറഞ്ഞു. ഇപ്പോൾ 12 കോവിഡ് രോഗികൾ ചികിത്സയിലുണ്ട്. കോവിഡ് ചികിത്സാ കേന്ദ്രമായ കളമശ്ശേരി മെഡിക്കൽ കോളജിലേക്ക് വന്ന മുഴുവൻ രോഗികളെയും എറണാകുളം ജനറൽ ആശുപത്രിയിലേക്ക് മാറ്റിയതായി സൂപ്രണ്ട് പീറ്റർ വാഴയിൽ പറഞ്ഞു. അവിടെ സമയബന്ധിതമായി ചികിത്സ നൽകുന്നുണ്ട്. അടിയന്തിര ശസ്ത്രക്രിയകൾ മുടങ്ങുകയോ മാറ്റിവെക്കുകയോ ചെയ്യേണ്ട സാഹചര്യം ഉണ്ടായിട്ടില്ലെന്നും സൂപ്രണ്ട് അറിയിച്ചു.
ഇടുക്കിയിൽ 70ഓളം ശസ്ത്രക്രിയകളാണ് നീട്ടിവെച്ചത്. ഡോക്ടർമാരടക്കം ജീവനക്കാർക്ക് ഡ്യൂട്ടിയും നിരീക്ഷണവും ആനുപാതികമായി അനുവദിച്ച് ഐസൊലേഷൻ വാർഡിൽ ജാഗ്രത ഉറപ്പാക്കുകയായിരുന്നെന്ന് അൽഅസ്ഹർ മെഡിക്കൽ കോളജ് കമ്യൂണിറ്റി മെഡിസിൻ വിഭാഗം അസോസിയേറ്റ് പ്രഫസർ ഡോ.എസ്.വിവേക് പറഞ്ഞു. സർക്കാർ മാനദണ്ഡങ്ങൾ പാലിച്ച് സേവനമെന്ന നിലയിൽ സൗകര്യമൊരുക്കുകയായിരുന്നുവെന്ന് ഗ്രൂപ്പ് മാനേജിങ് ഡയറക്ടർ കെ.എം.മിജാസ് പറഞ്ഞു.
മഞ്ചേരിയിൽ മാറ്റിവെച്ചത് 100ലധികം ശസ്ത്രക്രിയകളാണ്. മറ്റുചികിത്സകളും വിവിധ ആശുപത്രികളിലേക്ക് മാറ്റി.
കണ്ണൂരില്‍ നിലവില്‍ എമര്‍ജന്‍സി കേസുകളില്‍ മാത്രമാണ് പ്രവേശനം. ഭൂരിഭാഗവും ഐസോലേഷന് വാര്ഡുകളാക്കിയതിനാലാണിത്. കോവിഡ് ഒ.പി രാവിലെ എട്ട് മുതല്‍ 10 വരെ മാത്രമാക്കി.
അടിയന്തിര ഘട്ടങ്ങളില്‍ മാത്രമാണ് ശസ്ത്രക്രിയ. നേരത്തെ നിശ്ചയിച്ചതും അടിയന്തിരമായി ആവശ്യമുള്ളതുമായ ശസ്ത്രക്രിയകള്‍ ഹൃദ്രോഗവിഭാഗത്തില്‍ നടക്കുന്നുണ്ട്.
കോവിഡ് -19 നിയന്ത്രണങ്ങളുടെ ഭാഗമായി മാറ്റിയ ശസ്ത്രക്രിയകൾ മെഡിക്കൽ കോളജിൽ പുനരാരംഭിച്ചു. അർബുദ സംബന്ധമായ ശസ്ത്രക്രിയകളാണ് പ്രധാനമായും പുനരാരംഭിച്ചത്. ആലപ്പുഴയിൽ അടിയന്തര ശസ്ത്രക്രിയകൾ നടന്നു.
വലിയ തോതിൽ മാറ്റിവെക്കേണ്ടിവന്നിട്ടില്ലെന്ന് ആശുപത്രി അധികൃതർ പറഞ്ഞു. ചൊവ്വാഴ്ച മുതൽ രോഗികളും ശസ്ത്രക്രിയയും വർധിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.